റിയാദ് പരിഷ്‌കരിച്ച നിതാഖത്ത് വഴി 4,80,000 സ്വദേശികൾക്ക് സ്വകാര്യ മേഖലയിൽ തൊഴിൽ ലഭിച്ചതായി മാനവശേഷി, സാമൂഹിക വികസന മന്ത്രി എൻജിനീയർ അഹ്മദ് അൽറാജ്ഹി പറഞ്ഞു. മാനവശേഷി, സാമൂഹിക വികസന മന്ത്രാലയവും കിംഗ് അബ്ദുൽ അസീസ് സെന്റർ ഫോർ നാഷണൽ ഡയലോഗും സഹകരിച്ച് ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷന്റെയും സർക്കാർ, സ്വകാര്യ മേഖലാ പ്രതിനിധികളുടെയം തൊഴിലാളി പ്രതിനികളുടെയും പങ്കാളിത്തത്തോടെ സംഘടിപ്പിച്ച സോഷ്യൽ ഡയലോഗ് ഫോറത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. പരിഷ്‌കരിച്ച നിതാഖാത്തിലൂടെ 12 മാസത്തിനിടെ മാത്രം 1,67,000 ലേറെ സൗദി യുവതീയുവാക്കൾക്ക് സ്വകാര്യ മേഖലയിൽ ജോലി ലഭിച്ചു.
ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷൻ റിപ്പോർട്ട് പ്രകാരം തൊഴിലാളിയുടെ ഉൽപാദനക്ഷമതാ വളർച്ചാ നിരക്കിൽ ജി-20 രാജ്യങ്ങളിൽ ഒന്നാം സ്ഥാനത്തെത്താൻ സൗദി അറേബ്യക്ക് സാധിച്ചു. തൊഴിലാളിയുടെ ഉൽപാദനക്ഷമതയിൽ 4.9 ശതമാനം വളർച്ചയാണ് സൗദി അറേബ്യ കൈവരിച്ചത്. ആക്‌സിലറേറ്റിംഗ് സ്‌കിൽസ് ഇനീഷ്യേറ്റീവിലൂടെയും ട്രെയിനിംഗ് വൗച്ചർ സംരംഭത്തിലൂടെയും സ്വകാര്യ മേഖലയിലെ 126 തൊഴിലുകളിൽ 3,22,000 ലേറെ സ്വദേശികൾക്ക് പരിശീലനം നൽകാനും കഴിവുകൾ വികസിപ്പിക്കാനും ലക്ഷ്യമിടുന്നു. തൊഴിൽ നിയമങ്ങളും തീരുമാനങ്ങളും പൂർണമായും പാലിക്കുന്ന സ്വകാര്യ സ്ഥാപനങ്ങളുടെ അനുപാതം 92 ശതമാനമായും സൗദിവൽക്കരണ തീരുമാനങ്ങൾ പാലിക്കുന്ന സ്ഥാപനങ്ങളുടെ അനുപാതം 98 ശതമാനമായും ഉയർന്നിട്ടുണ്ട്.
മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിനു കീഴിലെ ഖിവാ പ്ലാറ്റ്‌ഫോം വഴി സ്വകാര്യ മേഖലയിലെ 50 ലക്ഷത്തിലേറെ ജീവനക്കാരുടെ തൊഴിൽ കരാറുകൾ ഇതിനകം ഇലക്‌ട്രോണിക് രീതിയിൽ ഡോക്യുമെന്റ് ചെയ്തിട്ടുണ്ട്. ചർച്ചകളിലൂടെ അനുരഞ്ജന പരിഹാരം കാണുന്ന തൊഴിൽ കേസുകൾ 73 ശതമാനമായി ഉയർന്നിട്ടുണ്ട്. സൗദിയിൽ നൂതന തൊഴിൽ ശൈലികളിൽ അതിവേഗ വളർച്ചയുണ്ടെന്നും എൻജിനീയർ അഹ്മദ് അൽറാജ്ഹി പറഞ്ഞു.