മദീന : വിസിറ്റ് വിസയിൽ രാജ്യത്ത് പ്രവേശിച്ച ഇന്ത്യക്കാരൻ ഉൾപ്പെട്ട രണ്ടംഗ സാമ്പത്തിക തട്ടിപ്പ് സംഘത്തെ മദീന പോലീസ് അറസ്റ്റ് ചെയ്തു. നിയമാനുസൃത ഇഖാമയിൽ രാജ്യത്ത് കഴിയുന്ന പാക്കിസ്ഥാനിയാണ് രണ്ടാമത്തെ പ്രതി. നഗരത്തിലെ ഫഌറ്റ് കേന്ദ്രീകരിച്ച് പ്രവർത്തിച്ച പ്രതികൾ ടെലികോം ഉപരണങ്ങളും സിം കാർഡുകളും ഉപയോഗിച്ചും ആൾമാറാട്ടം നടത്തിയും സാമൂഹികമാധ്യമങ്ങളിലൂടെ വ്യാജ പരസ്യങ്ങൾ പ്രചരിപ്പിച്ച് ഇരകളുടെ വിവരങ്ങൾ കൈക്കലാക്കി അവരുടെ ബാങ്ക് അക്കൗണ്ടുകളിൽ പ്രവേശിച്ച് പണം തട്ടിയെടുക്കുകയാണ് ചെയ്തിരുന്നത്.
വിവിധ പ്രവിശ്യകളിൽ സംഘത്തിന്റെ തട്ടിപ്പുകൾക്കിരയായ 146 പേർ സുരക്ഷാ വകുപ്പുകൾക്ക് പരാതികൾ നൽകിയിരുന്നു. ഇരകളുടെ അക്കൗണ്ടുകളിൽ നിന്ന് സംഘം 2.2 കോടിയിലേറെ റിയാൽ പിൻവലിച്ചതായി കണ്ടെത്തിയിട്ടുണ്ട്. പ്രതികൾക്കെതിരെ നിയമാനുസൃത നടപടികൾ സ്വീകരിച്ചുവരികയാണെന്ന് മദീന പോലീസ് അറിയിച്ചു.