റിയാദ് : ആഗോള വ്യാപാരമേളയായ വേള്‍ഡ് എക്‌സ്‌പോയുടെ ആതിഥ്യം റിയാദിലേക്കെത്തുന്നത് വന്‍ ഭൂരിപക്ഷത്തോടെ. മൂന്നില്‍രണ്ട് ഭൂരിപക്ഷമാണ് അംഗരാജ്യങ്ങളില്‍നിന്ന് റിയാദിന് ലഭിച്ചത്. മത്സരരംഗത്തുണ്ടായിരുന്ന ദക്ഷിണ കൊറിയക്ക് 29 ഉം റോമിന് 17 ഉം വോട്ട് മാത്രം ലഭിച്ചപ്പോള്‍ സൗദിക്ക് 119 വോട്ട് കിട്ടി.
പാരീസ് ആസ്ഥാനമായ ബ്യൂറോ ഓഫ് ഇന്റര്‍നാഷനല്‍ ദെസ് എക്‌സ്‌പോസിഷന്‍സ് എന്ന രാജ്യാന്തര സംഘടനയാണ് മേളയുടെ സംഘാടകര്‍. വേള്‍ഡ് എക്‌സ്‌പോ റിയാദിലെത്തുന്നതോടെ വന്‍ സാമ്പത്തിക കുതിപ്പാണ് സൗദിയെ കാത്തിരിക്കുന്നത്. സൗദിയുടെ ടൂറിസം രംഗത്തിന് കുതിച്ചുചാട്ടമുണ്ടാകും. ആയിരക്കണക്കിന് ബില്യന്‍ റിയാലിന്റെ ബിസിനസും നിക്ഷേപവും നടക്കും. ആഗോള ബിസിനസ് ലോകം ഒന്നാകെ റിയാദിലേക്കൊഴുകും.
അഞ്ചുവര്‍ഷം കൂടുമ്പോഴാണ് മേള നടക്കുക. വേള്‍ഡ് എക്‌സ്‌പോ റിയാദിലെത്തിക്കാന്‍ കഠിന പരിശ്രമമാണ് കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ നടത്തിയത്. 1851 ല്‍ ലണ്ടനില്‍ നടന്ന ഗ്രേറ്റ് എക്‌സിബിഷന്‍ വരെ നീളുന്നതാണ് എക്‌സ്‌പോയുടെ ചരിത്രം.