ജിദ്ദ : കഴിഞ്ഞ വർഷം വിദേശ വിനോദ സഞ്ചാരികൾ സൗദിയിലെ ഹോട്ടലുകളിലും ഫർണിഷ്ഡ് അപാർട്ട്‌മെന്റുകളിലും ചെലവഴിച്ചത് 27 കോടി രാത്രികൾ. വിദേശ ടൂറിസ്റ്റുകൾ ശരാശരി 16 രാത്രി വീതം സൗദിയിലെ ഹോട്ടലുകളിൽ തങ്ങി. 63 ലക്ഷം ടൂറിസ്റ്റുകൾ ഹോട്ടലുകളിലാണ് തങ്ങിയത്. ആകെ ടൂറിസ്റ്റുകളിൽ 38 ശതമാനം താമസത്തിന് തെരഞ്ഞെടുത്തത് ഹോട്ടലുകളാണ്. 48 ലക്ഷം പേർ സ്വകാര്യ താമസസ്ഥലങ്ങളിലും 47 ലക്ഷം പേർ ഫർണിഷ്ഡ് അപാർട്ട്‌മെന്റുകളിലും തങ്ങി. വിനോദസഞ്ചാരികളിൽ 29 ശതമാനം പേർ സ്വകാര്യ താമസസ്ഥലങ്ങളിലും 28 ശതമാനം പേർ ഫർണിഷ്ഡ് അപാർട്ട്‌മെന്റുകളിലും തങ്ങി. അഞ്ചു ശതമാനം പേർ മറ്റിടങ്ങളിലാണ് താമസിച്ചത്.
കഴിഞ്ഞ കൊല്ലം വിദേശ ടൂറിസ്റ്റുകൾ സൗദിയിൽ 9,830 കോടി റിയാൽ ചെലവഴിച്ചതായി ടൂറിസം മന്ത്രാലയത്തിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നു. ദുൽഹജ് മാസത്തിലാണ് ടൂറിസ്റ്റുകൾ ഏറ്റവുമധികം പണം ചെലവഴിച്ചത്. ആ മാസം 1,580 കോടി റിയാൽ വിദേശ ടൂറിസ്റ്റുകൾ സൗദിയിൽ ചെലവഴിച്ചു. മതപരമായ ആവശ്യങ്ങൾക്ക് എത്തിയ വിദേശ ടൂറിസ്റ്റുകളാണ് കഴിഞ്ഞ വർഷം ഏറ്റവുമധികം പണം സൗദിയിൽ ചെലവഴിച്ചത്. വിദേശ ടൂറിസ്റ്റുകൾ നടത്തിയ ആകെ ധനവിനിയോഗത്തിന്റെ 40.9 ശതമാനവും മതപരമായ ആവശ്യങ്ങൾക്ക് എത്തിയ സഞ്ചാരികളാണ് ചെലവഴിച്ചത്.
2021 നെ അപേക്ഷിച്ച് കഴിഞ്ഞ വർഷം വിദേശ ടൂറിസ്റ്റുകളുടെ എണ്ണം 378 ശതമാനം തോതിലും വിനോദസഞ്ചാരികളുടെ ധനവിനിയോഗം 568 ശതമാനം തോതിലും വർധിച്ചു. കോവിഡ്-19 മഹാമാരിയുമായി ബന്ധപ്പെട്ട യാത്രാ നിയന്ത്രണങ്ങൾ എടുത്തുകളഞ്ഞതും സൗദിയിൽ ടൂറിസം പ്രൊമോഷന് നടത്തിയ ശ്രമങ്ങളും വിസാ നടപടികൾ എളുപ്പമാക്കിയതും ടൂറിസ്റ്റുകളുടെ എണ്ണവും വിദേശ വിനോദസഞ്ചാരികളുടെ ധനവിനിയോഗവും പലമടങ്ങ് വർധിക്കാൻ സഹായിച്ചു. കഴിഞ്ഞ കൊല്ലം ഡിസംബറിലാണ് ഏറ്റവുമധികം ടൂറിസ്റ്റുകൾ സൗദിയിലെത്തിയത്. ഡിസംബറിൽ 24 ലക്ഷം ടൂറിസ്റ്റുകൾ രാജ്യത്തെത്തി.
കഴിഞ്ഞ വർഷം മതപരമായ ആവശ്യങ്ങൾക്ക് എത്തിയ ടൂറിസ്റ്റുകൾ 4,000 കോടി റിയാലും ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദർശിക്കാൻ എത്തിയ വിനോദസഞ്ചാരികൾ 2,560 കോടി റിയാലും ബിസിനസ് ആവശ്യാർഥമെത്തിയ സഞ്ചാരികൾ 1,430 കോടി റിയാലും വിനോദ ആവശ്യങ്ങൾക്കും അവധിക്കാലം ചെലവഴിക്കാനുമെത്തിയ ടൂറിസ്റ്റുകൾ 1,420 കോടി റിയാലും മറ്റു ലക്ഷ്യങ്ങളോടെ എത്തിയ വിനോദസഞ്ചാരികൾ 400 കോടി റിയാലും സൗദിയിൽ ചെലവഴിച്ചു.
കഴിഞ്ഞ വർഷം ഏറ്റവുമധികം വിദേശ ടൂറിസ്റ്റുകൾ എത്തിയത് മക്കയിലാണ്. മക്കയിൽ 82 ലക്ഷം ടൂറിസ്റ്റുകൾ എത്തി. റിയാദിൽ 18 ലക്ഷവും ജിദ്ദയിൽ 12 ലക്ഷവും അൽകോബാറിൽ 12 ലക്ഷവും ദമാമിൽ 8,90,000 വും അൽഹസയിൽ 9,20,000 വും ടൂറിസ്റ്റുകൾ കഴിഞ്ഞ വർഷം എത്തിയതായും ടൂറിസം മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.