റിയാദ് : ലോകത്തെ ഏറ്റവും വലിയ വിനോദ, സാംസ്‌കാരിക, സ്‌പോർട്‌സ് കേന്ദ്രങ്ങളിൽ ഒന്നായി ആസൂത്രണം ചെയ്ത ഖിദിയ സിറ്റി മൂന്നേകാൽ ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് ഖിദിയ സിറ്റി അർബൻ പ്ലാൻ വ്യക്തമാക്കുന്നു. 360 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുള്ള ഖിദിയ സിറ്റിയിൽ 60,000 കെട്ടിടങ്ങൾ നിർമിക്കും. ഇവിടെ ആറു ലക്ഷത്തിലേറെ പേർക്ക് താമസസൗകര്യം ലഭിക്കും. സൗദി അറേബ്യയുടെ മൊത്തം ആഭ്യന്തരോൽപാദനത്തിലേക്ക് ഖിദിയ സിറ്റി പ്രതിവർഷം 135 ബില്യൺ റിയാൽ സംഭാവന ചെയ്യും. ആഗോള നിലവാരത്തിലുള്ള നിരവധി വിനോദ സഞ്ചാര കേന്ദ്രങ്ങളും അടയാളങ്ങളും അടങ്ങിയ ഖിദിയ സിറ്റിയിൽ പ്രതിവർഷം 4.8 കോടി സന്ദർശകരെ സ്വീകരിക്കാനാണ് ലക്ഷ്യമിടുന്നത്.
തലസ്ഥാന നഗരിയായ റിയാദിൽ നിന്ന് 40 മിനിറ്റ് ദൂരത്തിൽ തുവൈഖ് പർവതനിരക്ക് മധ്യത്തിലാണ് ഖിദിയ സിറ്റി സ്ഥിതി ചെയ്യുന്നത്. ഇ-ഗെയിമുകൾക്കുള്ള ലോകോത്തര കേന്ദ്രം, കാർ സ്‌പോർട്‌സിനുള്ള പ്രത്യേക ഏരിയ, രണ്ടു ഗോൾഫ് കോഴ്‌സുകൾ, ഫോർമുല 1 റേസിംഗ് ട്രാക്ക്, ലോകത്തെ ഏറ്റവും വലിയ ഒളിംപിക് മ്യൂസിയം അടങ്ങിയ ഫുട്‌ബോൾ സിറ്റി, സിക്‌സ് ഫ്ലാഗ്‌സ് അമ്യൂസ്‌മെന്റ് പാർക്ക്, വാട്ടർ തീം പാർക്ക്, 30 ലേറെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയെല്ലാം ഖിദിയ സിറ്റിയിൽ അടങ്ങിയിരിക്കുന്നു. ഇക്കൂട്ടത്തിൽ പെട്ട ആദ്യ പദ്ധതികൾ രണ്ടു വർഷത്തിനുള്ളിൽ ഉദ്ഘാടനം ചെയ്യും.
ഖിദിയ സിറ്റിയുടെ നഗരാസൂത്രണവും ആഗോള ബ്രാൻഡിംഗും കഴിഞ്ഞ ദിവസം കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പ്രഖ്യാപിച്ചിരുന്നു. സൗദി പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് നടപ്പാക്കുന്ന വൻകിട പദ്ധതികളിൽ ഒന്നാണിത്. 2019 ൽ ആരംഭിച്ച പദ്ധതി പ്രദേശത്തെ നിർമാണ ജോലികൾക്ക് ഇതിനകം ആയിരം കോടി റിയാൽ ചെലവഴിച്ചിട്ടുണ്ട്.