റിയാദ് : തൊഴില്‍ ചെയ്യുന്ന സ്ഥാപനത്തില്‍ നിന്നോ തൊഴിലുടമയില്‍ നിന്നോ ഒളിച്ചോടുന്നവരും അനുമതിയില്ലാതെ ഇറങ്ങിപ്പോകുന്നവരും തൊഴിലുടമക്ക് മതിയായ നഷ്ടപരിഹാരം നല്‍കണമെന്ന് സൗദി ലേബര്‍ കോടതി ഉത്തരവ്. തൊഴിലുടമ തൊഴിലാളിയെ അന്യായമായി പിരിച്ചുവിട്ടാലും തൊഴിലാളി അന്യായമായി തൊഴില്‍ അവസാനിപ്പിച്ചാലും തൊഴില്‍ കരാര്‍ പ്രകാരമുള്ള അവകാശനിഷേധമായി അത് പരിഗണിക്കുമെന്നും ഇരകള്‍ക്ക് നഷ്ടപരിഹാരം ലഭിക്കാന്‍ അര്‍ഹതയുണ്ടെന്നും കോടതി പറഞ്ഞു. രോഗിയായ തനിക്ക് മതിയായ ചികിത്സ നല്‍കിയില്ലെന്നും കരാറിനപ്പുറം അമിതമായി ജോലി ചെയ്യിപ്പിച്ചുവെന്നും പറഞ്ഞ് തൊഴില്‍ സ്ഥാപനത്തില്‍ നിന്ന് അനുമതിയില്ലാതെ ഇറങ്ങിപ്പോയ മലയാളിയായ തൊഴിലാളിക്കെതിരെ റിയാദിലെ കമ്പനി നല്‍കിയ പരാതിയില്‍ നടന്ന വാദത്തിലാണ് കോടതി ഇങ്ങനെ വിധി പ്രസ്താവിച്ചത്. തൊഴില്‍ കരാര്‍ പ്രകാരം അവശേഷിക്കുന്ന കാലയളവിലെ ശമ്പളം അഥവാ 22300 റിയാല്‍ തൊഴിലാളി തൊഴിലുടമക്ക് നഷ്ടപരിഹാരമായി നല്‍കാനാണ് കോടതി വിധിച്ചത്.
രണ്ടു വര്‍ഷത്തേക്കുള്ള തൊഴില്‍ കരാര്‍ പ്രകാരം 1500 റിയാല്‍ ശമ്പളത്തിന് ഡ്രൈവറായാണ് മലയാളിയായ ഇദ്ദേഹം കമ്പനിയില്‍ പ്രവേശിച്ചത്. അമിതമായി ജോലി ചെയ്യിപ്പിക്കുന്നുവെന്ന് പറഞ്ഞ് ഒരു വര്‍ഷം പൂര്‍ത്തിയാകും മുമ്പേ ഇദ്ദേഹം കമ്പനിയില്‍ നിന്നിറങ്ങി. തൊഴില്‍ കരാര്‍ പ്രകാരം ഇനിയും ഒരു വര്‍ഷം കൂടി ജോലിയില്‍ തുടരേണ്ടതുണ്ട്. ജോലിയില്‍ തുടരാന്‍ താത്പര്യമില്ലെങ്കില്‍ 90 ദിവസത്തിനുള്ളില്‍ തൊഴിലുടമയെ അറിയിക്കണമെന്നതാണ് തൊഴില്‍ കരാറിലുളളത്. അതൊന്നും ചെയ്യാതെ ഒരു ദിവസം ഇദ്ദേഹം കമ്പനിയില്‍ നിന്നിറങ്ങുകയായിരുന്നു. കമ്പനി ആദ്യം ലേബര്‍ ഓഫീസിലും പിന്നീട് ലേബര്‍ കോടതിയിലും ഇദ്ദേഹത്തിനെതിരെ പരാതി നല്‍കി. യാതൊരു കാരണവും കാണിക്കാതെയാണ് ഇദ്ദേഹം കമ്പനി വിട്ടിറങ്ങിയതെന്നും അതിനാല്‍ ആര്‍ടിക്ള്‍ 77 പ്രകാരമുള്ള നഷ്ടപരിഹാരം വേണമെന്നുമാണ് കമ്പനി അഭിഭാഷകന്‍ മുഖേന കേസ് ഫയല്‍ ചെയ്തത്. രണ്ട് പ്രാവശ്യം സമന്‍സയച്ചിട്ടും ഇദ്ദേഹം വാദസമയത്ത് ഹാജറായതുമില്ല. തുടര്‍ന്ന് ആര്‍ടിക്ള്‍ 82 പാലിക്കാതെ കമ്പനി വിട്ടിറങ്ങിയതിനാല്‍ ആര്‍ടിക്ള്‍ 77 പ്രകാരം തൊഴില്‍ കരാറിലെ അവശേഷിക്കുന്ന കാലാവധിയിലെ ശമ്പളം അഥവാ 22300 റിയാല്‍ തൊഴിലാളി കമ്പനിക്ക് നല്‍കണമെന്ന് കോടതി ഉത്തരവിട്ടു. അപ്പീലിന് പോലും കോടതി അവസരം നല്‍കിയില്ല. പണം നല്‍കിയില്ലെങ്കില്‍ പത്ത് വര്‍ഷത്തെ യാത്ര വിലക്കുണ്ടാവും.
സ്‌പോണ്‍സറും കമ്പനികളും അടക്കമുള്ള തൊഴിലുടമകളുടെ കൂടെ ജോലി ചെയ്യുമ്പോള്‍ ഔദ്യോഗികമായി രാജിക്കത്ത് നല്‍കാതെ ഇറങ്ങിപ്പോകുന്നവര്‍ക്കുള്ള മുന്നറിയിപ്പാണ് ഇത്തരം വിധികള്‍. സ്‌പോണ്‍സര്‍ മര്‍ദ്ദിക്കുന്നുണ്ടെന്നും ശമ്പളം നല്‍കുന്നില്ലെന്നും അമിതമായി ജോലി ചെയ്യിക്കുന്നുണ്ടെന്നും പരാതിപ്പെട്ട് പലരും തൊഴിലിടങ്ങളില്‍ നിന്ന് യാതൊരു നോട്ടീസും നല്‍കാതെ ഇറങ്ങിപ്പോകുന്നുണ്ട്. ഇവരാണ് ഇത്തരം നിയമപടികള്‍ക്ക് വിധേയരാവുന്നത്. അടുത്തിടെ ഇത്തരം ധാരാളം വിധികള്‍ ലേബര്‍ കോടതിയില്‍ നിന്ന് വരുന്നുണ്ട്. തൊഴിലുടമ അന്യായമായി പിരിച്ചുവിട്ടാല്‍ തൊഴിലാളിക്ക് തൊഴില്‍ കരാര്‍ അവസാനിക്കുന്നത് വരെയുള്ള കാലത്തെ ശമ്പളം നഷ്ടപരിഹാരമായി ചോദിക്കാമെന്ന പോലെ തൊഴിലുടമക്ക് തിരിച്ചും ചോദിക്കാമെന്നാണ് സൗദിയിലെ തൊഴില്‍ നിയമം അനുശാസിക്കുന്നത്. തൊഴില്‍ കരാറിന്റെ കാലാവധിക്ക് മുമ്പേ ജോലി അവസാനിപ്പിക്കണമെന്നുണ്ടെങ്കില്‍ ഖിവ പ്ലാറ്റ്‌ഫോം വഴി തൊഴിലുടമക്ക് അപേക്ഷ നല്‍കാനും തൊഴില്‍ മന്ത്രാലയം ഇപ്പോള്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. രാജ്യത്തെ തൊഴില്‍നിയമത്തിലെ മാറ്റങ്ങള്‍ എല്ലാവരും മനസ്സിലാക്കണമെന്നും തൊഴിലിടങ്ങളില്‍ നിന്ന് അന്യായമായി ഒളിച്ചോടുന്നത് നിയമക്കുരുക്കിലാക്കുമെന്നും ഇത്തരം വിഷയങ്ങളില്‍ ഇടപെടുന്ന സമൂഹിക പ്രവര്‍ത്തകന്‍ സിദ്ദീഖ് തുവ്വൂര്‍ ഓര്‍മ്മിപ്പിച്ചു.