ജിദ്ദ : അടുത്ത വർഷത്തെ ഹജിനും ഇന്ത്യയിൽനിന്ന് 1,75,025 പേർക്ക് അവസരം ഉണ്ടായിരിക്കുമെന്ന് ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് വെൽഫെയർ ആന്റ് പ്രസ് ഇൻഫർമേഷൻ കോൺസുൽ മുഹമ്മദ് ഹാഷിം പറഞ്ഞു. ജിദ്ദയിലെ ഷെറാട്ടൺ ഹോട്ടലിൽ മാധ്യമ പ്രവർത്തകർക്കായി സംഘടിപ്പിച്ച അത്താഴവിരുന്നിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സൗദി ഹജ്, ഉംറ മന്ത്രി എച്ച്.ഇ. ഡോ. തൗഫീഖ് അൽ റബീഅ കഴിഞ്ഞ ആഴ്ച ഇന്ത്യയിൽ ഔദ്യോഗിക സന്ദർശനം നടത്തിയ കാര്യവും അദ്ദേഹം എടുത്തുപറഞ്ഞു.
ജിദ്ദയിലെ ഇന്ത്യൻ സമൂഹത്തിന് വേണ്ടി കോൺസുലേറ്റ് മികച്ച സേവനമാണ് തുടരുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. ഇന്ത്യക്കാരുടെ മുന്നൂറോളം തൊഴിൽ സംബന്ധമായ പ്രശ്നങ്ങൾ ഈ വർഷം ഇതേവരെ പരിഹരിച്ചു. സ്പോൺസർമാർ ഒളിച്ചോടിയവരായി (ഹുറൂബ്) പ്രഖ്യാപിച്ച 3092 ഇന്ത്യക്കാരെ സ്വദേശത്തേക്ക് തിരിച്ചയക്കുന്നതിനും ഇഖാമ കാലഹരണപ്പെട്ട ഏകദേശം 2900 ഇന്ത്യക്കാരെ സഹായിക്കുന്നതിനും സാധിച്ചു. ദുരിതബാധിതരായ 400 ഓളം ഇന്ത്യക്കാരുമായി വെർച്വൽ മീറ്റിംഗുകൾ നടത്തി. ദുരിതമനുഭവിക്കുന്ന ഇന്ത്യക്കാരെ സഹായിക്കുന്നതിനായി ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ടിൽ നിന്ന് ഏകദേശം പതിനഞ്ച് ലക്ഷം രൂപ അനുവദിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട 1200 മരണ കേസുകളിൽ, 981 മൃതദേഹങ്ങളും ഇവിടെ തന്നെ മറവു ചെയ്യുന്നതിനുള്ള എൻ.ഒ.സി നൽകി. 219 പേരുടെ മൃതദേഹങ്ങൾ ഇന്ത്യയിലേക്ക് കൊണ്ടുപോകുന്നതിന് എൻ.ഒ.സി നൽകി. അഞ്ച് കോടിയിലധികം വരുന്ന തുക മരണ നഷ്ടപരിഹാരത്തിനും നിയമപരമായ സേവനാനന്തര ആനുകൂല്യങ്ങളും തീർപ്പാക്കാത്ത ശമ്പളവും നൽകാനും സഹായിച്ചു. ഇന്ത്യൻ തടവുകാരെ സഹായിക്കുന്നതിനും അവരുടെ ക്ഷേമത്തെക്കുറിച്ച് അന്വേഷിക്കുന്നതിനുമായി കോൺസുലേറ്റ് ജീവനക്കാർ 25 തവണ രാജ്യത്തെ വിവിധ ജയിലുകളിൽ സന്ദർശനം നടത്തിയെന്നും അദ്ദേഹം പറഞ്ഞു.
2023 ജനുവരി മുതൽ നവംബർ വരെ കോൺസുലേറ്റ് മൊത്തം 51,980 പാസ്പോർട്ടുകൾ നൽകി. കോൺസുലാർ സേവനം വർധിപ്പിക്കുന്നതിന്റെ ഭാഗമായി കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യ പ്രധാന നഗരങ്ങളിൽ പതിവായി കോൺസുലർ ടൂറുകൾ നടത്തി. നിരവധി ഓപ്പൺ ഹൗസ് സെഷനുകൾ സംഘടിപ്പിച്ചു. ദുരിതമനുഭവിക്കുന്ന ഇന്ത്യക്കാരുടെ പരാതികൾ ബോധിപ്പിച്ചു.
സാംസ്കാരിക പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട്, ഇന്ത്യൻ സമൂഹവുമായി സഹകരിച്ച്, കോൺസുലേറ്റ് ദീപാവലി ആഘോഷം, യൂണിറ്റി ഡേ ആഘോഷം, കളേഴ്സ് ഓഫ് ഇന്ത്യ, അനന്തോൽസവം 2023, ദേശീയ വിദ്യാഭ്യാസ ദിനം തുടങ്ങിയ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ഇന്തോ-സൗദി സാംസ്കാരിക ബന്ധം ശക്തിപ്പെടുത്തുന്നതിനായി കോൺസുലേറ്റും ഇന്ത്യൻ കമ്മ്യൂണിറ്റിയും സൗദി ഫ്രണ്ട്സ് ഓഫ് ഇന്ത്യയും ചേർന്ന് അടുത്ത വർഷം ജനുവരി 19 ന് ഇന്ത്യൻ സ്കൂൾ ജിദ്ദയിൽ ‘സൗദി-ഇന്ത്യ ഫെസ്റ്റിവൽ’ സംഘടിപ്പിക്കുമെന്നും കോൺസുൽ കോൺസൽ മുഹമ്മദ് ഹാഷിം പറഞ്ഞു.