മദീന : കിംഗ് അബ്ദുല്ല ബിൻ അബ്ദുൽ അസീസ് റോഡുമായി ബന്ധിക്കുന്ന കിംഗ് അബ്ദുൽ അസീസ് പാലം പൊതുജനങ്ങൾക്ക് മദീന മുനിസിപ്പാലിറ്റി തുറന്നുകൊടുത്തു. ഗതാഗതം സുഗമമാക്കുന്നതിനും റോഡുകളുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനുമാണ് പ്രധാന ജംഗ്ഷനുകളിലൊന്നായ ഇവിടെ നവീകരണം നടത്തിയത്.
കിംഗ് അബ്ദുല്ല റോഡിന് മുകളിൽ രണ്ട് പാലങ്ങൾ ഉൾപ്പെടുന്നതാണ് പദ്ധതി. ഓരോ ദിശയിലേക്കും മൂന്നുവരിപ്പാതയും ഒരു ബസ് പാതയും ഉണ്ട്. പാലത്തിന്റെ നിർമാണത്തിന് 30,000 ക്യുബിക് മീറ്റർ റെഡിമിക്‌സ്, 9000 ടൺ റീബാർ, 450 ടണ്ണിലധികം പ്രെസ്‌ട്രെസ്ഡ് ഇരുമ്പ്, 3000 ചതുരശ്ര മീറ്റർ കോൺക്രീറ്റ് ബാറുകൾ എന്നിവയാണ് ഉപയോഗിച്ചിരിക്കുന്നത്. പാലത്തിന് താഴെ 120 മീറ്ററിലധികം നീളമുള്ള നാലു സർവീസ് ക്രോസിംഗുകൾ സ്ഥാപിച്ചിട്ടുണ്ട്. ഗ്രാനൈറ്റ്, ബസാൾട്ട്, പ്രകൃതിദത്ത കല്ല് എന്നിവ കൊണ്ട് നിർമിച്ച 7750 മീറ്റർ ഹാർഡ്‌സ്‌കേപ്പും ഇതോടനുബന്ധിച്ചുണ്ട്. 3000 ത്തോളം മരങ്ങളും ചെടികളും നട്ടുപിടിപ്പിക്കാൻ 2700 മീറ്റർ ഭാഗത്ത് കൃഷിയോഗ്യമായ മണ്ണ് ഒരുക്കി. 36 ഇലക്ട്രിക് ലൈറ്റുകളും പാലത്തിന് താഴെ 112 ലൈറ്റുകളും സ്ഥാപിച്ചിരിക്കുന്നു.
പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് എയർപോർട്ടിന്റെയും ഹറമൈൻ ട്രെയിൻ സ്‌റ്റേഷന്റെയും കിഴക്ക് ഭാഗത്ത് നിന്ന് മസ്ജിദുന്നബവിയിലേക്ക് എത്തുന്നതിനുള്ള പ്രധാന ലിങ്കാണ് ഈ പാലം തുറന്നുകൊടുത്തതോടെ പൊതുജനങ്ങൾക്ക് ലഭ്യമായത്.
മദീന കിംഗ് അബ്ദുൽ അസീസ് പാലം തുറന്നുകൊടുത്തു
