അറാർ : ഫോസ്‌ഫേറ്റ് ഉൽപാദനത്തിൽ സൗദി അറേബ്യയുടെ ശേഷി ഇരട്ടിയാക്കുന്നതിന് പുതിയ പദ്ധതി തയാറാക്കിയിട്ടുണ്ടെന്നും ഫോസ്‌ഫേറ്റ് ഉൽപാദിപ്പിക്കുന്ന മൂന്നാമത്തെ വലിയ രാജ്യമായി സൗദി അറേബ്യ മാറുമെന്നും നിക്ഷേപ മന്ത്രി ഖാലിദ് അൽഫാലിഹ് വെളിപ്പെടുത്തി. അറാറിൽ നോർതേൺ ബോർഡേഴ്‌സ് ഇൻവെസ്റ്റ്‌മെന്റ് ഫോറത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
ഇറാഖിലേക്കും മറ്റു അയൽരാജ്യങ്ങളിലേക്കും വളരെ കുറഞ്ഞ ചെലവിൽ വൈദ്യുതി കയറ്റുമതി ചെയ്യുന്നതിനുള്ള സാധ്യതയ്ക്ക് പുറമെ, പുനരുപയോഗ ഊർജം ഉൽപാദിപ്പിക്കുന്നതിനുള്ള വലിയ സാധ്യതകൾ വടക്കൻ അതിർത്തി മേഖലയിലുണ്ട്. 20 ബില്യൺ റിയാൽ മുതൽമുടക്കിൽ നൂറിലധികം പുതിയ അവസരങ്ങൾ വടക്കൻ അതിർത്തി മേഖലയിൽ വികസിപ്പിച്ചെടുത്തിട്ടുണ്ട്. നിലവിൽ ഇവിടെയുള്ള 80 ബില്യൺ റിയാലിന്റെ നിക്ഷേപത്തിന് പുറമേയാണിത്.
രാജ്യത്തിന്റെ വിഷൻ 2030 ന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള പ്രധാന ഘടകങ്ങളിലൊന്നാണ് ദേശീയ നിക്ഷേപ തന്ത്രമെന്ന് മന്ത്രി പറഞ്ഞു. നിയമ നിർമാണത്തിനും നിയന്ത്രണ സംവിധാനത്തിനും അടിസ്ഥാനപരമായ പരിഷ്‌കാരങ്ങൾക്ക് രാജ്യം ഊന്നൽ നൽകി. സമ്പദ്‌വ്യവസ്ഥ ഇപ്പോൾ കൂടുതൽ മത്സരപരവും സുസ്ഥിരവുമാണ്.
രാജ്യത്തെ നിക്ഷേപങ്ങളുടെ ഗുണനിലവാരവും അളവും വർധിപ്പിക്കുക എന്നതാണ് ദേശീയ നിക്ഷേപ തന്ത്രത്തിന്റെ പൊതുലക്ഷ്യം. ഇത് സാമ്പത്തിക വികസനം മുന്നോട്ട് കൊണ്ടുപോകുന്നതിനും ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും വൈവിധ്യവത്കരിക്കുന്നതിനും സഹായിക്കുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിക്ഷേപം നടത്തുന്നതിന് സൗകര്യമൊരുക്കാൻ നാൽപത് പദ്ധതികൾ നടപ്പാക്കിയിട്ടുണ്ട്. അതിന്റെ ഭാഗമായി ഇൻവെസ്റ്റ് ഇൻ സൗദി അറേബ്യ പ്ലാറ്റ്‌ഫോമിനെ സൗദിയിലെ എല്ലാ നിക്ഷേപ അവസരങ്ങളുമായി ബന്ധിപ്പിച്ചു. നിക്ഷേപകർക്ക് ഉചിതമായതും ഉത്തേജിപ്പിക്കുന്നതുമായ നിയമ നിർമാണങ്ങളോടെ പ്രത്യേക സാമ്പത്തിക മേഖലകൾ ആരംഭിച്ചു. ദേശീയ അന്തർദേശീയ നിക്ഷേപകർക്ക് വിശിഷ്ട സേവനങ്ങൾ നൽകുന്നു. വടക്കൻ മേഖലയുടെ വികസനത്തിനാവശ്യമായ നിക്ഷേപത്തിന് മത്സരാധിഷ്ഠിത അവസരങ്ങളൊരുക്കുകയും ചെയ്തതായി മന്ത്രി പറഞ്ഞു. സൗദിക്കകത്ത് നിന്നും പുറത്തുനിന്നും മൈനിംഗുമായും മറ്റും ബന്ധപ്പെട്ട നിരവധി നിക്ഷേപകർ ഫോറത്തിൽ സംബന്ധിച്ചു.
ഫോസ്‌ഫേറ്റ് ഉൽപാദനത്തിൽ സൗദിക്ക് മൂന്നാം സ്ഥാനം -മന്ത്രി ഖാലിദ് അൽഫാലിഹ്
