ജിദ്ദ : വ്യാജ എൻജിനീയറിംഗ് സർട്ടിഫിക്കറ്റ് നിർമിച്ച് സൗദിയിൽ ജോലി നേടിയ വിദേശിക്ക് കോടതി ഒരു വർഷം തടവും പിഴയും ശിക്ഷ വിധിച്ചു. ശിക്ഷ പൂർത്തിയാക്കിയ ശേഷം ഇയാളെ സൗദിയിൽ നിന്ന് നാടുകടത്താനും കോടതി ഉത്തരവിട്ടതായി പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു.
സൗദി കൗൺസിൽ ഓഫ് എൻജിനീയേഴ്‌സ് അക്രഡിറ്റേഷൻ ലഭിക്കാൻ വേണ്ടി സ്വന്തം രാജ്യത്തെ സർക്കാർ മിലിട്ടറി ഇൻസ്റ്റിറ്റിയൂട്ടിന്റെ പേരിലുള്ള മെക്കാനിക്കൽ ടെക്‌നോളജി ഡിപ്ലോമ സർട്ടിഫിക്കറ്റാണ് വിദേശി വ്യാജമായി നിർമിച്ചത്. സൗദി കൗൺസിൽ ഓഫ് എൻജിനീയേഴ്‌സ് അക്രഡിറ്റേഷനു വേണ്ടി സമർപ്പിച്ചപ്പോഴാണ് വിദേശിയുടെ പക്കലുള്ളത് വ്യാജ സർട്ടിഫിക്കറ്റാണെന്ന് വ്യക്തമായത്. തുടർന്ന് കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയായിരുന്നു.