റിയാദ് : സൗദിവല്‍ക്കരണ തീരുമാനങ്ങളും തൊഴില്‍ നിയമങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ മധ്യറിയാദില്‍ പ്രവര്‍ത്തിക്കുന്ന ഷോപ്പിംഗ് മാളുകളില്‍ റിയാദ് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയ ശാഖക്കു കീഴിലെ നിരീക്ഷണ സംഘങ്ങള്‍ ശക്തമായ പരിശോധനകള്‍ നടത്തി. റിയാദ് പ്രവിശ്യ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയ ശാഖാ അസിസ്റ്റന്റ് ഡയറക്ടര്‍ മാജിദ് അല്‍മുതൈരി, റിയാദ് ലേബര്‍ ഓഫീസ് മേധാവി സൗദ് അല്‍ശലവി, റിയാദ് പ്രവിശ്യ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയ ശാഖയില്‍ സൂപ്പര്‍വൈസിംഗ് മേധാവി മുഹമ്മദ് അല്‍അനസി എന്നിവര്‍ റെയ്ഡില്‍ പങ്കാളിത്തം വഹിച്ചു.
സൗദിവല്‍ക്കരണ തീരുമാനങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും നിയമ ലംഘനങ്ങള്‍ കണ്ടെത്തി നടപടികള്‍ സ്വീകരിക്കാനും തൊഴില്‍ വിപണി മെച്ചപ്പെടുത്താനും ശ്രമിച്ച് റിയാദിലെ മുഴുവന്‍ ഡിസ്ട്രിക്ടുകളിലും മറ്റു പ്രവിശ്യകളിലും വ്യാപാര സ്ഥാപനങ്ങളിലും സ്വകാര്യ സ്ഥാപനങ്ങളിലും നടത്തുന്ന റെയ്ഡുകളുടെ തുടര്‍ച്ചയെന്നോണമാണ് മധ്യറിയാദിലെ ഷോപ്പിംഗ് മാളുകളില്‍ പരിശോധനകള്‍ നടത്തിയതെന്ന് റിയാദ് പ്രവിശ്യ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയ ശാഖാ മേധാവി ഫവാസ് അല്‍മാലികി പറഞ്ഞു. സൗദിവല്‍ക്കരണ തീരുമാനങ്ങളും തൊഴില്‍ നിയമങ്ങളും ലംഘിക്കുന്ന സ്ഥാപനങ്ങളെ കുറിച്ച് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം പുറത്തിറക്കിയ ആപ്പ് വഴിയോ 19911 എന്ന നമ്പറില്‍ ബന്ധപ്പെട്ടോ റിപ്പോര്‍ട്ട് ചെയ്ത് എല്ലാവരും മന്ത്രാലയവുമായി സഹകരിക്കണമെന്ന് ഫവാസ് അല്‍മാലികി ആവശ്യപ്പെട്ടു.