മനാമ : ബഹ്‌റൈൻ ഉടമസ്ഥതയിലുള്ള ഗൾഫ് എയർ വിമാന കമ്പനിയുടെ വിവരസാങ്കേതിക സംവിധാനം ചോർത്താൻ ഹാക്കർമാരുടെ ശ്രമം. ചില വിവരങ്ങൾ ഹാക്ക് ചെയ്യപ്പെട്ടിരിക്കാമെന്ന് കമ്പനി അറിയിച്ചു. ഇന്നലെയാണ് ഗൾഫ് എയർ കമ്പനിയുടെ ഡാറ്റ ചോർച്ച ലക്ഷ്യമിട്ട് ആക്രമണം നടന്നത്.
കമ്പനിയുടെ ഇമെയിലിൽ നിന്നും അതിന്റെ ഉപഭോക്തൃ ഡാറ്റാബേസിൽ നിന്നുമുള്ള ചില വിവരങ്ങൾ ഹാക്ക് ചെയ്യപ്പെട്ടിരിക്കാമെന്ന് കമ്പനി സൂചിപ്പിച്ചു. സംഭവം നേരിടാൻ ഉടൻ നടപടി സ്വീകരിച്ചതായും കമ്പനി വ്യക്തമാക്കി. ഹാക്കർമാർക്ക് കമ്പനിയുടെ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കാനോ സുപ്രധാന സംവിധാനങ്ങളെ തടസ്സപ്പെടുത്താനോ സാധിച്ചിട്ടില്ലെന്നും ഫ്‌ളൈറ്റ് ഷെഡ്യൂളുകൾ തടസമില്ലാതെ പ്രവർത്തിപ്പിക്കാൻ സാധിച്ചുവെന്നും കമ്പനി അധികൃതർ വ്യക്തമാക്കി. സംഭവത്തെ പറ്റി അന്വേഷണം തുടങ്ങി.