റിയാദ് : സൗദിയില്‍ ലോറികളുടെ ഭാരവും വലുപ്പവും പരിധി ലംഘിക്കുന്നില്ലെന്ന് ഉറപ്പു വരുത്താന്‍ കര്‍ശന നടപടികളുമായ ജനറല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി. ട്രാഫിക് നിയമങ്ങളുടെ ഖണ്ഡിക 23 പ്രകാരം ലോറികളുടെ പരമാവധി നീളം 23 മീറ്ററും വീതി 2.6 മീറ്ററും ഉയരം 2.6 മീറ്ററിലും കൂടുതലാകാന്‍ പാടില്ല. നീളത്തിലോ ഉയരത്തിലോ വീതിയുടെ കാര്യത്തിലോ പരിധി ലംഘിക്കുന്ന വാഹനങ്ങള്‍ക്കെതിരെ ആയിരം റിയാല്‍ പിഴ ചുമത്തും. റോഡുകള്‍ പൊതുമുതലെന്ന നിലയില്‍ ഗൗരവത്തോടെ സൂക്ഷിക്കപ്പെടേണ്ടതാണ്, വാഹനങ്ങളുടെ അമിത ഭാരവും ഉയരവുമെല്ലാം റോഡുകള്‍ക്കും പാലങ്ങള്‍ക്കും നാശം വരുത്തും. നിയമം അനുശാസിക്കുന്ന തരത്തില്‍ ഭാരത്തിന്റെ കാര്യത്തിലെ പരിധിയും കര്‍ശനമായി പാലിക്കാന്‍ ജനറല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ആവശ്യപ്പെട്ടു. ഇതനുസരിച്ച് രണ്ട് ആക്‌സില്‍ ട്രക്കുകളുടെ പരമാവധി ഭാരം 21 ടണ്ണും മൂന്ന് ആക്‌സില്‍ വാഹനങ്ങള്‍ക്ക് 34 ടണ്ണും നാല് ആക്‌സില്‍ വാഹനങ്ങള്‍ക്ക് 42 ടണ്‍ ഭാരവും അഞ്ച് ആക്‌സില്‍ വാഹനങ്ങള്‍ക്ക് 45 ടണ്‍ ഭാരവും കയറ്റാനാകും. ഭാരപരിധി ലംഘിക്കുന്ന വാഹനങ്ങള്‍ക്ക് ഓരോ ക്വിന്റലിനും 200 റിയാലെന്ന തോതില്‍ 100000 റിയാല്‍ വരെ പിഴ ഈടാക്കുമെന്നും അതോറിറ്റി മുന്നറിയിപ്പു നല്‍കി.