അബുദാബി : ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റിലെ വീഴ്ചകൾക്കെതിരെ ശക്തമായ നടപടിയുമായി യു.എ.ഇ മാനവ വിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയം. നിയമ ലംഘനങ്ങളുടെ പേരിൽ രണ്ടു ഗാർഹിക തൊഴിലാളി ഏജൻസികളുടെ ലൈസൻസ് മന്ത്രാലയം റദ്ദാക്കി.
എമിറേറ്റ്‌സ് ഇന്റർനാഷണൽ സെന്റർ ഫോർ ഡൊമസ്റ്റിക് വർക്കേഴ്‌സ് സർവീസസ്, അൽ ഷംസി ഓഫീസ് ഫോർ ഗാർഹിക തൊഴിലാളി സേവനങ്ങൾ എന്നീ രണ്ട് ഏജൻസികളുടെ ലൈസൻസാണ് റദ്ദ് ചെയ്തത്. രണ്ടു സ്ഥാപനങ്ങളുടെയും ഉടമകൾക്ക് അവരുടെ ജീവനക്കാരുമായുള്ള പ്രശ്‌നങ്ങൾ പരിഹരിക്കാനും അവരോടുള്ള ബാധ്യതകൾ നിറവേറ്റാനും മന്ത്രാലയം ഉത്തരവിട്ടു. ലൈസൻസ് റദ്ദാക്കുന്ന തീയതി വരെ കമ്പനികൾ കുടിശ്ശിക വരുത്തിയ പിഴ അടക്കാനും നിർദേശിച്ചിട്ടുണ്ട്.
ഓഫീസുകളുടെ നിയമ ലംഘനങ്ങളിൽ ആവശ്യമായ നടപടി സ്വീകരിക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അറിയിപ്പ് നൽകിയിരുന്നു. നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കുമെന്ന് അധികൃതർ ഉറപ്പാക്കുകയും ലംഘനങ്ങൾ നടത്തിയതായി തെളിയിക്കപ്പെട്ട ഏതെങ്കിലും ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് ഏജൻസിക്കെതിരെ നിയമപരമായ നടപടിക്രമങ്ങൾ പ്രയോഗിക്കുന്നതിൽ മൃദുലത കാണിക്കില്ലെന്നും ഊന്നിപ്പറയുകയും ചെയ്തു.
ഗാർഹിക തൊഴിലാളികളെ നിയമിക്കുമ്പോൾ അംഗീകൃതവും ലൈസൻസുള്ളതുമായ ഓഫീസുകളെ മാത്രം ആശ്രയിക്കാൻ താമസക്കാരോട് മന്ത്രാലയം ആഹ്വാനം ചെയ്തു. മലയാളികളടക്കം ഒട്ടേറെ ഇന്ത്യക്കാരും ബംഗ്ലാദേശ്, ഇന്തോനീഷ്യ, ശ്രീലങ്ക തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളിലെ സ്ത്രീകളുമാണ് യു.എ.ഇ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ മുഖ്യമായും ഗാർഹിക ജോലി ചെയ്യുന്നത്. ഇവർക്ക് അതാത് രാജ്യത്തിന്റെ കോൺസുലേറ്റുകളും പ്രത്യേക പരിരക്ഷ നൽകുന്നു.