ജിദ്ദ : ഈ കൊല്ലം ജനുവരി മുതൽ സെപ്റ്റംബർ അവസാനം വരെയുള്ള ഒമ്പതു മാസത്തിനിടെ സൗദി അറേബ്യ കയറ്റി അയച്ചത് 205.5 ബില്യൺ റിയാലിന്റെ പെട്രോളിതര ഉൽപന്നങ്ങൾ. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ എണ്ണയിതര കയറ്റുമതി 243.7 ബില്യൺ റിയാലായിരുന്നു. ഈ വർഷം പെട്രോളിതര കയറ്റുമതിയിൽ റീ-എക്‌സ്‌പോർട്ട് 22.3 ശതമാനമായി വർധിച്ചു. കഴിഞ്ഞ കൊല്ലം ഇത് 15.9 ശതമാനമായിരുന്നു. ഒമ്പതു മാസത്തിനിടെ പെട്രോളിതര കയറ്റുമതിയിൽ 45.8 ബില്യൺ റിയാൽ റീ-എക്‌സ്‌പോർട്ട് ആണ്. കഴിഞ്ഞ കൊല്ലം ഇതേ കാലയളവിൽ റീ-എക്‌സ്‌പോർട്ട് 38.9 ബില്യൺ റിയാലായിരുന്നു.
സെപ്റ്റംബറിൽ പെട്രോളിതര കയറ്റുമതി 17 ശതമാനം തോതിൽ കുറഞ്ഞ് 20.7 ബില്യൺ റിയാലായി. ഇതിൽ 4.3 ബില്യൺ റിയാൽ റീ-എക്‌സ്‌പോർട്ട് ആണ്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ 2.9 ബില്യൺ റിയാലിന്റെ റീ-എക്‌സ്‌പോർട്ട് അടക്കം പെട്രോളിതര കയറ്റുമതി 25 ബില്യൺ റിയാലായിരുന്നു. കഴിഞ്ഞ വർഷം എണ്ണയിതര കയറ്റുമതി സർവകാല റെക്കോർഡ് സ്ഥാപിച്ചിരുന്നു. 339.4 ബില്യൺ റിയാലിന്റെ പെട്രോളിതര ഉൽപന്നങ്ങളാണ് കഴിഞ്ഞ വർഷം വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയച്ചത്. 2021 ൽ ഇത് 277.6 ബില്യൺ റിയാലായിരുന്നു. കഴിഞ്ഞ കൊല്ലം എണ്ണയിതര കയറ്റുമതിയിൽ 22 ശതമാനം വളർച്ച രേഖപ്പെടുത്തി. 2017 മുതൽ ഇക്കഴിഞ്ഞ സെപ്റ്റംബർ വരെയുള്ള കാലത്ത് 1.66 ട്രില്യൺ റിയാലിന്റെ പെട്രോളിതര ഉൽപന്നങ്ങൾ കയറ്റി അയച്ചിട്ടുണ്ട്. ഇതിൽ 283 ബില്യൺ റിയാൽ റീ-എക്‌സ്‌പോർട്ട് ആണ്.
ഈ വർഷം ജനുവരിയിൽ 23.7 ഉം ഫെബ്രുവരിയിൽ 21.4 ഉം മാർച്ചിൽ 24.4 ഉം ഏപ്രിലിൽ 20.2 ഉം മേയിൽ 26.7 ഉം ജൂണിൽ 20.1 ഉം ജൂലൈയിൽ 21.8 ഉം ഓഗസ്റ്റിൽ 26.1 ഉം സെപ്റ്റംബറിൽ 20.7 ഉം ബില്യൺ റിയാലിന്റെ പെട്രോളിതര ഉൽപന്നങ്ങളാണ് വിദേശങ്ങളിലേക്ക് കയറ്റി അയച്ചത്. വിദേശ വ്യാപാരം ജനുവരിയിൽ 173.5 ഉം ഫെബ്രുവരിയിൽ 159 ഉം മാർച്ചിൽ 177 ഉം ഏപ്രിലിൽ 162.4 ഉം മേയിൽ 168.3 ഉം ജൂണിൽ 156.8 ഉം ജൂലൈയിൽ 162.2 ഉം ഓഗസ്റ്റിൽ 173.6 ഉം സെപ്റ്റംബറിൽ 163.9 ഉം ബില്യൺ റിയാലും വാണിജ്യ മിച്ചം ജനുവരിയിൽ 38.1 ഉം ഫെബ്രുവരിയിൽ 44.3 ഉം മാർച്ചിൽ 38.9 ഉം ഏപ്രിലിൽ 45.8 ഉം മേയിൽ 29.2 ഉം ജൂണിൽ 27.2 ഉം ജൂലൈയിൽ 21.8 ഉം ഓഗസ്റ്റിൽ 34.3 ഉം സെപ്റ്റംബറിൽ 43.7 ഉം ബില്യൺ റിയാലുമായിരുന്നു.