ജിദ്ദ : ഈ വർഷം സൗദിയിൽ പുതുതായി ആരംഭിച്ച ചെറുകിട, ഇടത്തരം സ്ഥാപനങ്ങളിൽ നാലിൽമൂന്നും റിയാദ് പ്രവിശ്യയിലാണെന്ന് ചെറുകിട, ഇടത്തരം സ്ഥാപന അതോറിറ്റി റിപ്പോർട്ട് വ്യക്തമാക്കുന്നു. ഈ കൊല്ലം സൗദിയിൽ 1,27,613 ചെറുകിട, ഇടത്തരം സ്ഥാപനങ്ങളാണ് പുതുതായി ആരംഭിച്ചത്. ഇതിന്റെ 72 ശതമാനം റിയാദ് പ്രവിശ്യയിലാണ്. ഈ കൊല്ലം പുതുതായി ആരംഭിച്ച ചെറുകിട, ഇടത്തരം സ്ഥാപനങ്ങളിൽ 91,511 എണ്ണവും റിയാദിലാണ്.
ഈ കൊല്ലം സൗദിയിൽ ചെറുകിട, ഇടത്തരം സ്ഥാപനങ്ങളുടെ എണ്ണം 11 ശതമാനം തോതിൽ വർധിച്ചു. കഴിഞ്ഞ വർഷാവസാനം രാജ്യത്ത് 11.4 ലക്ഷം ചെറുകിട, ഇടത്തരം സ്ഥാപനങ്ങളാണുണ്ടായിരുന്നത്. ഈ കൊല്ലം മൂന്നാം പാദാവസാനത്തോടെ സ്ഥാപനങ്ങൾ 12.7 ലക്ഷമായി ഉയർന്നു. ഈ വർഷം പുതുതായി ആരംഭിച്ച സ്ഥാപനങ്ങളിൽ 1,21,700 ഓളം മൈക്രോ സ്ഥാപനങ്ങളും 564 എണ്ണം ഇടത്തരം സ്ഥാപനങ്ങളുമാണ്. ചെറുകിട സ്ഥാപനങ്ങളുടെ എണ്ണം മൂന്നു ശതമാനം തോതിൽ കുറഞ്ഞു. ചെറുകിട സ്ഥാപനങ്ങളിൽ 4,686 എണ്ണത്തിന്റെ കുറവാണ് ഈ വർഷം രേഖപ്പെടുത്തിയത്.
ഈ വർഷാദ്യം മുതൽ മൂന്നാം പാദാവസാനം വരെയുള്ള കാലത്ത് റിയാദ് പ്രവിശ്യയിൽ ചെറുകിട, ഇടത്തരം സ്ഥാപനങ്ങളുടെ എണ്ണം 20 ശതമാനം തോതിൽ വർധിച്ചു. കഴിഞ്ഞ വർഷം അവസാന പാദത്തെ അപേക്ഷിച്ച് ഈ കൊല്ലം ആദ്യ പാദത്തിൽ എട്ടു ശതമാനവും ഈ കൊല്ലം രണ്ടാം പാദത്തെ അപേക്ഷിച്ച് മൂന്നാം പാദത്തിൽ ആറു ശതമാനവും തോതിൽ റിയാദ് പ്രവിശ്യയിൽ ചെറുകിട, ഇടത്തരം സ്ഥാപനങ്ങളുടെ എണ്ണം വർധിച്ചു. കഴിഞ്ഞ വർഷം ആദ്യ പാദത്തെ അപേക്ഷിച്ച് ഈ കൊല്ലം ആദ്യ പാദത്തിൽ റിയാദ് പ്രവിശ്യയിൽ ചെറുകിട, ഇടത്തരം സ്ഥാപനങ്ങളുടെ എണ്ണത്തിൽ 106 ശതമാനം വളർച്ച രേഖപ്പെടുത്തി. എന്നാൽ കഴിഞ്ഞ വർഷം രണ്ടാം പാദത്തെ അപേക്ഷിച്ച് ഈ കൊല്ലം രണ്ടാം പാദത്തിൽ 65 ശതമാനവും 2022 മൂന്നാം പാദത്തെ അപേക്ഷിച്ച് ഇക്കഴിഞ്ഞ പാദത്തിൽ 56 ശതമാനവുമായി വളർച്ച കുറഞ്ഞു.
ഈ കൊല്ലം മക്ക പ്രവിശ്യയിൽ അഞ്ചും കിഴക്കൻ പ്രവിശ്യയിൽ ആറും ശതമാനം തോതിൽ ചെറുകിട, ഇടത്തരം സ്ഥാപനങ്ങളുടെ എണ്ണം വർധിച്ചു. മക്ക പ്രവിശ്യയിൽ 11,700 ഓളവും കിഴക്കൻ പ്രവിശ്യയിൽ 7,700 ഓളവും ചെറുകിട, ഇടത്തരം സ്ഥാപനങ്ങളാണ് ഈ വർഷം പുതുതായി ആരംഭിച്ചത്. സൗദിയിലെ ആകെ ചെറുകിട, ഇടത്തരം സ്ഥാപനങ്ങളിൽ 43 ശതമാനം റിയാദ് പ്രവിശ്യയിലും 18 ശതമാനം മക്ക പ്രവിശ്യയിലും 10.8 ശതമാനം കിഴക്കൻ പ്രവിശ്യയിലുമാണ്. 2030 ഓടെ മൊത്തം ആഭ്യന്തരോൽപാദനത്തിൽ ചെറുകിട, ഇടത്തരം സ്ഥാപനങ്ങളുടെ സംഭാവന 35 ശതമാനമായി ഉയർത്താൻ ലക്ഷ്യമിടുന്നു. ഈ ലക്ഷ്യത്തോടെ 2020 ആദ്യത്തിൽ സ്‌മോൾ ആന്റ് മീഡിയം എന്റർപ്രൈസസ് ബാങ്ക് സ്ഥാപിച്ചിട്ടുണ്ട്.
കഴിഞ്ഞ കൊല്ലം ആദ്യപാദത്തിൽ 2,39,314 ചെറുകിട, ഇടത്തരം സ്ഥാപനങ്ങളാണ് റിയാദ് പ്രവിശ്യയിലുണ്ടായിരുന്നത്. രണ്ടാം പാദത്തിൽ 3,15,790 ഉം മൂന്നാം പാദത്തിൽ 3,53,219 ഉം നാലാം പാദത്തിൽ 4,57,835 ഉം ഈ കൊല്ലം ആദ്യ പാദത്തിൽ 4,94,006 ഉം രണ്ടാം പാദത്തിൽ 5,20,592 ഉം മൂന്നാം പാദത്തിൽ 5,49,346 ഉം ആയി ചെറുകിട, ഇടത്തരം സ്ഥാപനങ്ങളുടെ എണ്ണം ഉയർന്നു.