അൽ ജൗഫ് : കീഴടക്കാനെത്തിയവർക്ക് മുന്നിൽ ധീരതയോടെ തലയുയർത്തിനിന്ന ചരിത്രമാണ് സൗദിയുടെ വടക്കൻ നഗരമായ അൽജൗഫ് പ്രവിശ്യയിലെ ദൗമത്തുൽ ജന്ദലിലെ അൽമാരിദ് കോട്ടക്ക് പറയാനുള്ളത്. നഗരമധ്യത്തിൽനിന്നു 600 മീറ്റർ ഉയരത്തിലാണ് എ.ഡി ഒന്നും രണ്ടും നൂറ്റാണ്ടുകളിൽ റോമാസാമാജ്യത്തിന്റെ ഭാഗമായിരുന്ന രാജാക്കന്മാർ പണിതീർത്ത പുരാതന കോട്ട സ്ഥിതി ചെയ്യുന്നത്.
എ.ഡി 240 മുതൽ 274 വരെ പാൽമിറയിലെ രാജ്ഞിയായിരുന്ന സനോബിയ കോട്ട കീഴടക്കാനെത്തി സാധിക്കാതെ വന്നപ്പോൾ നടത്തിയ പരാമർശമാണ് ഇതിനെക്കുറിച്ചുള്ള ഏറ്റവും പുരാതന രേഖയായി കണക്കാക്കുന്നത്.
പ്രവാചകൻ മുഹമ്മദ് നബി തന്റെ പ്രസിദ്ധനായ പടയാളി ഖാലിദ് ബിൻ വലീദിനെ ദോമ കീഴടക്കാൻ നിയോഗിക്കുകയും അക്കാലത്തെ ദോമയിലെ രാജാവ് അകീദർ ഇബിൻ അബ്ദുൽ മലിക്കിനോട് ഏറ്റുമുട്ടുകയും ചെയ്തിരുന്നുവെങ്കിലും രണ്ടാം ഖലീഫ ഉമറിന്റെ ഭരണകാലത്താണ് മുസ്‌ലിംകൾ ദോമ കീഴടക്കുന്നത്. പെട്രയിലെ നബാത്തികൾ മുതൽ നൂറ്റാണ്ടുകൾ മാറിമറിഞ്ഞുവന്ന സാമ്രാജ്യങ്ങളുടെയെല്ലാം ചരിത്രവും സംസ്‌കാരവും നിർമാണ രീതികളുമെല്ലാം ആവാഹിച്ചെടുത്താണ് അൽ മാരിദ് കോട്ടയുടെ നാലു ടവറുകളും ദോമ നഗരത്തെ സംരക്ഷിക്കാനെന്നവണ്ണം തലയുയർത്തി നിൽക്കുന്നത്.
ഇരുനിലകളുള്ള കോട്ടയുടെ താഴത്തെ നില കല്ലുകൊണ്ടു നിർമിച്ചതും മുകളിലേത് കളിമണ്ണിൽ കെട്ടിയതുമാണ്. പാറാവുകാർക്കുള്ള മുറികളും അമ്പെയ്ത്തുകാർ നിലയുറപ്പിക്കുന്ന ടവറുകളിലെ പ്രത്യേകസ്ഥലങ്ങളുമൊക്കെ റോമൻ സാമ്രാജ്യത്തിന്റെയും നബാത്തികളുടെയും ചരിത്രത്തിലേക്കുള്ള ഏടുകൾ തുറക്കുമ്പോൾ കോട്ടക്കകത്തുള്ള ഉമർ ബിൻ ഖത്താബ് മസ്ജിദ് ഹിജ്‌റ വർഷം 17 ൽ മുസ്‌ലിംകൾ കീഴടക്കിയശേഷം പണിതീർത്തതാണ്. അറേബ്യൻ ഉപദീപിലെ തന്നെ പുരാതന മിനാരങ്ങളാണ് ഈ മസ്ജിദിന്റെ മിനാരങ്ങൾ.
ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി അൽ മാരിദ് കോട്ടയുമിപ്പോൾ വെളിച്ചത്തേക്ക് വരികയാണ്. നിരവധി കലാ-സാംസ്‌കാരിക പരിപാടികളാണ് ഇപ്പോഴിവിടെ നടന്നുവരുന്നത്. സൗദിയുടെ പടിഞ്ഞാറൻ പ്രവിശ്യയിലെ തബൂക്കിൽനിന്നു 430 കിലോമീറ്റർ കിഴക്കോട്ട് യാത്ര ചെയ്താൽ സകാക്ക നഗരത്തിനു മുമ്പായാണ് അൽ മാരിദ് കോട്ടയുള്ളത്. മറ്റു പ്രദേശങ്ങളിൽനിന്ന് യാത്ര ചെയ്യുന്നവർ ഹായിൽ നഗരത്തിനു വടക്ക് 230 കിലോമീറ്റർ സഞ്ചരിച്ചാൽ കോട്ട സന്ദർശിക്കാനാകും.