എല്‍പിജി ടാങ്കര്‍ ഡ്രൈവര്‍ ജോലിയില്‍ സൗദിവല്‍ക്കരണം നടപ്പാക്കിറിയാദ് – ദ്രവീകൃത പെട്രോളിയം വാതകം കൊണ്ടുപോകുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ സൗദി പൗരന്മാര്‍ ആയിരിക്കണമെന്ന് ഇന്‍ഡസ്ട്രിയല്‍ സുരക്ഷ അതോറിറ്റി ആവശ്യപ്പെട്ടു. അടിയന്തര സാഹചര്യങ്ങളിലെ സുരക്ഷാനടപടികളുടെ നിലവാരം ഉയര്‍ത്തുക ലക്ഷ്യമിട്ടാണ് പദ്ധതി. ഏതെങ്കിലും കമ്പനികള്‍ക്ക് ഈ മേഖലയില്‍ സൗദികളെ നിയമിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ നാലു വര്‍ഷം വരെ സാവകാശം അനുവദിക്കുമെന്നും ഘട്ടം ഘട്ടമായി സൗദിവത്കരണം നടത്തണമെന്നും അതോറിറ്റി അറിയിച്ചു.
സൗദി ഡ്രൈവര്‍മാര്‍ക്കാണ് ഈ മേഖലയില്‍ മുന്‍ഗണന നല്‍കേണ്ടത്. ദ്രവീകൃത വാതകം കൊണ്ടുപോകുന്നതില്‍ മുന്‍ പരിചയമില്ലാത്ത ഏതൊരു പുതിയ ഡ്രൈവറും യോഗ്യതയുള്ള ഡ്രൈവറുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ 30 ദിവസത്തില്‍ കുറയാത്ത പ്രൊബേഷണറി ഡ്രൈവിംഗ് കാലയളവിന് വിധേയമാണെന്ന് ഗതാഗത കമ്പനികള്‍ ഉറപ്പാക്കണം.
ഡ്രൈവര്‍മാര്‍ക്കുള്ള ഏറ്റവും പ്രധാനപ്പെട്ട വ്യവസ്ഥകളിലൊന്ന് വായിക്കാനും എഴുതാനുമുള്ള കഴിവാണ്. ഇംഗ്ലീഷ് സംസാരിക്കാനും എഴുതാനും കഴിയുന്നവര്‍ക്ക് മുന്‍ഗണന നല്‍കണം. ഡ്രൈവറുടെ പ്രായം 22 വയസ്സില്‍ കുറയുകയോ 55 വയസ്സില്‍ കൂടുകയോ ചെയ്യരുത്. അപകടകരമായ വസ്തുക്കള്‍ കൊണ്ടുപോകുന്നതില്‍ മുന്‍കൂര്‍ പരിചയം ആവശ്യമില്ല. എന്നാല്‍ എല്ലാ ഉദ്യോഗാര്‍ത്ഥികളും അത് സംബന്ധിച്ച് പരിശീലനവും അറിവും നേടിയിരിക്കണം. മയക്കുമരുന്ന് ഉപയോഗം, കള്ളക്കടത്ത്, മോഷണം, ആക്രമണം മുതലായ കുറ്റകൃത്യങ്ങളില്‍ നേരത്തെ ശിക്ഷിക്കപ്പെടാന്‍ പാടില്ലെന്നും നിബന്ധനയുണ്ട്.
പൂര്‍ണമായ സുരക്ഷ സംവിധാനങ്ങളില്ലാതെ ടാങ്കുകളില്‍ ദ്രവീകൃത വാതകം നിറക്കരുത്. നഗരപരിധിയില്‍ സേവനങ്ങള്‍ നല്‍കുമ്പോള്‍ വിദഗ്ധര്‍ നിര്‍ദേശിച്ച പ്രകാരമുള്ള ടാങ്കുകളാണ് ഉപയോഗിക്കേണ്ടത്. ഫില്ലിംഗ് കേന്ദ്രങ്ങളില്‍ നിന്ന് സെയില്‍സ് സെന്ററുകളിലേക്ക് ഗ്യാസ് സിലിണ്ടറുകള്‍ കൊണ്ടുപോകുമ്പോള്‍ പ്രത്യേകം സജ്ജീകരിച്ച വാഹനങ്ങളിലാണ് കൊണ്ടുപോകേണ്ടത്. ഈ വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ക്ക് വര്‍ക്ക് കാര്‍ഡുകള്‍ നല്‍കുകയും വേണം- അതോറിറ്റി ആവശ്യപ്പെട്ടു.
എല്‍പിജി ടാങ്കര്‍ ഡ്രൈവര്‍ ജോലിയില്‍ സൗദിവല്‍ക്കരണം നടപ്പാക്കി
