അബുദാബി : യു.എ.ഇയുടെ വിവിധ ഭാഗങ്ങളില്‍ ദേശീയ കാലാവസ്ഥാ കേന്ദ്രം ഇന്ന് മഴ ജാഗ്രതാ നിര്‍ദേശം നല്‍കി. തീരപ്രദേശങ്ങളിലും ഉള്‍പ്രദേശങ്ങളിലും മഞ്ഞ, ഓറഞ്ച് അലര്‍ട്ടുകള്‍ നല്‍കിയിട്ടുണ്ട്. അതോറിറ്റി പങ്കിട്ട മാപ് അനുസരിച്ച്, അബുദാബി, ദുബായ്, ഷാര്‍ജ, മറ്റ് എമിറേറ്റുകള്‍ എന്നിവയുടെ ചില ഭാഗങ്ങളില്‍ ജാഗ്രതാ നിര്‍ദേശമുണ്ട്. രാത്രി 8.30 വരെ ഇത് നിലവിലുണ്ട്. മഴയത്ത് വാഹനമോടിക്കുമ്പോള്‍ ജാഗ്രത പാലിക്കണമെന്നും റോഡിലെ ഇലക്‌ട്രോണിക് ബോര്‍ഡുകളില്‍ കാണുന്ന വേഗപരിധി പാലിക്കുന്നതില്‍ ശ്രദ്ധ ചെലുത്തണമെന്നും അബുദാബി പോലീസ് എക്‌സ്‌പോസ്റ്റില്‍ അറിയിച്ചു.
മോശം കാലാവസ്ഥയില്‍ അമിതവേഗം ഒഴിവാക്കാനും ട്രാഫിക് നിയമങ്ങള്‍ പാലിക്കാനും ഷാര്‍ജ പോലീസ് ഡ്രൈവര്‍മാരോട് അഭ്യര്‍ത്ഥിച്ചു. അപകടകരമായ സാഹചര്യങ്ങളില്‍ താമസക്കാര്‍ പുറത്തിറങ്ങുന്നത് ഒഴിവാക്കുകയും കാലാവസ്ഥ മെച്ചപ്പെടുന്നതുവരെ കാത്തിരിക്കുകയും വേണം. ഒഴിവാക്കാനാവാത്ത സാഹചര്യത്തില്‍ പുറത്തിറങ്ങുകയാണെങ്കില്‍, വാഹനങ്ങള്‍ തമ്മില്‍ സുരക്ഷിതമായ അകലം പാലിച്ച് ഓടിക്കണം. വാഹനമോടിക്കുമ്പോള്‍, നല്ല ദൃശ്യപരത ഉറപ്പാക്കണമെന്നും നിര്‍ദേശിച്ചു.