റിയാദ് : സൗദിയിൽ ഹൈഡ്രജൻ ട്രെയിൻ പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തിപ്പിക്കാൻ തുടങ്ങി. മധ്യപൗരസ്ത്യദേശത്തെയും ഉത്തരാഫ്രിക്കയിലെയും ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ ആണിത്. റിയാദിൽ നടക്കുന്ന ഹൈഡ്രജൻ ട്രെയിൻ പരീക്ഷണ സർവീസ് ഗതാഗത, ലോജിസ്റ്റിക് മന്ത്രിയും സൗദി അറേബ്യ റെയിൽവെയ്‌സ് ഡയറക്ടർ ബോർഡ് പ്രസിഡന്റുമായ എൻജിനീയർ സ്വാലിഹ് അൽജാസിർ നേരിട്ട് വിലയിരുത്തി.
ഗതാഗത മേഖലയിൽ ഇന്ധനത്തിന് ശുദ്ധമായ ബദലുകൾ കണ്ടെത്താനുള്ള ദേശീയ ഗതാഗത, ലോജിസ്റ്റിക് സർവീസ് തന്ത്രവും സൗദി ഗ്രീൻ ഇനീഷ്യേറ്റീവും അടക്കം വിഷൻ 2030 ലക്ഷ്യങ്ങൾ കൈവരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹൈഡ്രജൻ ട്രെയിൻ പരീക്ഷിക്കുന്നതെന്ന് സൗദി അറേബ്യ റെയിൽവെയ്‌സ് പ്ലാനിംഗ് വിഭാഗം ഡയറക്ടർ ജനറൽ അശ്‌റഫ് അൽജാബിരി പറഞ്ഞു. കഴിഞ്ഞ മാസം മുതലാണ് ഹൈഡ്രജൻ ട്രെയിൻ പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തിപ്പിക്കാൻ തുടങ്ങിയത്.
മൂന്നു പ്രധാന കാര്യങ്ങളിൽ ഇത് ശ്രദ്ധ കേന്ദ്രീകരിക്കുന്നു. നിയമനിർമാണ സംവിധാനങ്ങൾ, പ്രവർത്തന സംവിധാനങ്ങൾ, ഇത്തരം ട്രെയിനുകൾ പ്രവർത്തിപ്പിക്കാൻ രാജ്യത്തുള്ള വെല്ലുവിളികൾ, മുൻ ട്രെയിൻ അനുഭവങ്ങളിൽ നിന്ന് പഠിച്ച പാഠങ്ങൾ, സാങ്കേതിക വശം എന്നിവയെല്ലാം കണക്കിലെടുത്തും പഠിച്ചും സൗദിയിലെ പരിസ്ഥിതിക്ക് അനുയോജ്യമായ രീതിയിൽ നിർമാണ കമ്പനികളുമായി സഹകരിച്ച് ഹൈഡ്രജൻ ട്രെയിനുകൾ വികസിപ്പിക്കും. സൗദിയിലെ പരിസ്ഥിതി തണുത്ത കാലാവസ്ഥയുള്ള യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന് വ്യത്യസ്തമാണ്. ഇപ്പോൾ നടത്തുന്ന പരീക്ഷണ സർവീസുകളിലൂടെ സൗദിയിലെ മരുഭൂ അന്തരീക്ഷവുമായി പൊരുത്തപ്പെടാനാണ് ശ്രമം. ഇതിനനുസൃതമായി ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നത് ട്രെയിനുകളുടെ കാര്യക്ഷമത ഉയർത്തും.
കാർബൺ ബഹിർഗമനം തീരെയില്ല എന്നതാണ് ഹൈഡ്രജൻ ട്രെയിനിന്റെ സവിശേഷത. വൈദ്യുതി ട്രെയിനുകളിൽ നിന്ന് വ്യത്യസ്തമായി ഇവ പരിസ്ഥിതി സൗഹൃദമാണെന്നും അശ്‌റഫ് അൽജാബിരി പറഞ്ഞു. ഫ്രഞ്ച് ബഹുരാഷ്ട്ര കമ്പനിയായ ആൽസ്റ്റം നിർമിച്ച ഹൈഡ്രജൻ ട്രെയിൻ ആണ് റിയാദിൽ പരീക്ഷിക്കുന്നത്. സൗദി പരിസ്ഥിതിക്ക് അനുയോജ്യമാണെന്ന് ഉറപ്പുവരുത്തിയും ഇതിനാവശ്യമായ മാറ്റങ്ങൾ വരുത്തിയും ഹൈഡ്രജൻ ട്രെയിനുകൾ സൗദിയിൽ വാണിജ്യാടിസ്ഥാനത്തിലുള്ള സർവീസിന് ഉപയോഗിക്കും.
2018 ൽ ജർമനിയിൽ ആണ് ആദ്യമായി ഹൈഡ്രജൻ ട്രെയിൻ പരീക്ഷിക്കാൻ തുടങ്ങിയത്. 2020 വരെ പരീക്ഷണം തുടർന്നു. 2022 ൽ പരിമിതമായ തോതിൽ വാണിജ്യാടിസ്ഥാനത്തിൽ സർവീസ് ആരംഭിച്ചു. ശുദ്ധമായ ഊർജ സ്രോതസ്സുകൾ ഉപയോഗിച്ച് ജീവിത നിലവാരം മെച്ചപ്പെടുത്താനും ഭാവി തലമുറയെ സംരക്ഷിക്കാനുമുള്ള ഏറ്റവും മികച്ച ആഗോള അനുഭവങ്ങളും സാങ്കേതികവിദ്യകളും സ്വീകരിച്ച് മേഖലയുടെ ഭാവിയിലേക്കുള്ള സൗദി ഭരണാധികാരികളുടെ കാഴ്ചപ്പാട് ഹൈഡ്രജൻ ട്രെയിൻ പരീക്ഷണം സ്ഥിരീകരിക്കുന്നു. സുസ്ഥിര ഗതാഗതം ശക്തമാക്കാനും ക്ലീൻ എനർജി സാങ്കേതികവിദ്യകളിൽ നിക്ഷേപം നടത്താനുമുള്ള നൂതന ചുവടുവെപ്പ് എന്നോണം സൗദിയിൽ ഹൈഡ്രജൻ ട്രെയിൻ പരീക്ഷിക്കാൻ ആൽസ്റ്റം കമ്പനിയുമായി കരാർ ഒപ്പുവെച്ചതായി കഴിഞ്ഞ മാസാദ്യം സൗദി അറേബ്യ റെയിൽവെയ്‌സ് അറിയിച്ചിരുന്നു.
ഹൈഡ്രജൻ ട്രെയിൻ പരീക്ഷണ സർവീസുകൾക്ക് സൗദിയിൽ തുടക്കം
