റിയാദ് : ഫലസ്തീന്‍ ജനതയെ കൊന്നൊടുക്കാന്‍ ഇസ്രായില്‍ സൈന്യവും ജൂതകുടിയേറ്റക്കാരും ഉപയോഗിക്കുന്ന ആയുധങ്ങളും യുദ്ധസാമഗ്രികളും ഇസ്രായിലിലേക്ക് കയറ്റി അയക്കുന്നത് മുഴുവന്‍ രാജ്യങ്ങളും നിര്‍ത്തണമെന്ന് സംയുക്ത അറബ്, ഇസ്‌ലാമിക് ഉച്ചകോടി അംഗീകരിച്ച സമാപന പ്രഖ്യാപനം ആവശ്യപ്പെട്ടു. ഫലസ്തീന്‍ ജനതക്കെതിരെ നടത്തുന്ന യുദ്ധക്കുറ്റങ്ങളിലും മാനവികതക്കെതിരായ കുറ്റകൃത്യങ്ങളിലും ഇസ്രായിലിനെതിരെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി പ്രോസിക്യൂട്ടര്‍ അന്വേഷണം പൂര്‍ത്തിയാക്കണം. അന്താരാഷ്ട്ര നിയമങ്ങള്‍ നടപ്പാക്കുന്നതിലെ ഇരട്ടത്താപ്പിനെ അപലപിക്കുന്നതായും സമാപന പ്രഖ്യാപനം പറഞ്ഞു.
ഗാസയില്‍ ഉടനടി വെടിനിര്‍ത്തല്‍ നടപ്പാക്കല്‍, ഉപരോധം എടുത്തുകളയല്‍, നിര്‍ബന്ധിത കുടിയൊഴിപ്പിക്കല്‍ അപലപിക്കല്‍, സാധാരണക്കാരായ ബന്ദികളെയും തടവുകാരെയും വിട്ടയക്കല്‍, സമാധാന പ്രക്രിയക്ക് അന്താരാഷ്ട്ര സമൂഹം സത്വര നടപടികളെടുക്കല്‍, സമാധാന പ്രക്രിയക്ക് തുടക്കം കുറിക്കാന്‍ എത്രയും വേഗം അന്താരാഷ്ട്ര സമാധാന സമ്മേളനം സംഘടിപ്പിക്കാന്‍ ആഹ്വാനം ചെയ്യല്‍ എന്നിവ അടക്കം 31 തീരുമാനങ്ങളാണ് സമാപന പ്രഖ്യാപനത്തില്‍ അടങ്ങിയിരിക്കുന്നത്.