റിയാദ് : സൗദി അറേബ്യയില്‍ വിപിഎന്‍ (വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്‌വര്‍ക്ക്) നിരോധിച്ചുവെന്നും ഉപയോഗിക്കുന്നവര്‍ക്ക് വന്‍തുക പിഴയും ജയില്‍ ശിക്ഷയും ലഭിക്കുമെന്നും വ്യാജപ്രചാരണം. വിപിഎന്‍ ഇന്‍സ്റ്റാള്‍ ചെയ്ത മൊബൈല്‍ ഫോണുകള്‍ പോലീസ് പിടിച്ചാല്‍ പത്ത് ലക്ഷം റിയാല്‍ പിഴയോ ഒരു വര്‍ഷം തടവോ രണ്ടുമൊന്നിച്ചോ ലഭിക്കുമെന്നും പ്രചരിക്കുന്നു. അടുത്തിടെ എക്‌സ് പ്ലാറ്റ്‌ഫോമില്‍ ഏതാനും സൈബര്‍ നിയമവിദഗ്ധര്‍ വിപിഎന്നുമായി ബന്ധപ്പെട്ടു നടത്തിയ ചര്‍ച്ചകളാണ് അഭ്യുഹങ്ങള്‍ക്കാധാരം.
നിലവില്‍ സൗദി അറേബ്യയില്‍ വിപിഎന്‍ ഉപയോഗം കുറ്റകരമാക്കുന്ന ഒരു നിയമവും ഇല്ലെന്നും സാമൂഹിക മാധ്യമങ്ങളിലെ വ്യാജ പ്രചാരണങ്ങളില്‍ വിശ്വസിക്കരുതെന്നും നിരോധന നിയമനിര്‍മാണം ഉണ്ടായാല്‍ ഔദ്യോഗിക അറിയിക്കുമെന്നും സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറിംഗ് സ്‌പെഷ്യലിസ്റ്റ് ഡോ. ഹസ്സാം അല്‍സബീഇ മലയാളം ന്യൂസിനോട് പറഞ്ഞു. ആര്‍ട്ടിക്കിള്‍ മൂന്നിലെ മൂന്നാം ഖണ്ഡിക പ്രകാരം ചാരപ്രവര്‍ത്തനം, നുഴഞ്ഞുകയറ്റം, ഹാക്ക് ചെയ്യല്‍ എന്നിവക്ക് വേണ്ടി സിസ്റ്റങ്ങളിലേക്ക് നിയമവിരുദ്ധമായി പ്രവേശിക്കാന്‍ പാടില്ല. ഈ നിയമപരിധിയിലാണ് വിപിഎന്നിനെ ചിലര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവിടെ നിയമം അനാവശ്യമായി വ്യാഖ്യാനിക്കുകയാണ്. ചില വിപിഎന്‍ ആപ്ലിക്കേഷനുകള്‍ വ്യക്തി വിവരങ്ങള്‍ ചോര്‍ത്തിയേക്കുമെന്ന് ഉപയോക്താക്കള്‍ മനസ്സിലാക്കണം. സൈറ്റുകളിലേക്കുള്ള പ്രവേശന നിരോധനം മറികടക്കാന്‍ ഒരേയൊരു സാങ്കേതിക വിദ്യ വിപിഎന്‍ അല്ലെന്ന് തിരിച്ചറിയുകയും വേണം. സൗദിയില്‍ വന്‍കിട കമ്പനികളെല്ലാം അവയുടെ ഡാറ്റകള്‍ ഹാക്കര്‍മാരില്‍ നിന്നും മറ്റും സംരക്ഷിക്കുന്നതിന് വിപിഎന്‍ ഉപയോഗിക്കുന്നുണ്ട്.
ഹാക്കിംഗ്, ട്രാക്കിംഗ് മുതലായവയില്‍ നിന്ന് മൊബൈല്‍ ഫോണടക്കമുള്ള ഉപകരണങ്ങളെ സംരക്ഷിക്കാന്‍ കമ്പനികള്‍ സുരക്ഷിത വിപിഎന്‍ നെറ്റ്‌വര്‍ക്ക് ഉപയോഗിക്കുന്നുണ്ട്. ഇത് നിയമവിരുദ്ധമായ പ്രവേശനം ആയി കണക്കാക്കില്ല. ഗൂഗ്ള്‍ ഉള്‍പ്പെടെയുള്ള മിക്ക ബ്രൗസറുകളും ഇത് ഉപയോഗിക്കാന്‍ ശുപാര്‍ശ ചെയ്യുന്നു. വിപിഎന്‍ മറ്റേതൊരു ഇന്റര്‍നെറ്റ് നെറ്റ്‌വര്‍ക്കിനെയും പോലെ ഒരു നെറ്റ്‌വര്‍ക്കാണ്. അതിന്റെ കമ്പനികള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്. കൂടാതെ ഒരു ഉഭയകക്ഷി കരാര്‍ പ്രകാരമാണ് ഉപയോക്താവ് അത് സബ്‌സ്‌ക്രൈബ് ചെയ്യുന്നത്. ചില ബ്രൗസറുകള്‍, ആന്റിവൈറസ് പ്രോഗ്രാമുകള്‍ മുതലായവയില്‍ വിപിഎന്‍ ഉള്‍പ്പെടുന്നുമുണ്ട്. അതിനാല്‍ സാമൂഹിക മാധ്യമങ്ങളില്‍ നടക്കുന്ന പ്രചാരണങ്ങളില്‍ വിശ്വസിക്കരുത്. ഇക്കാര്യത്തില്‍ പുതിയ നിയമനിര്‍മാണം ഉണ്ടാകുമ്പോള്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും സബീഇ പറഞ്ഞു.
എന്നാല്‍ മുഹമ്മദ് അല്‍വുഹൈബി പറയുന്നത് നിരോധിത സൈറ്റുകളിലേക്ക് വിപിന്‍ ഉപയോഗിച്ച് പ്രവേശിക്കുമ്പോള്‍ രാജ്യസുരക്ഷയെ ഹനിക്കല്‍, തീവ്രവാദ സംഘടനകളില്‍ ചേരല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയേക്കാമെന്നാണ്. മൂന്നാം ആര്‍ട്ടികഌന്റെ മൂന്നാം ഖണ്ഡിക പ്രകാരം അഡ്രസ് മാറ്റിയോ സൈറ്റില്‍ മാറ്റങ്ങള്‍ വരുത്തിയോ മറ്റോ നിയമവിരുദ്ധമായി വെബ്‌സൈറ്റുകളില്‍ കയറല്‍ കുറ്റകരമാണ്. ഈ നിയമങ്ങള്‍ ലംഘിച്ചാല്‍ ഒരു വര്‍ഷം തടവോ അഞ്ചുലക്ഷം റിയാല്‍ പിഴയോ രണ്ടുമൊന്നിച്ചോ അനുഭവിക്കേണ്ടിവരും. വിപിഎന്‍ ഈ പരിധിയില്‍ വരും. അദ്ദേഹം പറഞ്ഞു.
ഇത്തരം പ്രോഗ്രാമുകള്‍ ഉപയോക്താക്കള്‍ക്ക് അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുമെന്നും ഒഴിവാക്കുന്നതാണ് നല്ലതെന്നും മറ്റൊരു സാങ്കേതിക വിദഗ്ധന്‍ അബ്ദുല്ല അല്‍സബാ പറഞ്ഞു. അനധികൃതമായി വിപിഎന്‍ ഉപയോഗിക്കുന്നത് ആര്‍ട്ടിക്ള്‍ മുന്ന് പ്രകാരമുള്ള സൈബര്‍ കുറ്റകൃത്യമായി പരിഗണിക്കാമെന്ന് അഭിഭാഷകനും നിയമ വിദഗ്ധനുമായ ഹമൂദ് അല്‍നാജിം പറഞ്ഞു. വെബ്‌സൈറ്റിലേക്ക് അനധികൃതമായി പ്രവേശിക്കുന്നത് ഒരു വര്‍ഷം തടവോ അഞ്ചുലക്ഷം റിയാല്‍ പിഴയോ ലഭിക്കാവുന്ന ശിക്ഷയുടെ ഗണത്തില്‍ പെടും. അതുപയോഗിച്ച് ആരുടെയെങ്കിലും സ്വകാര്യ വിവരങ്ങളില്‍ പ്രവേശിച്ചാല്‍ അവര്‍ക്ക് കോടതിയെ സമീപിക്കാമെന്നും അദ്ദേഹം പറഞ്ഞു.