ജിദ്ദ : ലണ്ടൻ ഹീത്രു വിമാനത്താവളത്തിന്റെ പത്തു ശതമാനം ഓഹരികൾ സ്വന്തമാക്കാൻ സൗദി പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടും സ്പാനിഷ് പശ്ചാത്തല വികസന ഭീമനായ ഫെറോവിയൽ കമ്പനിയും കരാർ ഒപ്പുവെച്ചു. കരാർ പ്രകാരം ഹീത്രു എയർപോർട്ട് ഹോൾഡിംഗ്‌സിന്റെ ഹോൾഡിംഗ് സ്ഥാപനമായ എഫ്.ജി.പി ടോപ്‌കൊയുടെ ഓഹരികൾ പി.ഐ.എഫ് സ്വന്തമാക്കും. ഫ്രാൻസ് ആസ്ഥാനമായുള്ള പ്രൈവറ്റ് ഇക്വിറ്റി ഫണ്ട് ആയ ആർഡിയൻ എഫ്.ജി.പി ടോപ്‌കോയിൽ നിന്ന് പതിനഞ്ചു ശതമാനം ഓഹരികൾ കൂടി സ്വന്തമാക്കും.
ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട വിമാനത്താവളങ്ങളിൽ ഒന്നായ ഹീത്രുവിലെ നിക്ഷേപാവസരം പ്രയോജനപ്പെടുത്താനാണ് സൗദി പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ആഗ്രഹിക്കുന്നത്. ദീർഘകാല നിക്ഷേപങ്ങൾ നടത്തി കമ്പനികൾക്കും ബിസിനസ് മേഖലകൾക്കും പിന്തുണ നൽകാനുള്ള പി.ഐ.എഫ് തന്ത്രവുമായി ഹീത്രു എയർപോർട്ട് നിക്ഷേപം പൊരുത്തപ്പെട്ടുപോകുന്നു. ലോകത്തെ ഏറ്റവും തിരക്കേറിയ എയർപോർട്ടുകളിൽ ഒന്നാണ് ഹീത്രു. ആഗോള തലത്തിൽ സാമ്പത്തിക വളർച്ചയെ പിന്തുണക്കാനും ഉത്തേജിപ്പിക്കാനും ഹീത്രു എയർപോർട്ട് ബ്രിട്ടനെ ലോകമെമ്പാടുമുള്ള വ്യാപാര പങ്കാളികളുമായി ബന്ധിപ്പിക്കുന്നു.
ഹീത്രു എയർപോർട്ടിന്റെ പത്തു ശതമാനം ഓഹരികൾ 300 കോടി ഡോളറിനാണ് സൗദി പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിന് വിൽക്കുന്നതെന്ന് 2006 മുതൽ ഹീത്രു എയർപോർട്ടിൽ ഓഹരി പങ്കാളിത്തമുള്ള ഫെറോവിയൽ പറഞ്ഞു. ഓഹരിയിടപാട് പൂർത്തിയാക്കാൻ ബന്ധപ്പെട്ട വകുപ്പുകളുടെ അനുമതി ലഭിക്കേണ്ടതുണ്ടെന്ന് പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് പറഞ്ഞു. ഖത്തർ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റിക്കും സിങ്കപ്പൂർ സോവറീൻ വെൽത്ത് ഫണ്ടിനും ഓസ്‌ട്രേലിയൻ റിട്ടയർമെന്റ് ട്രസ്റ്റിനും ചൈന ഇൻവെസ്റ്റ്‌മെന്റ് കോർപറേഷനും എഫ്.ജി.പി ടോപ്‌കോയിൽ ഓഹരി പങ്കാളിത്തമുണ്ട്.
പ്രാദേശിക സാമ്പത്തിക വളർച്ച ലക്ഷ്യമിട്ട് സൗദി പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് സൗദിയിൽ 70 കമ്പനികൾ സ്ഥാപിച്ചിട്ടുണ്ട്. സൗദി കോഫി കമ്പനി, ഹലാൽ പ്രൊഡക്ട്‌സ് ഡെവലപ്‌മെന്റ് കമ്പനി അടക്കം ഇക്കൂട്ടത്തിൽ 25 കമ്പനികൾ കഴിഞ്ഞ വർഷമാണ് സ്ഥാപിച്ചത്. പി.ഐ.എഫ് ഉടമസ്ഥതയിലുള്ള കമ്പനികൾ 2022 ൽ 1,81,000 തൊഴിലവസരങ്ങൾ സൃഷ്ടിച്ചതായും ഫണ്ട് കഴിഞ്ഞ മാസം പുറത്തുവിട്ട റിപ്പോർട്ട് പറഞ്ഞു.