അബുദാബി : മൂന്നു സെക്കന്റില്‍ നിരവധി ട്രാഫിക് നിയമലംഘനങ്ങള്‍ നടത്തിയ ഡ്രൈവറുടെ വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ യു.എ.ഇയില്‍ വൈറലായിരുന്നു. ഇതിന് പിന്നാലെ മുന്നറിയിപ്പുമായി അബുദാബി പോലീസ് രംഗത്തെത്തി.
അശ്രദ്ധയോടെ വാഹനമോടിച്ചാല്‍ 800 ദിര്‍ഹം പിഴയോടൊപ്പം നാലു ബ്ലാക്ക് പോയന്റുകളും ചുമത്തുമെന്ന് പോലീസ് പറഞ്ഞു. അബുദാബിയില്‍ റോഡിലെ നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞ വാഹനാപകടത്തിന്റെ വീഡിയോ സഹിതമാണ് പോലീസിന്റെ ഓര്‍മപ്പെടുത്തല്‍. വെറും മൂന്ന് സെക്കന്‍ഡിനകം ലെയ്ന്‍ തെറ്റിച്ച് വാഹനമോടിക്കുക, ചുവപ്പ് ലൈറ്റ് മറികടക്കുക തുടങ്ങിയ ഗുരുതര നിയമലംഘനങ്ങളാണ് ഡ്രൈവര്‍ നടത്തിയത്.
ശരിയായ ദിശയില്‍ സഞ്ചരിച്ചിരുന്ന മറ്റൊരു കാറിനെ അതിവേഗത്തില്‍ ഇടിക്കുന്നതും വീഡിയോയില്‍ വ്യക്തമായി പതിഞ്ഞിട്ടുണ്ട്. ചുവപ്പ് ലൈറ്റ് മറികടന്നതിന് 1000 ദിര്‍ഹം പിഴയും 12 ബ്ലാക്ക് പോയന്റുകളും ചുമത്തും. കൂടാതെ വാഹനം 30 ദിവസത്തേക്ക് കണ്ടുകെട്ടുകയും ചെയ്യും. അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗമുള്‍പ്പടെ റോഡുനിയമം തെറ്റിക്കുംവിധം പ്രവര്‍ത്തനങ്ങള്‍ പാടില്ല. എമിറേറ്റിലെ ഗതാഗത നിയമങ്ങള്‍ അനുസരിച്ച് കണ്ടുകെട്ടിയ വാഹനം വിട്ടുകിട്ടണമെങ്കില്‍ 50,000 പിഴ അടയ്ക്കുകയും വേണം. മൂന്ന് മാസത്തിനകം വാഹനം തിരിച്ചെടുത്തില്ലെങ്കില്‍ അവ ലേലത്തില്‍ വില്‍ക്കുമെന്നും പോലീസ് വ്യക്തമാക്കി.