ജിസാൻ : ജിസാൻ പ്രവിശ്യയിലെ വാദി ലജബ് ദേശീയ പാർക്കും പ്രവിശ്യയിലെ മറ്റേതാനും ദേശീയ പാർക്കുകളും വികസിപ്പിക്കുന്നതിനെ കുറിച്ച് പഠിക്കാൻ പരിസ്ഥിതി, ജല, കൃഷി മന്ത്രാലയവും ടൂറിസം ഡെവലപ്‌മെന്റ് ഫണ്ടും നാഷണൽ സെന്റർ ഫോർ വെജിറ്റേഷൻ കവർ ഡെവലപ്‌മെന്റ് ആന്റ് കോമ്പാറ്റിംഗ് ഡെസർട്ടിഫിക്കേഷനും സഹകരണ കരാർ ഒപ്പുവെച്ചു. പരിസ്ഥിതി, ജല, കൃഷി മന്ത്രാലയത്തിൽ സാമ്പത്തിക, നിക്ഷേപകാര്യ വിഭാഗം അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഖാലിദ് അൽഅരീഫിയും ടൂറിസം ഡെവലപ്‌മെന്റ് ഫണ്ടിൽ റിയൽ എസ്റ്റേറ്റ് ഡെവലപ്‌മെന്റ് വിഭാഗം എക്‌സിക്യൂട്ടീവ് ഡയറക്ടർ ജനറൽ നവാഫ് അൽഅബ്ദുൽകരീമും നാഷണൽ സെന്റർ ഫോർ വെജിറ്റേഷൻ കവർ ഡെവലപ്‌മെന്റ് ആന്റ് കോമ്പാറ്റിംഗ് ഡെസർട്ടിഫിക്കേഷനിൽ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് സ്ട്രാറ്റജിക് പാർട്ണർഷിപ്പ് ആന്റ് ഇൻവെസ്റ്റ്‌മെന്റ് ഡയറക്ടർ ജനറൽ അഹ്മദ് അൽകുലൈബും ആണ് കരാറിൽ ഒപ്പുവെച്ചത്.
രാജ്യത്തെ നിയമങ്ങൾക്കും നിയമാവലികൾക്കും അനുസൃതമായി ടൂറിസം ഡെവലപ്‌മെന്റ് ഫണ്ട് പിന്തുണയോടെ വാദി ലജബ് ദേശീയ പാർക്ക് വികസിപ്പിക്കാനാണ് നീക്കം. ഗാബ സറഹ്, ഗാബ ശഹ്ദാൻ, വാദി ലജബ് ദേശീയ പാർക്കുകളുടെ ഭാഗങ്ങൾ വികസിപ്പിക്കുന്നതിനുള്ള ടൂറിസം, പരിസ്ഥിതി നിക്ഷേപ അവസരങ്ങളെ കുറിച്ച് കരാർ പ്രകാരം ടൂറിസം ഡെവലപ്‌മെന്റ് ഫണ്ട് പഠിക്കുകയും നിക്ഷേപകരെ ആകർഷിക്കുകയും ഓപ്പറേറ്റർമാർക്ക് യോഗ്യത കൽപിക്കുകയും വായ്പകൾക്കും നിക്ഷേപങ്ങൾക്കുഅനുയോജ്യമായ മികച്ച മാതൃകകൾ നിർണയിക്കുകയും ചെയ്യും.
പാരിസ്ഥിതിക പ്രവർത്തനങ്ങൾ, ഹോട്ടലുകൾ, റെസിഡൻഷ്യൽ യൂനിറ്റുകൾ, പരിസ്ഥിതി ക്യാമ്പുകൾ, റെസ്റ്റോറന്റുകൾ, കഫേകൾ, എന്റർടൈൻമെന്റ് സെന്ററുകൾ, മീറ്റിംഗുകൾക്കും ആഘോഷങ്ങൾക്കുമുള്ള ഹാളുകൾ, പരിസ്ഥിതി, കാർഷിക വിദ്യാഭ്യാസ അനുഭവങ്ങൾ എന്നിവയാണ് വികസന പദ്ധതികളിലൂടെ പാർക്കുകളിൽ ഒരുക്കുക. ടൂറിസം ഡെവലപ്‌മെന്റ് ഫണ്ട് പിന്തുണയോടെയുള്ള ടൂറിസം പദ്ധതികളുമായി ബന്ധപ്പെട്ട നിക്ഷേപ മേഖലയിൽ സഹകരണം ശക്തമാക്കാനാണ് പരിസ്ഥിതി, ജല, കൃഷി മന്ത്രാലയവും ടൂറിസം ഡെവലപ്‌മെന്റ് ഫണ്ടും നാഷണൽ സെന്റർ ഫോർ വെജിറ്റേഷൻ കവർ ഡെവലപ്‌മെന്റ് ആന്റ് കോമ്പാറ്റിംഗ് ഡെസർട്ടിഫിക്കേഷനും തമ്മിലുള്ള കരാറിലൂടെ ലക്ഷ്യമിടുന്നതെന്ന് പരിസ്ഥിതി, ജല, കൃഷി മന്ത്രാലയത്തിൽ സാമ്പത്തിക, നിക്ഷേപകാര്യ വിഭാഗം അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഖാലിദ് അൽഅരീഫി പറഞ്ഞു. പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം മേൽനോട്ടം വഹിക്കുന്ന ആസ്തികൾ പ്രയോജനപ്പെടുത്തി നിക്ഷേപ അവസരങ്ങൾ വർധിപ്പിച്ച് പൊതുലക്ഷ്യങ്ങൾ കൈവരിക്കാൻ സഹകരണം ശക്തമാക്കാനും പരിസ്ഥിതി, ടൂറിസം, വികസന പദ്ധതികളിലൂടെ വ്യതിരിക്തമായ ടൂറിസം അനുഭവങ്ങൾ വികസിപ്പിക്കാനും ശ്രമിച്ച് പരിസ്ഥിതി, ജല, കൃഷി മന്ത്രാലയവും ടൂറിസം ഡെവലപ്‌മെന്റ് ഫണ്ടും നാഷണൽ സെന്റർ ഫോർ വെജിറ്റേഷൻ കവർ ഡെവലപ്‌മെന്റ് ആന്റ് കോമ്പാറ്റിംഗ് ഡെസർട്ടിഫിക്കേഷനും നേരത്തെ ഒപ്പുവെച്ച ധാരണാപത്രങ്ങളുടെ തുടർച്ചയെന്നോണമാണ് പുതിയ കരാർ ഒപ്പുവെച്ചതെന്ന് ടൂറിസം ഡെവലപ്‌മെന്റ് ഫണ്ടിൽ റിയൽ എസ്റ്റേറ്റ് ഡെവലപ്‌മെന്റ് വിഭാഗം എക്‌സിക്യൂട്ടീവ് ഡയറക്ടർ ജനറൽ നവാഫ് അൽഅബ്ദുൽകരീം പറഞ്ഞു.