ജിദ്ദ : ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് കരാർ ഇൻഷുർ ചെയ്യുന്നതിന്റെ ചുമതല തൊഴിലുടമകൾക്ക് നൽകി ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് നടപടിക്രമങ്ങൾക്കുള്ള മുസാനിദ് പ്ലാറ്റ്‌ഫോം ഇൻഷുറൻസ് സംവിധാനം പരിഷ്‌കരിച്ചു. ഇതുവരെ റിക്രൂട്ട്‌മെന്റ് കരാർ ഇൻഷുർ ചെയ്യുന്നതിന്റെ ചുമതല റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങൾക്കായിരുന്നു. പരിഷ്‌കരണങ്ങൾ വരുത്തുന്നതിന്റെ ഭാഗമായി റിക്രൂട്ട്‌മെന്റ് കരാർ ഇൻഷുറൻസ് സേവനം മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിനു കീഴിലെ മുസാനിദ് പ്ലാറ്റ്‌ഫോം താൽക്കാലികമായി നിർത്തിവെച്ചിരുന്നു. പരിഷ്‌കരിച്ച ശേഷം തിങ്കളാഴ്ച മുതൽ സേവനം പുനരാരംഭിച്ചു. പരിഷ്‌കരണം അനുസരിച്ച് റിക്രൂട്ട്‌മെന്റ് കരാറുകൾ ഇൻഷുർ ചെയ്യാൻ ഇൻഷുറൻസ് കമ്പനികളുമായി നേരിട്ട് കരാർ ഒപ്പുവെക്കാൻ തൊഴിലുടമകൾക്ക് സാധിക്കും. നേരത്തെ ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് കരാർ ഇൻഷുറൻസുമായി ബന്ധപ്പെട്ട് ചില സാങ്കേതിക പ്രശ്‌നങ്ങൾ പ്രത്യക്ഷപ്പെട്ടിരുന്നു. തുടർന്നാണ് ഇതിൽ മുസാനിദ് പ്ലാറ്റ്‌ഫോം മാറ്റങ്ങൾ വരുത്തിയത്.
റിക്രൂട്ട്‌മെന്റ് കമ്പനികളെയും ഓഫീസുകളെയും പ്രതിനിധീകരിച്ച് റിക്രൂട്ട്‌മെന്റ് കരാറുകൾ ഇൻഷുർ ചെയ്യുന്നതിനുള്ള നടപടികൾ നജും കമ്പനി വഴി ഓട്ടോമാറ്റിക് ആയി പൂർത്തിയാക്കുമെന്ന് റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങൾക്കുള്ള സർക്കുലറിൽ മുസാനിദ് പ്ലാറ്റ്‌ഫോം പറഞ്ഞു. മുസാനിദ് പ്ലാറ്റ്‌ഫോമിൽ തന്നെ ഇപ്പോൾ ഇൻഷുറൻസ് കോളം ഉൾപ്പെടുത്തിയിട്ടുണ്ട്.
റിക്രൂട്ട്‌മെന്റ് കരാർ ഇൻഷുറൻസ് പോളിസി പ്രകാരം തൊഴിലാളികൾ ഒളിച്ചോടുകയോ ജോലി ചെയ്യാൻ വിസമ്മതിക്കുകയോ ചെയ്യുന്ന പക്ഷം റിക്രൂട്ട്‌മെന്റ് ചെലവ് തൊഴിലുടമകൾക്ക് തിരികെ ലഭിക്കും. വിവിധ ഇൻഷുറൻസ് കമ്പനികൾ വ്യത്യസ്ത നിരക്കുകളാണ് റിക്രൂട്ട്‌മെന്റ് കരാർ ഇൻഷുറൻസ് പോളിസി നിരക്കായി ഈടാക്കുന്നത്. 24 മാസ കാലാവധിയുള്ള പോളിസിക്ക് 600 റിയാൽ മുതൽ 2,000 റിയാൽ വരെ കമ്പനികൾ ഈടാക്കുന്നു.
ഇൻഷുറൻസ് കമ്പനികൾ നിർണയിക്കുന്ന സമയത്തിനകം പോളിസി നിരക്ക് അടക്കാൻ കഴിയാത്തത് അടക്കം റിക്രൂട്ട്‌മെന്റ് കരാർ ഇൻഷുറൻസ് പോളിസി നിരക്ക് അടക്കുന്നതുമായി ബന്ധപ്പെട്ട് ചില പ്രശ്‌നങ്ങൾ നേരത്തെ പ്രത്യക്ഷപ്പെട്ടിരുന്നു. ഇത് നിരവധി റിക്രൂട്ട്‌മെന്റ് കരാറുകൾ തടസ്സപ്പെടാൻ ഇടയാക്കിയിരുന്നു. പുതിയ സംവിധാനം അനുസരിച്ച് തൊഴിലുടമകളും ഇൻഷുറൻസ് കമ്പനികളും നേരിട്ടാണ് റിക്രൂട്ട്‌മെന്റ് കരാർ ഇൻഷുർ ചെയ്യൽ നടപടികൾ പൂർത്തിയാക്കേണ്ടത്. നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ ലക്ഷ്യമിട്ട് എല്ലാവരുടെയും അപേക്ഷയുടെ അടിസ്ഥാനത്തിലാണ് റിക്രൂട്ട്‌മെന്റ് കരാർ ഇൻഷുറൻസ് പ്രക്രിയയിൽ നിന്ന് റിക്രൂട്ട്‌മെന്റ് കമ്പനികളെയും ഓഫീസുകളെയും അകറ്റിനിർത്തിയത്.
റിക്രൂട്ട്‌മെന്റ് കരാർ ഇൻഷുറൻസ് പോളിസി നിരക്ക് അടക്കാൻ നേരത്തെ ഇൻഷുറൻസ് കമ്പനികൾ പരമാവധി 14 ദിവസമാണ് അനുവദിച്ചിരുന്നത്. സൗദിയിൽ 35 ലക്ഷത്തിലേറെ ഗാർഹിക തൊഴിലാളികളുണ്ട്. ഇപ്പോൾ ഇന്ത്യയും ബംഗ്ലാദേശും ശ്രീലങ്കയും അടക്കം 30 രാജ്യങ്ങളിൽ നിന്ന് ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ അവസരമുണ്ട്. നിലവിൽ ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് കരാർ ഇൻഷുർ ചെയ്യൽ നിർബന്ധമല്ല. ഇഷ്ടമുള്ളവർ മാത്രം കരാർ ഇൻഷുർ ചെയ്താൽ മതി.
സ്വന്തം രാജ്യത്തു നിന്ന് ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ വിദേശികൾക്ക് വിസകൾ അനുവദിക്കില്ലെന്നും സ്വന്തം രാജ്യക്കാരായ വേലക്കാരെ റിക്രൂട്ട് ചെയ്യാനുള്ള അപേക്ഷകൾ വിദേശികൾക്ക് സമർപ്പിക്കാൻ കഴിയില്ലെന്നും മുസാനിദ് പ്ലാറ്റ്‌ഫോം വ്യക്തമാക്കിയിട്ടുണ്ട്. വിദേശികൾക്ക് മറ്റു രാജ്യക്കാരായ ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാവുന്നതാണ്. റിക്രൂട്ട്‌മെന്റ് വ്യവസ്ഥകൾക്കും അപേക്ഷകന്റെ സാമ്പത്തിക സ്ഥിതിക്കും അനുസരിച്ചാണ് വിസകൾ അനുവദിക്കുക.
ഗാർഹിക തൊഴിലാളിയെ റിക്രൂട്ട് ചെയ്യാനുള്ള വിസ അനുവദിക്കാൻ വിദേശ ജീവനക്കാരന്റെ മിനിമം വേതനം പതിനായിരം റിയാലായി നിശ്ചയിച്ചിട്ടുണ്ട്. ഒരു ലക്ഷം റിയാലിന്റെ ബാങ്ക് ബാലൻസുള്ളത് വ്യക്തമാക്കുന്ന രേഖ സമർപ്പിച്ച് ധനസ്ഥിതിയും തെളിയിക്കണം. രണ്ടാമതൊരു ഗാർഹിക തൊഴിലാളിയെ കൂടി റിക്രൂട്ട് ചെയ്യാനുള്ള വിസ ലഭിക്കാൻ വിദേശിയുടെ മിനിമം വേതനം 20,000 റിയാലായിരിക്കണമെന്ന് വ്യവസ്ഥയുണ്ട്. കൂടാതെ രണ്ടു ലക്ഷം റിയാലിന്റെ ബാങ്ക് ബാലൻസുള്ളത് സ്ഥിരീകരിക്കുന്ന രേഖയും സമർപ്പിക്കണം. ശമ്പളം വ്യക്തമാക്കി ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസിൽ നിന്നുള്ള സർട്ടിഫിക്കറ്റാണ് വിസാ അപേക്ഷക്കൊപ്പം വിദേശികൾ സമർപ്പിക്കേണ്ടത്. സർട്ടിഫിക്കറ്റിന് 60 ദിവസത്തിൽ കൂടുതൽ പഴക്കമുണ്ടാകാൻ പാടില്ലെന്നും വ്യവസ്ഥയുണ്ട്.