റിയാദ് : അധിനിവേശ ഫലസ്തീനിലെ ഗാസയുടെ പുനർ നിർമ്മാണത്തിനായുള്ള ഖത്തർ കമ്മിറ്റിയുടെ ആസ്ഥാനത്തെ ഇസ്രായിൽ അധിനിവേശ സേന അക്രമിച്ചതിൽ സൗദി അറേബ്യ ശക്തമായി പ്രതിഷേധിച്ചു. എല്ലാ അന്താരാഷ്ട്ര നിയമങ്ങളെയും മാനദണ്ഡങ്ങളെയും ഇസ്രായിൽ സൈന്യം ലംഘിക്കുകയാണെന്നും സൗദി വ്യക്തമാക്കി. ഈ നഗ്‌നമായ ആക്രമണത്തിനെതിരെ ഖത്തറിനോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതായും സൗദി പറഞ്ഞു. ഗാസയിലെ അതിക്രമം അവസാനിപ്പിക്കാൻ അന്താരാഷ്ട്ര സമൂഹം അതിന്റെ ഉത്തരവാദിത്തങ്ങൾ നിർവഹിക്കണം. ഗാസയിലെ ആക്രമങ്ങൾ അവസാനിപ്പിക്കാൻ ഉടൻ നടപടി വേണം. സിവിലിയൻമാർക്കും ആശുപത്രികൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കും എതിരെ ചെയ്ത കുറ്റകൃത്യങ്ങൾക്ക് അന്താരാഷ്ട്ര, മാനുഷിക നിയമങ്ങൾക്കനുസൃതമായി ഇസ്രായിലിനെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും സൗദി ആവശ്യപ്പെട്ടു.