ഷാര്‍ജ : കുടുംബങ്ങള്‍ക്ക് മാത്രം താമസിക്കാന്‍ നിശ്ചയിച്ചിട്ടുള്ള പ്രദേശങ്ങളില്‍ താമസിക്കുന്ന ഷാര്‍ജയിലെ ബാച്ച്‌ലര്‍ പ്രവാസികള്‍ ജാഗ്രതൈ. നടപടി കടുപ്പിക്കാന്‍ അധികൃതരുടെ തീരുമാനം.
ഷാര്‍ജ കിരീടാവകാശിയും ഉപഭരണാധികാരിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഷാര്‍ജ എക്‌സിക്യൂട്ടീവ് കൗണ്‍സിലിന്റെ പ്രതിവാര യോഗമാണ് കടുത്ത നടപടിക്ക് നിര്‍ദേശം നല്‍കിയത്.
ഷാര്‍ജയിലെ ചില റെസിഡന്‍ഷ്യല്‍ ഏരിയകള്‍ കുടുംബങ്ങള്‍ക്ക് മാത്രം താമസിക്കാനുള്ളതാണ്. ഈ പ്രദേശങ്ങളില്‍ കുടുംബം ഒപ്പമില്ലാത്തവര്‍ താമസിക്കുന്നില്ല എന്ന് ഉറപ്പുവരുത്താന്‍ പതിവായി പരിശോധനകള്‍ നടത്താറുണ്ട്. നിയമങ്ങള്‍ ലംഘിച്ചതിന് നിരവധിപേര്‍ക്കെതിരെ മുന്‍കാലങ്ങളില്‍ നടപടി ഉണ്ടായിട്ടുമുണ്ട്. ആയിരക്കണക്കിന് പേരെയാണ് അവരുടെ താമസസ്ഥലങ്ങളില്‍നിന്നു പുറത്താക്കിയത്.
നിലവില്‍ ഇതുസംബന്ധിച്ച് എമിറേറ്റിലുള്ള നിയമങ്ങളും സാഹചര്യവും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ യോഗം അവലോകനം ചെയ്തു. ബന്ധപ്പെട്ട സര്‍ക്കാര്‍ ഏജന്‍സികള്‍ യോഗത്തില്‍ അവരുടെ അഭിപ്രായങ്ങള്‍ പങ്കുവച്ചു. നടപടിക്രമങ്ങള്‍ എങ്ങനെ കാര്യക്ഷമമാക്കാനും മെച്ചപ്പെടുത്താനും കഴിയുമെന്നതിനെ കുറിച്ചുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുകയും ചെയ്തു. നിയന്ത്രണം കര്‍ശനമാക്കാനും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ നിര്‍ദേശിച്ചു.