റിയാദ് : സൗദി അറേബ്യയിലെ റുബുഉല്‍ ഖാലി മരുഭൂമിയില്‍ ഒട്ടകപ്പക്ഷിയുടെ മുട്ട കണ്ടെത്തി. മരൂഭൂമിയിലൂടെ സഞ്ചരിക്കുകയായിരുന്ന ഏതാനും പേരാണ് മണലില്‍ അഞ്ച് മുട്ടകള്‍ കണ്ടെത്തിയത്. ഏതാനും മുട്ടകളുടെ അവശിഷ്ടങ്ങളും സമീപത്തുണ്ട്. റുബുല്‍ ഖാലിയില്‍ ഇപ്പോള്‍ ഒട്ടകപ്പക്ഷികളില്ലെന്നാണ് പരിസ്ഥിതി വിദഗ്ധരും മറ്റും പറയുന്നത്. എന്നിട്ടും എങ്ങനെ ഇവിടെ മുട്ടകള്‍ കണ്ടെത്തിയെന്നത് വിചിത്രമാണെന്നതാണ് ഇവരുടെ പക്ഷം. തരിശായി കിടക്കുന്ന ഈ മരുഭൂമിയില്‍ ഇപ്പോള്‍ ഒട്ടകപ്പക്ഷികളില്ലെന്നും മുട്ടകളുടെ കാലപ്പഴക്കം പരിശോധിക്കണമെന്നും ഇതോടെ ആവശ്യമുയര്‍ന്നിരിക്കുകയാണ്.
അറേബ്യന്‍ ഉപദ്വീപില്‍ വംശനാശം സംഭവിച്ച ജീവികളുടെ ഫോസിലുകള്‍, അസ്ഥികള്‍, പുരാതന ലിപികള്‍, ലിഖിതങ്ങള്‍ തുടങ്ങിയ കാണപ്പെടുന്നുണ്ട്. അത്തരത്തിലുള്ളതായിരിക്കാമിത്. അതിനാല്‍ ബന്ധപ്പെട്ട വകുപ്പുകളെ അറിയിച്ച് കൂടുതല്‍ ഗവേഷണ പഠനങ്ങള്‍ക്ക് വഴി തുറക്കണമെന്ന് ചിലര്‍ സാമൂഹിക മാധ്യമങ്ങളില്‍ ആവശ്യപ്പെട്ടു.
അറേബ്യന്‍ ഒട്ടകപ്പക്ഷിക്ക് വംശനാശം സംഭവിച്ചിട്ടുണ്ടെന്ന് ഒരു പരിസ്ഥിതി നിരീക്ഷകന്‍ അഭിപ്രായപ്പെട്ടു. വിവിധ സംരക്ഷിത വനപ്രദേശങ്ങളില്‍ ഇപ്പോള്‍ കാണുന്നത് ആഫ്രിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്ത ഒട്ടകപ്പക്ഷികളാണ്. ഈ മുട്ട ആഫ്രിക്കന്‍ ഒട്ടകപ്പക്ഷിയുടെതാണോ അതോ അറബ് ഒട്ടകപ്പക്ഷിയുടെതാണോയെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.
അറേബ്യന്‍ ഉപദ്വീപിന്റെ ഹൃദയം പുനരുജ്ജീവിപ്പിക്കാന്‍ പര്യവേക്ഷകനായ മാര്‍ക്ക് ഇവാന്‍സും സംഘവും പര്യവേക്ഷകനായ അബ്ദുല്ല ഫില്‍ബിയുടെ പാത പിന്തുടര്‍ന്ന് നടത്തിയ യാത്രയില്‍ നിരവധി പക്ഷികളുടെയും മൃഗങ്ങളുടെയും അടയാളങ്ങള്‍ കണ്ടെത്തിയിരുന്നു. ഒട്ടകപ്പക്ഷികള്‍, സിംഹങ്ങള്‍, കഴുകന്മാര്‍, കൂടാതെ വ്യത്യസ്തമായ ജീവിതങ്ങളുടെയും പരിസ്ഥിതിയുടെയും സൂചനയായി ഡ്രോയിംഗുകളും പാറകളിലെ കൊത്തുപണികളും അവര്‍ കണ്ടെത്തിയിരുന്നു. നഫൂദ് ദല്‍ഖാന്‍ എന്ന മരുഭൂ പ്രദേശത്തെ മണല്‍ കുഴികളില്‍ ഒട്ടകപ്പക്ഷിയുടെ മുട്ടകളും മുസൈഖല മലയില്‍ ശിലാ ചിത്രങ്ങളും ലിഖിതങ്ങളും അവര്‍ കണ്ടെത്തിയിരുന്നു.