ജിദ്ദ : അഞ്ചു വർഷം നീണ്ട ഇടവേളക്കു ശേഷം സൗദി അറേബ്യക്കും കാനഡക്കുമിടയിലെ വിമാന സർവീസുകൾ ദേശീയ വിമാന കമ്പനിയായ സൗദിയ നാളെ പുനരാരംഭിക്കും. സൗദി അറേബ്യയും കാനഡയും തമ്മിലുള്ള നയതന്ത്ര തർക്കത്തെ തുടർന്നാണ് സൗദിയ കാനഡ സർവീസ് നിർത്തിവെച്ചത്. നാളെ മുതൽ പ്രതിവാരം മൂന്നു സർവീസുകൾ വീതമാണ് സൗദിയ ജിദ്ദക്കും ടൊറന്റോക്കുമിടയിൽ നടത്തുക. വൈകാതെ കൂടുതൽ സൗദി വിമാനത്താവളങ്ങളിൽ നിന്ന് കാനഡ സർവീസുകൾ ആരംഭിക്കും.
സൗദി വിദ്യാർഥികളെ സർക്കാർ സ്‌കോളർഷിപ്പോടെ കാനഡയിലെ യൂനിവേഴ്‌സിറ്റികളിലേക്ക് ഉപരിപഠനത്തിന് അയക്കുന്നതും വൈകാതെ പുനരാരംഭിക്കുമെന്നാണ് കരുതുന്നത്. സൗദി വിദ്യാർഥികളെ ആകർഷിക്കാൻ ലക്ഷ്യമിട്ട് കഴിഞ്ഞ മാസങ്ങളിൽ കനേഡിയൻ സർവകലാശാലകളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും 26 പ്രതിനിധികൾ സൗദി അറേബ്യ സന്ദർശിച്ചിരുന്നു. പരസ്പര ബഹുമാനത്തിന്റെ അടിസ്ഥാനത്തിൽ സൗദി, കാനഡ നയതന്ത്രബന്ധം പുനഃസ്ഥാപിക്കാനും അംബാസഡർമാരെ പരസ്പരം നിയമിക്കാനും തീരുമാനിച്ചതായി കഴിഞ്ഞ മേയിൽ സൗദി വിദേശ മന്ത്രാലയം അറിയിച്ചിരുന്നു. ഇതിനു പിന്നാലെ ഒട്ടാവയിലെ സൗദി അംബാസഡറായി ആമാൽ ബിൻത് യഹ്‌യ അൽമുഅല്ലിമിയെ സൗദി അറേബ്യയും റിയാദിലെ കനേഡിയൻ അംബാസഡറായി ജാൻ ഫിലിപ്പ് ലിന്റോയെ കാനഡയും നിയമിക്കുകയും ചെയ്തു.