ജിദ്ദ : മറ്റു ദിവസങ്ങളെ അപേക്ഷിച്ച് അവധിക്കാലത്ത് വാഹനാപകടങ്ങൾ 15 ശതമാനം തോതിൽ വർധിക്കുന്നതായി റോഡ്‌സ് ജനറൽ അതോറിറ്റി പറഞ്ഞു. അവധിക്കാലത്ത് സുരക്ഷാ നിർദേശങ്ങൾ പാലിക്കേണ്ടതും ഡ്രൈവർമാരും യാത്രക്കാരും സീറ്റ് ബെൽറ്റ് ധരിക്കേണ്ടതും നിയമാനുസൃത വേഗപരിധി പാലിക്കേണ്ടതും ഡ്രൈവിംഗിനിടെ മൊബൈൽ ഫോണുകൾ ഉപയോഗിക്കാതിരിക്കേണ്ടതും പ്രധാനമാണ്.
കുട്ടികളെ അവർക്കുള്ള പ്രത്യേക സീറ്റുകളിൽ ഇരുത്തണം. ഇത് അപകടങ്ങൾക്കിടെ അവരുടെ സുരക്ഷ കാത്തുസൂക്ഷിക്കാൻ വലിയ തോതിൽ സഹായിക്കും. സുരക്ഷ ഉറപ്പുവരുത്താൻ ടയറുകളും മറ്റു വാഹന ഭാഗങ്ങളും പരിശോധിക്കണം. സുരക്ഷാ ഉപകരണങ്ങൾ വാഹനത്തിലുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും യാത്രക്കു മുമ്പ് ആവശ്യത്തിന് ഉറങ്ങണമെന്നും അതോറിറ്റി പറഞ്ഞു. മഴക്കിടെ വാഹനമോടിക്കുന്നതിനെതിരെ റോഡ്‌സ് ജനറൽ അതോറിറ്റി മുന്നറിയിപ്പും നൽകി.
യാത്രക്കാരുടെ അനുഭവം മെച്ചപ്പെടുത്തുന്ന നിലക്ക് റോഡ് മേഖലയുമായി ബന്ധപ്പെട്ട നയങ്ങളും മാനദണ്ഡങ്ങളും വ്യവസ്ഥകളും തയാറാക്കി സൗദിയിൽ റോഡ് മേഖല ക്രമീകരിക്കാനും മേഖലക്ക് മേൽനോട്ടം വഹിക്കാനും ലക്ഷ്യമിട്ട് കഴിഞ്ഞ ഓഗസ്റ്റിലാണ് മന്ത്രിസഭ റോഡ്‌സ് ജനറൽ അതോറിറ്റി സ്ഥാപിച്ചത്. സുരക്ഷക്കും ഗുണനിലവാരത്തിനും ഊന്നൽ നൽകുന്ന റോഡ് മേഖലാ തന്ത്രം ലക്ഷ്യങ്ങൾ കൈവരിക്കാൻ അതോറിറ്റി പ്രവർത്തിക്കുന്നു. 2030 ഓടെ രാജ്യത്ത് വാഹനാപകട മരണ നിരക്ക് ഒരു ലക്ഷം പേർക്ക് അഞ്ചിൽ താഴെയായി കുറക്കാൻ റോഡ് മേഖലാ തന്ത്രം ലക്ഷ്യമിടുന്നു.