ദമാം – ബിനാമി ബിസിനസ് കേസ് പ്രതിയായ സൗദി പൗരന് ദമാം ക്രിമിനല്‍ കോടതി ഒരു ലക്ഷം റിയാല്‍ പിഴ ചുമത്തി. രാജ്യത്തെ നിയമങ്ങള്‍ ലംഘിച്ച് ദമാമില്‍ സ്വന്തം നിലയില്‍ ബിസിനസ് സ്ഥാപനം നടത്താന്‍ ബംഗ്ലാദേശുകാരന് കൂട്ടുനിന്ന മുഹമ്മദ് ബിന്‍ ഇബ്രാഹിം ബിന്‍ ജാസിം അല്‍ജാസിമിനെയാണ് കോടതി ശിക്ഷിച്ചത്.
മൊബൈല്‍ ഫോണുകളുടെയും ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങളുടെയും പ്രീ-പെയ്ഡ് മൊബൈല്‍ ഫോണ്‍ റീ-ചാര്‍ജ് കാര്‍ഡുകളുടെയും വില്‍പന, മൊബൈല്‍ ഫോണുകളുടെയും ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങളുടെയും റിപ്പയര്‍ മേഖലയിലാണ് സൗദി പൗരന്റെ ഒത്താശകളോടെ ബംഗ്ലാദേശുകാരന്‍ സ്വന്തം ബിസിനസ് സ്ഥാപനം നടത്തിയത്.
മാര്‍ക്കറ്റിംഗ് സ്‌പെഷ്യലിസ്റ്റ് പ്രൊഫഷനിലുള്ള വിസയില്‍ രാജ്യത്ത് കഴിയുന്ന വിദേശി തന്റെ പ്രൊഫഷന് നിരക്കാത്ത നിലക്ക് ഭീമമായ തുകയുടെ ബാങ്ക് ട്രാന്‍സ്ഫറുകള്‍ നടത്തിയതായും കണ്ടെത്തിയിരുന്നു.
സൗദി പൗരന്റെ പേരിലുള്ള കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷനും ലൈസന്‍സും റദ്ദാക്കാനും ബിസിനസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നതില്‍ നിന്ന് അഞ്ചു വര്‍ഷത്തേക്ക് വിലക്കേര്‍പ്പെടുത്താനും കോടതി ഉത്തരവിട്ടു. നിയമാനുസൃത സകാത്തും ഫീസുകളും നികുതികളും നിയമ ലംഘകനില്‍ നിന്ന് ഈടാക്കാനും വിധിയുണ്ട്.
സൗദി പൗരന്റെ പേരുവിവരങ്ങളും ഇദ്ദേഹം നടത്തിയ നിയമ ലംഘനവും ഇതിനുള്ള ശിക്ഷകളും നിയമ ലംഘകന്റെ ചെലവില്‍ പത്രത്തില്‍ പരസ്യപ്പെടുത്താനും കോടതി ഉത്തരവിട്ടു.