കുവൈത്ത് സിറ്റി : കുവൈത്ത് പൊതുമരാമത്ത് മന്ത്രാലയത്തില്‍നിന്ന് മൂന്നര വര്‍ഷത്തിനിടെ 283 വിദേശികളെ പിരിച്ചുവിട്ടതായി ബന്ധപ്പെട്ടവര്‍ വെളിപ്പെടുത്തി. 2020 മാര്‍ച്ച് ഒന്നു മുതല്‍ 2023 ഓഗസ്റ്റ് 17 വരെയുള്ള കാലത്താണ് ഇത്രയും വിദേശികളെ മന്ത്രാലയത്തില്‍ നിന്ന് പിരിച്ചുവിട്ടത്. നിലവില്‍ മന്ത്രാലയത്തില്‍ 242 വിദേശി ജീവനക്കാരുണ്ട്. സര്‍ക്കാര്‍ ജോലികള്‍ സ്വദേശിവല്‍ക്കരിക്കുന്നതുമായി ബന്ധപ്പെട്ട സിവില്‍ സര്‍വീസ് കൗണ്‍സില്‍ 11/ 2017 നമ്പര്‍ പ്രമേയത്തിലെ വകുപ്പുകള്‍ നടപ്പാക്കാന്‍ പൊതുമരാമത്ത് വകുപ്പ് പ്രതിജ്ഞാബദ്ധമാണ്.
മന്ത്രാലയത്തിലെയും അതിനു കീഴിലെ ഏജന്‍സികളിലെയും സ്വദേശിവല്‍ക്കരണ നിരക്ക് 100 ശതമാനത്തിലെത്തുന്നതു വരെ ഓരോ തൊഴില്‍ ഗ്രൂപ്പിനും നിശ്ചയിച്ചിട്ടുള്ള സ്വദേശിവല്‍ക്കരണ അനുപാതം അനുസരിച്ച് കുവൈത്തിവല്‍ക്കരണനയം നടപ്പാക്കുന്നതിന് നിരവധി നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. മേല്‍നോട്ട, നേതൃപദവികളില്‍ വിദേശികളെ നിയമിക്കരുതെന്ന കുവൈത്ത് മന്ത്രിസഭാ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ പൊതുമരാമത്ത് മന്ത്രാലയത്തില്‍ വിദേശികള്‍ സൂപ്പര്‍വൈസറി, നേതൃപദവികളൊന്നും വഹിക്കുന്നില്ലെന്നും ബന്ധപ്പെട്ടവര്‍ പറഞ്ഞു.