ജിദ്ദ : സ്വകാര്യ മേഖലാ ജീവനക്കാരുടെ സർവീസ് ആനുകൂല്യം ഒരാഴ്ചക്കകം വിതരണം ചെയ്യണമെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം. കാലയളവ് പ്രത്യേകം നിർണയിച്ച തൊഴിൽ കരാറാണെങ്കിലും അല്ലെങ്കിലും ജീവനക്കാർക്ക് സർവീസ് ആനുകൂല്യങ്ങൾ നൽകേണ്ടത് നിർബന്ധമാണ്. തൊഴിലാളിയാണ് കരാർ അവസാനിപ്പിക്കുന്നതെങ്കിൽ തൊഴുടമ പതിനഞ്ചു ദിവസത്തിനകം സർവീസ് ആനുകൂല്യവും വേതന, അലവൻസ് കുടിശ്ശികയും മറ്റും നിർണയിച്ച് വിതരണം ചെയ്യാൻ നടപടികൾ സ്വീകരിക്കണമെന്ന് വ്യവസ്ഥയുണ്ട്.
സർവീസ് ആനുകൂല്യം കണക്കാക്കാനുള്ള സംവിധാനം മാനവശേഷി, സാമൂഹിക വികസന മന്ത്രാലയ വെബ്‌സൈറ്റിൽ ലഭ്യമാണ്. മന്ത്രാലയ വെബ്‌സൈറ്റിൽ പ്രവേശിച്ച് ഇലക്‌ട്രോണിക് സേവനങ്ങൾ എന്ന ഐക്കൺ തെരഞ്ഞെടുത്ത് സർവീസ് ആനുകൂല്യം കണക്കാക്കുന്ന കാൽകുലേറ്റർ എന്ന ഐക്കണിൽ ക്ലിക്ക് ചെയ്ത് ആവശ്യമായ വിവരങ്ങൾ നൽകിയും തൊഴിൽ കരാർ ഇനം നിർണയിച്ചും കരാർ അവസാനിപ്പിക്കാനുള്ള കാരണം വ്യക്തമാക്കിയും വേതനവും സേവന കാലവും രേഖപ്പെടുത്തിയ ശേഷം കണക്കാക്കുക എന്ന ഐക്കണിൽ ക്ലിക്ക് ചെയ്താൽ നിമിഷങ്ങൾക്കകം സർവീസ് ആനുകൂല്യവുമായി ബന്ധപ്പെട്ട വിവരങ്ങൾ പ്രത്യക്ഷപ്പെടും.
നാലു സാഹചര്യങ്ങളിൽ സ്വകാര്യ മേഖലാ ജീവനക്കാർക്ക് സർവീസ് ആനുകൂല്യം നിഷേധിക്കപ്പെടും. രണ്ടു വർഷം പൂർത്തിയാകുന്നതിനു മുമ്പായി രാജിവെക്കൽ, പ്രൊബേഷൻ കാലത്ത് പിരിച്ചുവിടൽ, നിയമാനുസൃത കാരണമില്ലാതെ തുടർച്ചയായി പതിനഞ്ചു ദിവസം ജോലിയിൽ നിന്ന് വിട്ടുനിൽക്കൽ, നിയമാനുസൃത കാരണമില്ലാതെ ഒരു വർഷത്തിനിടെ പലതവണയായി 30 ദിവസം ജോലിയിൽ നിന്ന് വിട്ടുനിൽക്കൽ എന്നിവയാണവ.
ജോലിയിൽ നിന്ന് രാജിവെക്കുന്നവർക്കും സർവീസ് ആനുകൂല്യത്തിന് അവകാശമുണ്ട്. സ്വകാര്യ മേഖലാ ജീവനക്കാർ രണ്ടു വർഷത്തെ സർവീസ് പൂർത്തിയാക്കിയ ശേഷമാണ് രാജിവെക്കുന്നതെങ്കിൽ മൂന്നിലൊന്ന് സർവീസ് ആനുകൂല്യത്തിനാണ് അർഹതയുണ്ടാവുക. അഞ്ചു വർഷത്തെ സർവീസുള്ളവർക്ക് മൂന്നിൽ രണ്ട് സർവീസ് ആനുകൂല്യത്തിന് അവകാശമുണ്ടാകും. പത്തും അതിൽ കൂടുതലും സർവീസുള്ളവർ രാജിവെക്കുകയാണെങ്കിൽ അവർക്ക് പൂർണ തോതിലുള്ള സർവീസ് ആനുകൂല്യത്തിന് അവകാശമുണ്ടാകും.
സ്വന്തം നിയന്ത്രണത്തിലല്ലാത്ത കാരണങ്ങളാൽ ജോലി ഉപേക്ഷിക്കാൻ തൊഴിലാളികൾ നിർബന്ധിതരാകുന്ന സാഹചര്യങ്ങളിൽ ആദ്യത്തെ അഞ്ചു വർഷത്തെ സർവീസ് കാലത്തിന് കൊല്ലത്തിൽ അര മാസത്തെ ശമ്പളം വീതവും പിന്നീടുള്ള കാലത്തിന് വർഷത്തിന് ഒരു മാസത്തെ ശമ്പളം വീതവുമാണ് സർവീസ് ആനുകൂല്യമായി ലഭിക്കുക. സർവീസ് കാലത്തിൽ പെടുന്ന വർഷത്തിലെ ഭാഗങ്ങൾക്കും അതിനനുസൃതമായ സർവീസ് ആനുകൂല്യത്തിന് ജീവനക്കാർക്ക് അവകാശമുണ്ട്.
ഏറ്റവും അവസാനം കൈപ്പറ്റുന്ന അടിസ്ഥാന വേതനത്തിന്റെ അടിസ്ഥാനത്തിലാണ് സർവീസ് ആനുകൂല്യം കണക്കാക്കുക. ആദ്യത്തെ അഞ്ചു കൊല്ലത്തിന് അര മാസത്തെ വേതനം വീതവും പിന്നീടുള്ള ഓരോ കൊല്ലത്തിനും ഒരു മാസത്തെ വീതം വേതനവുമാണ് സർവീസ് ആനുകൂല്യമായി ലഭിക്കാൻ തൊഴിലാളികൾക്ക് അവകാശമുള്ളത്.