ബംഗളൂരു : ഇല്കട്രോണിക് ഉപകരണങ്ങള്‍ പ്ലാസ്റ്റിക് ട്രേയില്‍ ഇടാതെ തന്നെയുള്ള സുരക്ഷാ പരിശോധന ഇന്ത്യയില്‍ ആദ്യമായി ബംഗളൂരു എയര്‍പോര്‍ട്ടില്‍ നടപ്പിലാക്കുന്നു.
ഗാഡ്ജെറ്റ്സ് ഇന്‍ ട്രേ സെക്യൂരിറ്റി ചെക്ക് സംവിധാനം ഘട്ടംഘട്ടമായി നിര്‍ത്തലാക്കുന്ന ഇന്ത്യയിലെ ആദ്യ വിമാനത്താവളമായി മാറുകയാണ് ബംഗളൂരു കെംപഗൗഡ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്.
ഓട്ടോമാറ്റിക് ട്രേ റിട്രീവല്‍ സിസ്റ്റവും ഫുള്‍ബോഡി സ്കാനറുകളും സംയോജിപ്പിച്ച സി.ടി.എക്സ് മെഷീനുകളുടെ പാസഞ്ചര്‍ ട്രയലുകലാണ് കെംപഗൗഡ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന്റെ രണ്ടാം ടെര്‍മിനലില്‍ ആരംഭിക്കുന്നത്.
ദല്‍ഹിയിലെ ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് പോലുള്ള മറ്റ് വിമാനത്താവളങ്ങള്‍ സി.ടി.എക്സ് മെഷീനുകളുടെ പരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും സി.ടി.എക്സ് മെഷീനുകളെ എ.ടി.ആര്.എസ്, ഫുള്‍ ബോഡി സ്കാനറുകള്‍ എന്നിവയുമായി സംയോജിപ്പിക്കുന്ന ആദ്യ വിമാനത്താവളം ബംഗളൂരു ആയിരിക്കും. ഡിസംബറിലാണ് പാസഞ്ചര്‍ ട്രയലുകള്‍ തുടങ്ങുക.
കെംപെഗൗഡ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന്റെ (കെഐഎ) രണ്ടാം ടെര്‍മിനലില്‍ എത്തുന്ന യാത്രക്കാര്‍ക്ക് പ്രീഎംബാര്‍ക്കേഷന്‍ സെക്യൂരിറ്റി പരിശോധനയില്‍ ഹാന്‍ഡ്ബാഗില്‍ നിന്ന് മൊബൈല്‍ ഫോണുകള്‍, ലാപ്ടോപ്പുകള് പോലുള്ള സ്വകാര്യ ഇലക്ട്രോണിക് ഉപകരണങ്ങള്‍ മാറ്റേണ്ടതില്ല.
അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ സിടിഎക്സ് (കമ്പ്യൂട്ടര്‍ ടോമോഗ്രഫി എക്സ്റേ) മെഷീന്റെ പരീക്ഷണം ആരംഭിക്കുമെന്ന് ബംഗളൂരു ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് (ബിഐഎഎല്‍) അറിയിച്ചു. പുതിയ സംവിധാനം തുടക്കത്തില്‍ ആഭ്യന്തര യാത്രക്കാര്‍ക്കായിരിക്കുമെന്ന് ബി.ഐ.എ.എല്‍ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ സത്യകി രഘുനാഥ് അറിയിച്ചു.