ജിദ്ദ : ഈ വർഷം രണ്ടാം പാദത്തിൽ 19,000 ലേറെ സൗദി ജീവനക്കാരെ സ്വകാര്യ സ്ഥാപനങ്ങൾ പിരിച്ചുവിട്ടതായി ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസ് കണക്കുകൾ വ്യക്തമാക്കുന്നു. ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിൽ 19,237 സൗദി ജീവനക്കാരെ കാലാവധി പൂർത്തിയായ തൊഴിൽ കരാറുകൾ പുതുക്കാതെ സ്ഥാപനങ്ങൾ പിരിച്ചുവിടുകയായിരുന്നു. ഇക്കൂട്ടത്തിൽ 50 ശതമാനത്തോളം പേർക്ക് തൊഴിൽ കരാറുകൾ പുതുക്കാൻ തൊഴിലുടമകൾ ഇഷ്ടപ്പെടാത്തതിനാലാണ് ജോലി നഷ്ടപ്പെട്ടത്. 9,605 സ്വദേശികൾക്ക് ഈ രീതിയിൽ തൊഴിൽ നഷ്ടപ്പെട്ടു. തൊഴിലാളികളും തൊഴിലുടമകളും പരസ്പര ധാരണയിലെത്തി 7,265 പേരുടെ തൊഴിൽ കരാറുകൾ പുതുക്കിയില്ല. തൊഴിലാളികളുടെ താൽപര്യ പ്രകാരം 2,367 പേരുടെ തൊഴിൽ കരാറുകളും രണ്ടാം പാദത്തിൽ പുതുക്കിയില്ല.
കാലാവധി അവസാനിച്ച ശേഷം തൊഴിൽ കരാറുകൾ പുതുക്കാതെ ജോലി നഷ്ടപ്പെട്ടവരിൽ 64.5 ശതമാനം വനിതകളാണ്. 12,395 സൗദി വനിതകൾക്കും 6,842 സ്വദേശി പുരുഷന്മാർക്കും രണ്ടാം പാദത്തിൽ തൊഴിൽ കരാറുകൾ പുതുക്കാത്തതിനാൽ ജോലി നഷ്ടപ്പെട്ടതായും ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസ് കണക്കുകൾ വ്യക്തമാക്കുന്നു.
സ്വദേശികൾക്ക് തൊഴിൽ പരിശീലനം നൽകാൻ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം കഴിഞ്ഞ ദിവസം 25 കരാറുകൾ ഒപ്പുവെച്ചിരുന്നു. വിഷൻ 2030, ദേശീയ പരിവർത്തന പ്രോഗ്രാം ലക്ഷ്യങ്ങൾ കൈവരിക്കാൻ സാധിക്കുന്ന നിലക്ക് സ്വദേശികൾക്കുള്ള തൊഴിലവസരങ്ങൾ വർധിപ്പിക്കാനും സൗദി യുവതീയുവാക്കളെ ശാക്തീകരിക്കാനും പരിചയസമ്പത്ത് കൈമാറ്റത്തിനും മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ കരാറുകൾ ഒപ്പുവെച്ചത്. സൗദി ഓർഗനൈസേഷൻ ഫോർ ചാർട്ടേർഡ് ആന്റ് പ്രൊഫഷനൽ അക്കൗണ്ടന്റ്‌സുമായും സൗദി ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഇന്റേണൽ ഓഡിറ്റേഴ്‌സുമായും സൗദിവൽക്കരണത്തിന് കരാറുകൾ ഒപ്പുവെച്ചു. അക്കൗണ്ടിംഗ്, ഇന്റേണൽ ഓഡിറ്റിംഗ് മേഖലകളിൽ സൗദി തൊഴിലാളികളുടെ ശേഷികൾ പരിപോഷിപ്പിക്കാനും, ലക്ഷ്യമിടുന്ന തൊഴിലുകളുമായി പൊരുത്തപ്പെടുന്ന, പ്രത്യേക അക്കാദമികൾ നൽകുന്ന പരിശീലന പരിപാടികളിലൂടെ സ്വദേശികളുടെ പ്രൊഫഷനൽ, സാങ്കേതിക കഴിവുകൾ വികസിപ്പിക്കാനും കരാറുകളിലൂടെ ഉന്നമിടുന്നു.