ജിദ്ദ : ഏകീകൃത ഗൾഫ് ടൂറിസ്റ്റ് വിസ ഗൾഫ് സഹകരണ കൗൺസിലിന്റെ പ്രയാണത്തിൽ കൈവരിച്ച നേട്ടങ്ങളുടെ പട്ടികയിലെ പുതിയ ഏടാണെന്ന് ജി.സി.സി സെക്രട്ടറി ജനറൽ ജാസിം അൽബുദൈവി. ഗൾഫ് സുരക്ഷാ സഹകരണ മേഖലയിൽ നേട്ടങ്ങൾ കൈവരിക്കാൻ ജി.സി.സി ഭരണാധികാരികൾ അതീവ ശ്രദ്ധ ചെലുത്തുകയും ഇക്കാര്യത്തിൽ നിർദേശങ്ങൾ നൽകുകയും ചെയ്യുന്നു.
ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങൾ എല്ലാ തലങ്ങളിലും കൈവരിച്ച പുരോഗതിയും അഭിവൃദ്ധിയും മാതൃകയാണ്.
വികസന മേഖലയിൽ കൈവരിച്ച പുരോഗതി ഗൾഫ് രാജ്യങ്ങൾക്ക് പ്രാദേശിക, ആഗോള തലങ്ങളിൽ മികച്ച സ്ഥാനം നൽകുന്നു. ഒന്നിനു പിറകെ മറ്റൊന്നായി നേട്ടങ്ങൾ നേടാൻ ഉയർന്ന തലത്തിലുള്ള ദേശീയ സുരക്ഷ കൈവരിക്കേണ്ടതുണ്ട്. റെക്കോർഡ് സമയത്തിനുള്ളിൽ ഗൾഫ് രാജ്യങ്ങൾ കൈവരിച്ച ഈ വികസന പ്രയാണത്തിന് തടസ്സമായേക്കാവുന്ന എല്ലാ കാര്യങ്ങളും നിരീക്ഷിക്കുകയും പ്രതിരോധിക്കുകയും വേണം. ഗൾഫ് രാജ്യങ്ങളിൽ മയക്കുമരുന്ന് വ്യാപനത്തിന്റെ അപകടം വർധിച്ചുവരികയാണ്. യുവാക്കൾക്കിടയിൽ മയക്കുമരുന്ന് വ്യാപനം ചെറുക്കാൻ എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിക്കേണ്ടത് അനിവാര്യമാണ്. ഇക്കാര്യത്തിൽ ഗൾഫ് രാജ്യങ്ങൾ നടത്തുന്ന ബഹുമുഖ ദേശീയ കാമ്പയിനുകളും സുരക്ഷ വകുപ്പുകൾ നടത്തുന്ന വലിയ ശ്രമങ്ങളും ശ്ലാഘനീയമാണെന്നും ജി.സി.സി സെക്രട്ടറി ജനറൽ പറഞ്ഞു.
നിർണിത സമയക്രമം അനുസരിച്ച് ഏകീകൃത ഗൾഫ് ടൂറിസ്റ്റ് വിസ പദ്ധതി നടപ്പാക്കാൻ കഴിഞ്ഞ ദിവസം മസ്‌കത്തിൽ നടന്ന ഗൾഫ് ആഭ്യന്തര മന്ത്രിമാരുടെ നാൽപതാമത് യോഗം തീരുമാനിച്ചിരുന്നു.
ഗൾഫ് രാജ്യങ്ങൾക്കിടയിൽ ഗതാഗത നിയമ ലംഘനങ്ങൾ ഇലക്ട്രോണിക് രീതിയിൽ ബന്ധിപ്പിക്കുന്ന പദ്ധതിയുടെ ആദ്യ ഘട്ടം യോഗത്തിൽ ഉദ്ഘാടനം ചെയ്തു. മയക്കുമരുന്ന് വിരുദ്ധ പോരാട്ടത്തിന് സമഗ്ര ഗൾഫ് തന്ത്രം തയാറാക്കാൻ യോഗം നിർദേശിച്ചു. ഒമാൻ ആഭ്യന്തര മന്ത്രി ഹമൂദ് ബിൻ ഫൈസൽ അൽബൂസഈദിയുടെ അധ്യക്ഷതയിലാണ് ജി.സി.സി ആഭ്യന്തര മന്ത്രിമാർ മസ്‌കത്തിൽ യോഗം ചേർന്നത്.