ജിദ്ദ : മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ ലൈസൻസോടെ മാൻപവർ സപ്ലൈ കമ്പനികളെ പോലെ ഗാർഹിക തൊഴിലാളി കൈമാറ്റ മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികൾ വഴി മാത്രമേ ഇന്തോനേഷ്യയിൽ നിന്ന് ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ സാധിക്കുകയുള്ളൂ എന്ന് മാനവശേഷി സാമൂഹിക വികസന മന്ത്രാലയത്തിന് കീഴിലെ ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് നടപടികൾക്കുള്ള മുസാനിദ് പ്രോഗ്രാം വ്യക്തമാക്കി. വ്യക്തികളുടെ സ്‌പോൺസർഷിപ്പിൽ ഇന്തോനേഷ്യയിൽ നിന്ന് ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ നിലവിൽ സാധിക്കില്ല. ഇന്തോനേഷ്യക്കാരായ വേലക്കാരെ ആവശ്യമുള്ളവർ ഇത്തരം തൊഴിലാളികളുടെ സേവനം നൽകുന്ന ലൈസൻസുള്ള റിക്രൂട്ട്‌മെന്റ് കമ്പനികളുമായി ബന്ധപ്പെടണമെന്ന് മൂസാനിദ് പ്രോഗ്രാം ആവശ്യപ്പെട്ടു.
ഗാർഹിക തൊഴിലാളികളുടെ സ്‌പോൺസർഷിപ്പ് മൂസാനിദ് പ്ലാറ്റ്‌ഫോം വഴി ഓൺലൈനായി ഇപ്പോൾ എളുപ്പത്തിൽ മാറ്റാൻ സാധിക്കും. ഇതിന് നിലവിലെ സ്‌പോൺസർ കഫാല മാറ്റത്തിന് അപേക്ഷ നൽകുകയാണ് വേണ്ടത്. തുടർന്ന് തൊഴിലാളിയുടെ പേരുവിവരങ്ങളും പുതിയ തൊഴിലുടമയുടെ പേരുവിവരങ്ങളും നൽകണം. തൊഴിലാളിയും പുതിയ തൊഴിലുടമയും സമ്മതം നൽകുകയും സ്‌പോൺസർഷിപ്പ് മാറ്റത്തിനുള്ള ഫീസുകൾ അടക്കുകയും ചെയ്താൽ കഫാലമാറ്റം പൂർത്തിയാകും എന്ന് ഇതുമായി ബന്ധപ്പെട്ട് ലഭിച്ച അന്വേഷണത്തിന് മറുപടിയായി മുസാനിദ് പ്ലാറ്റ്‌ഫോം അറിയിച്ചു.