ജിദ്ദ : സെപ്റ്റംബറിൽ അമേരിക്കൻ ബോണ്ടുകളിലെ നിക്ഷേപങ്ങൾ 4.6 ശതമാനം തോതിൽ സൗദി അറേബ്യ ഉയർത്തി.
സെപ്റ്റംബറിൽ 5.1 ബില്യൺ റിയാലിന്റെ അധിക നിക്ഷേപങ്ങളാണ് സൗദി അറേബ്യ നടത്തിയത്. സെപ്റ്റംബർ അവസാനത്തോടെ അമേരിക്കൻ ബോണ്ടുകളിലെ സൗദി നിക്ഷേപം 117.1 ബില്യൺ ഡോളറായി. ഓഗസ്റ്റിൽ ഇത് 112 ബില്യൺ ഡോളറായിരുന്നു. 2020 ഓഗസ്റ്റിനു ശേഷം അമേരിക്കൻ ബോണ്ടുകളിൽ സൗദി അറേബ്യ നടത്തുന്ന ഏറ്റവും വലിയ നിക്ഷേപമാണ് സെപ്റ്റംബറിലെത്. 2020 ഓഗസ്റ്റിൽ 5.4 ബില്യൺ ഡോളറിന്റെ നിക്ഷേപങ്ങളാണ് യു.എസ് ബോണ്ടുകളിൽ സൗദി അറേബ്യ നടത്തിയത്. സെപ്റ്റംബറിൽ വാങ്ങിയ അമേരിക്കൻ ബോണ്ടുകളിൽ 70 ശതമാനം ഹ്രസ്വകാല ബോണ്ടുകളും ശേഷിക്കുന്നവ ദീർഘകാല ബോണ്ടുകളുമാണ്. 3.5 ബില്യൺ ഡോളറിന്റെ ഹ്രസ്വകാല ബോണ്ടുകളും 1.6 ബില്യൺ ഡോളറിന്റെ ദീർഘകാല ബോണ്ടുകളുമാണ് സെപ്റ്റംബറിൽ വാങ്ങിയത്.
സെപ്റ്റംബർ അവസാനത്തെ കണക്കുകൾ പ്രകാരം അമേരിക്കൻ ട്രഷറി മന്ത്രാലയത്തിന്റെ ദീർഘകാല ബോണ്ടുകളിൽ 102.1 ബില്യൺ ഡോളറും ഹ്രസ്വകാല ബോണ്ടുകളിൽ 15 ബില്യൺ ഡോളറും സൗദി അറേബ്യ നിക്ഷേപിച്ചിട്ടുണ്ട്. യു.എസ് ബോണ്ട് നിക്ഷേപങ്ങളിൽ 87 ശതമാനം ദീർഘകാല ബോണ്ടുകളിലും 13 ശതമാനം ഹ്രസ്വകാല ബോണ്ടുകളിലുമാണ് നടത്തിയിരിക്കുന്നത്. ഓഗസ്റ്റിൽ ദീർഘകാല ബോണ്ടുകളിൽ 100.5 ഉം ഹ്രസ്വകാല ബോണ്ടുകളിൽ 11.5 ഉം ബില്യൺ ഡോളറിന്റെ നിക്ഷേപങ്ങളാണുണ്ടായിരുന്നത്. ലോകത്ത് അമേരിക്കൻ ബോണ്ടുകളിലെ ഏറ്റവും വലിയ നിക്ഷേപകരിൽ 17-ാം സ്ഥാനത്താണ് സൗദി അറേബ്യ. നേരത്തെ 18-ാം സ്ഥാനത്തായിരുന്നു.
ഒരു വർഷത്തിനിടെ അമേരിക്കൻ ബോണ്ടുകളിലെ സൗദി നിക്ഷേപങ്ങൾ 3.2 ശതമാനം തോതിൽ കുറഞ്ഞിട്ടുണ്ട്. 2022 സെപ്റ്റംബർ അവസാനത്തിൽ യു.എസ് ബോണ്ടുകളിലെ സൗദി നിക്ഷേപങ്ങൾ 121 ബില്യൺ ഡോളറായിരുന്നു. ഇതിനെ അപേക്ഷിച്ച് ഇക്കഴിഞ്ഞ സെപ്റ്റംബറിൽ നിക്ഷേപങ്ങളിൽ 3.9 ബില്യൺ ഡോളറിന്റെ കുറവ് രേഖപ്പെടുത്തി. ഈ വർഷാദ്യം മുതൽ യു.എസ് ബോണ്ടുകളിലെ സൗദി നിക്ഷേപങ്ങൾ 2.2 ശതമാനം (2.6 ബില്യൺ ഡോളർ) തോതിൽ കുറഞ്ഞിട്ടുണ്ട്. 2022 ഡിസംബർ അവസാനത്തിൽ ബോണ്ടുകളിലെ നിക്ഷേപങ്ങൾ 119.7 ബില്യൺ ഡോളറായിരുന്നു.
അമേരിക്കൻ ബോണ്ടുകളിലെ നിക്ഷേപങ്ങൾ കഴിഞ്ഞ വർഷം 0.6 ശതമാനം തോതിൽ സൗദി അറേബ്യ ഉയർത്തിയിരുന്നു. എന്നാൽ 2021 ൽ 12.8 ശതമാനം (17.4 ബില്യൺ ഡോളർ) തോതിലും 2020 ൽ 24.1 ശതമാനം (43.4 ബില്യൺ ഡോളർ) തോതിലും സൗദി നിക്ഷേപങ്ങൾ കുറഞ്ഞിരുന്നു. 2021 അവസാനത്തിൽ 119 ഉം 2020 അവസാനത്തിൽ 136.4 ഉം 2019 അവസാനത്തിൽ 179.8 ഉം ബില്യൺ ഡോളറായിരുന്നു അമേരിക്കൻ ബോണ്ടുകളിലെ സൗദി നിക്ഷേപങ്ങൾ.