ജിദ്ദ : ഗാസയിലേക്കുള്ള റിലീഫ് വസ്തുക്കൾ വഹിച്ച 300 ലേറെ ട്രക്കുകൾ ഈജിപ്ത്, ഗാസ അതിർത്തിയിലെ റഫ ക്രോസിംഗ് വഴി ഗാസയിലേക്ക് അയക്കാൻ കിംഗ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയിഡ് ആന്റ് റിലീഫ് സെന്റർ സജ്ജീകരിച്ചു. റിലീഫ് വസ്തുക്കൾ വഹിച്ച വാഹനവ്യൂഹം ഗാസയിലേക്ക് അയക്കുന്നതിനുള്ള ക്രമീകരണങ്ങൾ നേരിട്ട് വിലയിരുത്താൻ കിംഗ് സൽമാൻ റിലീഫ് സെന്റർ സൂപ്പർവൈസർ ജനറലും റോയൽ കോർട്ട് ഉപദേഷ്ടാവുമായ ഡോ. അബ്ദുല്ല അൽറബീഅ ഈജിപ്തിലെ അൽഅരീശ് എയർപോർട്ടിലെത്തിയിട്ടുണ്ട്. സെന്റർ പ്രതിനിധികളും റിലീഫ് പ്രവർത്തനങ്ങൾക്ക് ഏകോപനം നടത്തുന്ന അന്താരാഷ്ട്ര ഏജൻസി പ്രതിനിധികളും റഫ കേന്ദ്രീകരിച്ചും പ്രവർത്തിക്കുന്നു. സൗദി അറേബ്യ വിമാന മാർഗം അയച്ച ആംബുലൻസുകളും ഗാസയിലേക്ക് പ്രവേശിക്കാൻ റഫ ക്രോസിംഗിൽ കാത്തിരിക്കുകയാണ്. റിലീഫ് വസ്തുക്കൾ ഗാസയിൽ പ്രവേശിപ്പിക്കാൻ സൗദി, ഈജിപ്ത്, ഫലസ്തീൻ റെഡ് ക്രസന്റ് അതോറിറ്റികൾ തമ്മിൽ വലിയ തോതിൽ ഏകോപനം നടത്തുന്നുണ്ട്.
ദുരിതാശ്വാസ വസ്തുക്കളുമായി ജിദ്ദ തുറമുഖത്തു നിന്ന് ശനിയാഴ്ച അയച്ച ചരക്കു കപ്പൽ ഇന്നലെ ഈജിപ്തിലെ സീനായിലെ പോർട്ട് സഈദ് തുറമുഖത്തെത്തി. 1,050 ടൺ റിലീഫ് വസ്തുക്കളാണ് കപ്പലിലുള്ളത്. വിമാന മാർഗം റിലീഫ് വസ്തുക്കൾ എത്തിക്കുന്നതും കിംഗ് സൽമാൻ സെന്റർ തുടരുകയാണ്. സാധ്യമായത്ര കൂടുതൽ റിലീഫ് വസ്തുക്കൾ എത്തിക്കാൻ വേണ്ടിയാണ് ചരക്കു കപ്പലുകൾ ഉപയോഗിക്കുന്നത്.
താനും ഈജിപ്തിലെ സൗദി അംബാസഡറും അൽഅരീശ് എയർപോർട്ടിലെത്തിയത് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിനും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും ഫലസ്തീൻ ജനതയോട് എത്രമാത്രം ശ്രദ്ധയും താൽപര്യവുമുണ്ടെന്നാണ് വ്യക്തമാക്കുന്നതെന്ന് ഡോ. അബ്ദുല്ല അൽറബീഅ പറഞ്ഞു.
റഫ ക്രോസിംഗ് വഴി റിലീഫ് വസ്തുക്കൾ ഗാസയിൽ പ്രവേശിക്കാൻ ഇസ്രായിലിന്റെ അനുമതി ലഭിക്കുക എന്നതാണ് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി. അന്താരാഷ്ട്ര സമൂഹം ഇസ്രായിലിനു മേൽ സമ്മർദം ചെലുത്തുകയും റിലീഫ് വസ്തുക്കൾ വഹിച്ച നൂറു കണക്കിന് ട്രക്കുകൾ പ്രവേശിപ്പിക്കാൻ റഫ ക്രോസിംഗ് അടിയന്തരമായി തുറക്കുകയും വേണം. വിശന്നും വെള്ളവും മരുന്നുമില്ലാതെയും കുട്ടികളും സ്ത്രീകളും പ്രായംചെന്നവരും മരിക്കുന്നത് കാണാൻ ആഗ്രഹിക്കുന്നില്ല.
ഭക്ഷ്യവസ്തുക്കളും മരുന്നുകളും വഹിച്ച 326 ട്രക്കുകളാണ് സൗദി അറേബ്യ ഒരുക്കിയിരിക്കുന്നത്.
അത്യാധുനിക രീതിയിൽ സജ്ജീകരിച്ച 20 ആംബുലൻസുകളും സൗദി അറേബ്യ എത്തിച്ചിട്ടുണ്ട്. റിലീഫ് വസ്തുക്കൾ എത്തിക്കുന്നത് ഇപ്പോഴും തുടരുകയാണെന്നും ഡോ. അബ്ദുല്ല അൽറബീഅ പറഞ്ഞു. ഗാസയിൽ സഹായങ്ങൾ എത്തിക്കുന്നതിന് സൗദി അറേബ്യ നടത്തുന്ന ജനകീയ സംഭാവന ശേഖരണ യജ്ഞത്തിലേക്ക് ഇന്നലെ വരെ 52.5 കോടിയിലേറെ റിയാൽ ലഭിച്ചിട്ടുണ്ട്.
ഡോ. അബ്ദുല്ല അൽറബീഅയും ഈജിപ്തിലെ സൗദി അംബാസഡർ ഉസാമ നുഖലിയും കിംഗ് സൽമാൻ റിലീഫ് സെന്റർ സംഘവും ഈജിപ്ഷ്യൻ, ഫലസ്തീൻ റെഡ് ക്രസന്റ് പ്രതിനിധികളും പിന്നീട് റഫ ക്രോസിംഗും റിലീഫ് വസ്തുക്കൾ സൂക്ഷിച്ച വെയർഹൗസുകളും മറ്റും സന്ദർശിച്ചു.
ഇന്നലെ വരെ വിമാന മാർഗം 15 ലോഡ് റിലീഫ് വസ്തുക്കൾ കിംഗ് സൽമാൻ സെന്റർ അൽഅരീശ് എയർപോർട്ട് വഴി എത്തിച്ചു. റിലീഫ് വസ്തുക്കൾ വഹിച്ച രണ്ടാമത്തെ കപ്പൽ അടുത്ത ശനിയാഴ്ചയും മൂന്നാമത്തെ കപ്പൽ അടുത്ത ചൊവ്വാഴ്ചയും ജിദ്ദ തുറമുഖം വിടുമെന്നും ഡോ. അബ്ദുല്ല അൽറബീഅ പറഞ്ഞു.