അബുദാബി : രഹസ്യങ്ങള്‍ വെളിപ്പെടുത്തുന്നത് യു.എ.ഇയില്‍ കുറ്റകരമാണ്. നിയമലംഘകരെ കാത്തിരിക്കുന്നത് കുറഞ്ഞത് 150,000 ദിര്‍ഹം പിഴയാണ്.
ജനങ്ങളുടെ സ്വകാര്യത സംരക്ഷിക്കാന്‍ ഉദ്ദേശിച്ചുള്ള രാജ്യത്തെ നിയമത്തിന്റെ അടിസ്ഥാനത്തില്‍ (2021ലെ ഫെഡറല്‍ ഡിക്രി ലോ നമ്പര്‍ 34 ലെ ആര്‍ട്ടിക്കിള്‍ 44) കിംവദന്തികള്‍ പ്രചരിപ്പിക്കുന്നത് സംബന്ധിച്ചും സൈബര്‍ കുറ്റകൃത്യങ്ങളെക്കുറിച്ചുമുള്ള ചില വിശദാംശങ്ങള്‍ അബുദാബി ജുഡീഷ്യല്‍ അതോറിറ്റി ചൊവ്വാഴ്ച വിശദീകരിച്ചു.
സ്മാര്‍ട്ട് സാങ്കേതികവിദ്യകള്‍ ഇപ്പോള്‍ എല്ലാവര്‍ക്കും ലഭ്യമാകുന്നതിനാല്‍, ആളുകളുടെ സ്വകാര്യ ഇടവും അതിരുകളും എല്ലായ്‌പ്പോഴും മാനിക്കപ്പെടുന്നുവെന്ന് യു.എ.ഇ നിയമം ഉറപ്പാക്കുന്നു.
ഒരാള്‍ക്ക് മറ്റുള്ളവരുടെ സംഭാഷണങ്ങള്‍ റെക്കോര്‍ഡ് ചെയ്യാനോ പങ്കിടാനോ ചിത്രങ്ങള്‍ എടുക്കാനോ ശേഖരിക്കാനോ കഴിയില്ല, പ്രത്യേകിച്ച് അവരുടെ സമ്മതമില്ലാതെ.
ഒരാളുടെ സ്വകാര്യത ലംഘിക്കുന്ന ഇത്തരം കുറ്റകൃത്യങ്ങളില്‍ യു.എ.ഇ യാതൊരു സഹിഷ്ണുതയും കാണിക്കില്ല. കുറ്റവാളിക്ക് കുറഞ്ഞത് 150,000 ദിര്‍ഹം മുതല്‍ 500,000 ദിര്‍ഹം വരെ പിഴയും കൂടാതെ/അല്ലെങ്കില്‍ കുറഞ്ഞത് ആറ് മാസത്തേക്ക് ജയില്‍ വാസവും കിട്ടും. താഴെപ്പറയുന്ന കുറ്റങ്ങള്‍ ഇതില്‍പെടുന്നു:
ഒരു വ്യക്തിയെക്കുറിച്ചുള്ള വാര്‍ത്തകള്‍, ചിത്രങ്ങള്‍, അഭിപ്രായങ്ങള്‍ അല്ലെങ്കില്‍ സ്വകാര്യ വിവരങ്ങള്‍ അവന്റെ/അവളുടെ സമ്മതമില്ലാതെ പരസ്യമാക്കുക
ഒരു വ്യക്തിയെക്കുറിച്ചുള്ള സംഭാഷണങ്ങളും ഓഡിയോവിഷ്വല്‍ മെറ്റീരിയലുകളും റെക്കോര്‍ഡുചെയ്യുകയോ പ്രക്ഷേപണം ചെയ്യുകയോ വെളിപ്പെടുത്തുകയോ ചെയ്യുക
അപകടത്തില്‍ പരിക്കേറ്റവരുടെയോ മരിച്ചവരുടെയോ ഇരകളുടെയോ ഫോട്ടോ എടുത്ത് സമ്മതമില്ലാതെ പ്രസിദ്ധീകരിക്കുക
ഒരു വ്യക്തിയുടെ ജി.പി.എസ് ലൊക്കേഷന്‍ ട്രാക്ക് ചെയ്യുക
മറ്റൊരു വ്യക്തിയെ അപകീര്‍ത്തിപ്പെടുത്തുന്നതിനോ വ്രണപ്പെടുത്തുന്നതിനോ ഒരു വോയ്‌സ് നോട്ടോ ഫോട്ടോയോ ദൃശ്യമോ മാറ്റിമറിക്കുകയാണെങ്കില്‍ ശിക്ഷ കുറഞ്ഞത് ഒരു വര്‍ഷത്തെ തടവും കൂടാതെ/അല്ലെങ്കില്‍ 250,000 ദിര്‍ഹം മുതല്‍ 500,000 ദിര്‍ഹം വരെ പിഴയും ആയി ഉയര്‍ത്തുമെന്നും എ.ഡി.ജെ.ഡി പറഞ്ഞു.