ദമാം : സൗദിയിൽ ആധുനിക സാങ്കേതികവിദ്യകൾ സ്വദേശി ജീവനക്കാരുമായി മത്സരിക്കുന്നില്ലെന്ന് വ്യവസായ, ധാതുവിഭവ മന്ത്രി ബന്ദർ അൽഖുറൈഫ് പറഞ്ഞു. കിഴക്കൻ പ്രവിശ്യയിൽ സംഘടിപ്പിച്ച ‘റാദ്’ സംരംഭകത്വ ഫോറത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. സൗദിയിൽ വ്യവസായ മേഖലയിൽ നിക്ഷേപാവസരങ്ങളിൽ കാതലായ മാറ്റങ്ങളുണ്ടായിട്ടുണ്ട്.
മഹത്തായ ദേശീയ ഇച്ഛാശക്തി കാരണം ആധുനിക നിർമാണ സാങ്കേതികവിദ്യകൾ സ്വീകരിക്കാൻ ഏറ്റവും സുസജ്ജമായ രാജ്യങ്ങളിൽ ഒന്നാണ് സൗദി അറേബ്യ. സൗദിയിൽ സാങ്കേതികവിദ്യയും സ്വദേശി ജീവനക്കാരും തമ്മിൽ മത്സരമില്ല. യുവജനങ്ങളിൽ ഭൂരിഭാഗവും ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിക്കാൻ താൽപര്യപ്പെടുന്നവരാണ്.
സൗദിയിൽ വ്യവസായ മേഖലയുടെ പരിവർത്തനം ത്വരിതപ്പെടുത്താൻ ഇത് സഹായിക്കും.
ദേശീയ വ്യവസായ തന്ത്രത്തിൽ 60 ലേറെ സംരംഭങ്ങൾ അടങ്ങിയിരിക്കുന്നു. ഇതിൽ പകുതിയും സംരംഭകത്വ മേഖലയെയും ചെറുകിട, ഇടത്തരം കമ്പനികളെയും ലക്ഷ്യമിട്ടുള്ളവയാണ്. ഇൻഡസ്ട്രിയൽ സിറ്റികളിൽ സംരംഭകർക്ക് സ്ഥലങ്ങൾ നീക്കിവെക്കാൻ ശ്രമങ്ങൾ നടക്കുന്നുണ്ട്. വ്യവസായ വികസന നിധി സംഘടിപ്പിക്കുന്ന വ്യവസായ ഹാക്കത്തോണും ദേശീയ വ്യവസായ വികസന പ്രോഗ്രാം ആരംഭിച്ച ‘ആയിരം മൈൽ’ ഇനീഷ്യേറ്റീവും അടക്കം വ്യവസായ, ധാതുവിഭവ മന്ത്രാലയം ആരംഭിച്ച ഏതാനും പദ്ധതികൾ സംരംഭകർക്ക് വലിയ വിജയങ്ങൾ നൽകി.
സൗദി ഉൽപന്നങ്ങളുടെ ഐഡന്റിറ്റി ശക്തമാക്കുന്നതിലും അവ വാങ്ങാൻ പ്രോത്സാഹിപ്പിക്കുന്നതിലും സൗദി കയറ്റുമതിക്കാർക്കു മുന്നിൽ വിദേശ വിപണികൾ തുറന്നുകൊടുക്കുന്നതിലും മെയ്ഡ് ഇൻ സൗദി പ്രോഗ്രാം പ്രധാന പങ്ക് വഹിക്കുന്നു. മെയ്ഡ് ഇൻ മക്ക, മെയ്ഡ് ഇൻ മദീന തുടങ്ങിയ ഉപബ്രാന്റുകളിൽ നിന്ന് മെയ്ഡ് ഇൻ സൗദി പ്രോഗ്രാം പ്രയോജനം നേടാൻ തുടങ്ങിയിട്ടുണ്ട്. സൗദി ടെക്‌നോളജി എന്ന ഉപബ്രാന്റും ലോഞ്ച് ചെയ്തിട്ടുണ്ട്.
ആവശ്യമായ ഗുണനിലവാരവും കാര്യക്ഷമതയുമുള്ള ബ്രാന്റുകൾ തെരഞ്ഞെടുക്കാൻ മെയ്ഡ് ഇൻ സൗദി പ്രോഗ്രാം ശ്രദ്ധിക്കുന്നതായും വ്യവസായ, ധാതുവിഭവ മന്ത്രി പറഞ്ഞു.