കുവൈത്ത് സിറ്റി : കുവൈത്തിൽ പ്രവർത്തിക്കുന്ന വൻകിട ബഹുരാഷ്ട്ര കുവൈത്തി കമ്പനികൾക്ക് 15 ശതമാനം തോതിൽ നികുതി ചുമത്തുന്നതിനെക്കുറിച്ച് കുവൈത്ത് പഠിക്കുന്നു. ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോ-ഓപറേഷൻ ആന്റ് ഡെവലപ്‌മെന്റ് നിയമങ്ങൾ പാലിക്കുന്നതിന്റെ ഭാഗമായാണ് ബഹുരാഷ്ട്ര കുവൈത്തി കമ്പനികൾക്ക് 15 ശതമാനം തോതിൽ നികുതി ചുമത്താൻ നീക്കം നടത്തുന്നത്. നികുതി വെട്ടിപ്പ് തടയാനും കുറഞ്ഞ നികുതി നിരക്കുള്ള രാജ്യങ്ങളിലേക്ക് പ്രവർത്തനം മാറ്റുന്നത് തടയാനും വൻകിട ബഹുരാഷ്ട്ര കമ്പനികൾക്ക് കുറഞ്ഞത് 15 ശതമാനം നികുതി ചുമത്താൻ ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോ-ഓപറേഷൻ ആന്റ് ഡെവലപ്‌മെന്റ് നിയമങ്ങൾ അനുശാസിക്കുന്നു.
കുവൈത്തിലെ കമ്പനികൾ നിലവിൽ നേരിട്ട് നികുതികൾ നൽകുന്നില്ല. സ്വദേശി ജീവനക്കാർക്കും കുവൈത്ത് ഫൗണ്ടേഷൻ ഫോർ ദി അഡ്വാൻസ്‌മെന്റ് ഓഫ് സയൻസിനും പിന്തുണ നൽകുന്നതിന് ലാഭത്തിന്റെ ഒരു വിഹിതം അടയ്ക്കാൻ കമ്പനികൾ ബാധ്യസ്ഥമാണ്. കൂടാതെ സമ്പത്തിനുള്ള സക്കാത്ത് എന്നോണം നിശ്ചിത വിഹിതവും കമ്പനികൾ അടയ്ക്കണം. ഈ രണ്ട് ഇനത്തിലും കൂടി കുവൈത്ത് കമ്പനികൾ അടയ്‌ക്കേണ്ട ലാഭത്തിന്റെ അനുപാതം നാലര ശതമാനം കവിയില്ല. ഇതേസമയം, 2008 ൽ വരുത്തിയ നിയമ ഭേദഗതി പ്രകാരം കുവൈത്തിൽ പ്രവർത്തിക്കുന്ന വിദേശ കമ്പനികൾ 15 ശതമാനം നികുതി അടയ്ക്കണം. നേരത്തെ കുവൈത്തിൽ വിദേശ കമ്പനികൾക്ക് 55 ശതമാനം നികുതി ബാധകമായിരുന്നു. 2008 ൽ വരുത്തിയ ഭേദഗതിയിലൂടെ ഇത് 15 ശതമാനമായി കുറക്കുകയായിരുന്നു.
വൻകിട ബഹുരാഷ്ട്ര കുവൈത്തി കമ്പനികൾക്കും ഇതേ നികുതി ബാധകമാക്കുന്നതിനെ കുറിച്ച് പഠിക്കുന്നതായി ഒക്‌ടോബർ 30 ന് പാർലമെന്റിൽ ഉയർന്ന ചോദ്യത്തിന് മറുപടിയായി കുവൈത്ത് ധനമന്ത്രാലയം വ്യക്തമാക്കി.
വിദേശങ്ങളിൽ നികുതി അടയ്ക്കുന്നതിനു പകരം ബഹുരാഷ്ട്ര കുവൈത്തി കമ്പനികളിൽ നിന്ന് കുവൈത്ത് ഖജനാവിലേക്ക് നികുതി ഈടാക്കുന്ന നിലക്ക് പ്രാദേശിക നികുതി നിയമം നടപ്പാക്കുന്നതിനെ കുറിച്ചും പഠിക്കുന്നുണ്ട്. ഇത്തരമൊരു നിയമ നിർമാണം നടത്താൻ പാർലമെന്റിന്റെ അംഗീകാരം ആവശ്യമാണ്. പരിഗണനയിലുള്ള ഓപ്ഷനുകളിൽ നിന്ന് ഏറ്റവും മികച്ച സമ്പ്രദായം തെരഞ്ഞെടുത്ത് നടപ്പാക്കാനാണ് നീക്കം. ഏതു സാഹചര്യത്തിലായാലും 15 ശതമാനത്തിൽ കൂടുതൽ നികുതി വൻകിട ബഹുരാഷ്ട്ര കുവൈത്തി കമ്പനികളിൽ നിന്ന് ഈടാക്കില്ല. ഇത്തരമൊരു നികുതി നടപ്പാക്കാൻ കുവൈത്തിനു മേൽ അന്താരാഷ്ട്ര സമ്മർദമില്ലെന്നും കുവൈത്ത് ധനമന്ത്രാലയം പറഞ്ഞു.