ജിദ്ദ : ഈ വര്‍ഷം സൗദി ബജറ്റില്‍ പെട്രോളിതര വരുമാനം സര്‍വകാല റെക്കോര്‍ഡ് സ്ഥാപിച്ചു. പെട്രോളിതര വരുമാനം 441 ബില്യണ്‍ റിയാലാണ്. ആകെ പൊതുവരുമാനത്തിന്റെ 37 ശതമാനം പെട്രോളിതര വരുമാനമാണ്. 2011 ല്‍ ഇത് ഏഴു ശതമാനം മാത്രമായിരുന്നു. വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായി വരുമാന സ്രോതസ്സുകളുടെ വൈവിധ്യവല്‍ക്കരണം ലക്ഷ്യമിട്ടുള്ള സാമ്പത്തിക പരിഷ്‌കരണങ്ങളുടെ ഫലമായാണ് പെട്രോളിതര വരുമാനത്തില്‍ വലിയ വളര്‍ച്ച കൈവരിക്കാന്‍ സാധിച്ചത്.
ഈ വര്‍ഷം പൊതുധനവിനിയോഗത്തിന്റെ 35 ശതമാനം പെട്രോളിതര മേഖലാ വരുമാനമാണ്. ഈ കൊല്ലം പൊതുധനവിനിയോഗം 1.275 ട്രില്യണ്‍ റിയാലാണ്. 2011 ല്‍ പൊതുധനവിനിയോഗത്തിന്റെ പത്തു ശതമാനം മാത്രമായിരുന്നു പെട്രോളിതര മേഖലാ വരുമാനം. കഴിഞ്ഞ വര്‍ഷങ്ങളില്‍ നടപ്പാക്കിയ സാമ്പത്തിക, ഘടനാ പരിഷ്‌കാരങ്ങള്‍ പെട്രോളിതര വരുമാന വളര്‍ച്ചക്ക് സഹായിച്ചു. സാമ്പത്തിക വളര്‍ച്ചക്ക് പിന്തുണ നല്‍കി പെട്രോളിതര വരുമാനം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. 2016 ല്‍ വിഷന്‍ 2030 പ്രഖ്യാപിച്ച ശേഷം എട്ടു വര്‍ഷത്തിനിടെ പട്രോളിതര വരുമാനം 165 ശതമാനം തോതില്‍ വര്‍ധിച്ചിട്ടുണ്ട്. 2015 ല്‍ പെട്രോളിതര വരുമാനം 166.3 ബില്യണ്‍ റിയാലായിരുന്നു. ഇതിനെ അപേക്ഷിച്ച് ഈ കൊല്ലം എണ്ണയിതര വരുമാനത്തില്‍ 275 ബില്യണ്‍ റിയാലിന്റെ വളര്‍ച്ച രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം പെട്രോളിതര വരുമാനം 411 ബില്യണ്‍ റിയാലായിരുന്നു. ഇതിനെ അപേക്ഷിച്ച് ഈ വര്‍ഷം പെട്രോളിതര വരുമാനം 7.3 ശതമാനം (30.1 ബില്യണ്‍ റിയാല്‍) തോതില്‍ വര്‍ധിച്ചു.
ഈ വര്‍ഷം പൊതുവരുമാനം 1.193 ട്രില്യണ്‍ റിയാലായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. നേരത്തെ ബജറ്റ് തയാറാക്കിയപ്പോള്‍ കണക്കാക്കിയതിനെക്കാള്‍ 5.6 ശതമാനം കൂടുതലാണിത്. പെട്രോളിതര വരുമാനം വര്‍ധിച്ചതാണ് പൊതുവരുമാനം ഉയരാന്‍ സഹായിച്ചത്. ഈ കൊല്ലം പൊതുധനവിനിയോഗം 1.275 ട്രില്യണ്‍ റിയാലായി ഉയരുമെന്ന് കണക്കാക്കുന്നു. ബജറ്റ് അംഗീകരിച്ചപ്പോള്‍ കണക്കാക്കിയതിലും 14.5 ശതമാനം കൂടുതലാണിത്. ആഗോള തലത്തില്‍ തുടരുന്ന പണപ്പെരുപ്പത്തില്‍ നിന്ന് പൗരന്മാര്‍ക്ക് സംരക്ഷണം നല്‍കാന്‍ ശ്രമിച്ച് സാമൂഹിക സുരക്ഷാ പദ്ധതികള്‍ക്കുള്ള ധനവിനിയോഗം വര്‍ധിപ്പിച്ചതും സ്വദേശികള്‍ക്കും വിദേശികള്‍ക്കും നല്‍കുന്ന സേവനങ്ങളുടെ നിലവാരം ഉയര്‍ത്താന്‍ ശ്രമം തുടരുന്നതുമാണ് പൊതുധനവിനിയോഗം വര്‍ധിക്കാന്‍ ഇടയാക്കിയത്.
പൊതുവരുമാനം അടുത്ത കൊല്ലം 1.172 ട്രില്യണ്‍ റിയാലും 2026 ല്‍ 1.259 ട്രില്യണ്‍ റിയാലും അടുത്ത വര്‍ഷം പൊതുധനവിനിയോഗം 1.251 ട്രില്യണ്‍ റിയാലും 2026 ല്‍ 1.368 ട്രില്യണ്‍ റിയാലുമാകുമെന്ന് പ്രതീക്ഷിക്കുന്നു. ഈ കൊല്ലത്തെ ബജറ്റില്‍ പ്രതീക്ഷിക്കുന്ന കമ്മി 82 ബില്യണ്‍ റിയാലാണ്. ഇത് മൊത്തം ആഭ്യന്തരോല്‍പാദനത്തിന്റെ രണ്ടു ശതമാനമാണ്. 2024 ല്‍ 79 ബില്യണ്‍ റിയാല്‍ കമ്മി പ്രതീക്ഷിക്കുന്നു. ഇത് ജി.ഡി.പിയുടെ 1.9 ശതമാനമാണ്.