ജിദ്ദ : ഉഭയകക്ഷി സഹകരണം ശക്തമാക്കാൻ സൗദി അറേബ്യയും ഖത്തറും ധാരണയിലെത്തിയതായി ദോഹയിൽ ചേർന്ന സൗദി, ഖത്തർ ഏകോപന സമിതി എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ പ്രഥമ യോഗത്തിൽ ഖത്തർ വിദേശ മന്ത്രി മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം അൽഥാനിക്കൊപ്പം സംയുക്ത അധ്യക്ഷം വഹിച്ച് സൗദി വിദേശ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ പറഞ്ഞു. സൗദി, ഖത്തർ ഏകോപന സമിതി ജനറൽ സെക്രട്ടേറിയറ്റിലെ രണ്ടു കർമ സമിതികളുടെയും ഉപസമിതികളുടെയും പ്രവർത്തന റിപ്പോർട്ടുകളും തീരുമാനങ്ങളും അടുത്ത ഏകോപന സമിതി യോഗത്തിൽ ഒപ്പുവെക്കാനിരിക്കുന്ന ധാരണാപത്രങ്ങളും പദ്ധതികളും ഏകോപന സമിതി യോഗം അവലോകനം ചെയ്തു. ഖത്തറിലെ സൗദി അംബാസഡർ മൻസൂർ ബിൻ ഖാലിദ് രാജകുമാരൻ, വിദേശ മന്ത്രിയുടെ ഓഫീസ് ഡയറക്ടർ ജനറൽ അബ്ദുറഹ്മാൻ അൽദാവൂദ് എന്നിവർ ഏകോപന സമിതി യോഗത്തിൽ പങ്കെടുത്തു.