ജിദ്ദ : ബഹ്‌റൈനും മദീനക്കുമിടയിൽ വൈകാതെ പുതിയ വിമാന സർവീസുകൾ ആരംഭിക്കുമെന്ന് സൗദി ഹജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അൽറബീഅ പറഞ്ഞു. ബഹ്‌റൈനും ജിദ്ദക്കുമിടയിൽ ഫ്‌ളൈ നാസ് ബജറ്റ് സർവീസുകളും വൈകാതെ ആരംഭിക്കും. വിശുദ്ധ ഹറമും മസ്ജിദുന്നബിവിയും സൗദിയിലെ ചരിത്ര, സാംസ്‌കാരിക കേന്ദ്രങ്ങളും സന്ദർശിക്കാൻ ആഗ്രഹിക്കുന്നവരെ സൗദി അറേബ്യ സ്വാഗതം ചെയ്യുകയാണ്. സമീപ കാലത്ത് സൗദി അറേബ്യ ആരംഭിച്ച സവിശേഷ പദ്ധതികൾ ഉംറ, സിയാറത്ത് നടപടിക്രമങ്ങൾ എളുപ്പമാക്കിതായും ഹജ്, ഉംറ മന്ത്രി പറഞ്ഞു.
രണ്ടു ദിവസം നീണ്ട ബഹ്‌റൈൻ സന്ദർശനം പൂർത്തിയാക്കി ഹജ്, ഉംറ മന്ത്രി ഇന്നലെ മടങ്ങി. ബഹ്‌റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽഖലീഫ രാജകുമാരൻ, ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ അബ്ദുല്ല അൽഖലീഫ, ആഭ്യന്തര മന്ത്രി ജനറൽ ശൈഖ് റാശിദ് ബിൻ അബ്ദുല്ല അൽഖലീഫ, നീതിന്യായ, ഇസ്‌ലാമിക, ഔഖാഫ്കാര്യ മന്ത്രി നവാഫ് ബിൻ മുഹമ്മദ് അൽമുആവിദ എന്നിവരുമായും ഹജ്, ഉംറ മേഖലയുമായി ബന്ധപ്പെട്ട മുതിർന്ന ഉദ്യോഗസ്ഥരുമായും സ്ഥാപന മേധാവികളുമായും ഡോ. തൗഫീഖ് അൽറബീഅ കൂടിക്കാഴ്ചകളും ചർച്ചകളും നടത്തി.
ബഹ്‌റൈനിൽ കഴിയുന്ന വിദേശികൾക്ക് ഇ-വിസ നേടാനും നുസുക് പ്ലാറ്റ്‌ഫോം വഴി ഉംറ വിസ നേടാനും സാധിക്കും. ഒരു വർഷ കാലാവധിയുള്ള മൾട്ടിപ്പിൾ എൻട്രി വിസയിൽ പലതവണ സൗദിയിൽ വന്നുപോകാൻ സാധിക്കും. ഈ വിസയിൽ പരമാവധി 90 ദിവസം വരെ സൗദിയിൽ തങ്ങാൻ കഴിയുമെന്ന് ഹജ്, ഉംറ മന്ത്രി പറഞ്ഞു. തീർഥാടകർക്ക് നൽകുന്ന സേവനങ്ങളുടെ നിലവാരം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ട് സമീപ കാലത്ത് നടപ്പാക്കിയ പദ്ധതികളെ കുറിച്ച് ബഹ്‌റൈൻ നേതാക്കളുമായും അധികൃതരുമായും നടത്തിയ കൂടിക്കാഴ്ചകളിൽ ഹജ്, ഉംറ മന്ത്രി വിശദീകരിച്ചു.
ബഹ്‌റൈൻ സന്ദർശനത്തിനിടെ നുസുക് പ്ലാറ്റ്‌ഫോം ഫോറം മന്ത്രി ഉദ്ഘാടനം ചെയ്തു. ബഹ്‌റൈനിൽ ആദ്യമായാണ് നുസുക് പ്ലാറ്റ്‌ഫോം ഫോറം സംഘടിപ്പിക്കുന്നത്. ബഹ്‌റൈൻ നീതിന്യായ, ഇസ്‌ലാമിക, ഔഖാഫ്കാര്യ മന്ത്രിയും വ്യവസായ, വാണിജ്യ മന്ത്രി അബ്ദുല്ല ബിൻ ആദിൽ ഫഖ്‌റുവും ചടങ്ങിൽ സംബന്ധിച്ചു. ഉംറ തീർഥാടകർക്കും സന്ദർശകർക്കും നുസുക് പ്ലാറ്റ്‌ഫോം നൽകുന്ന സേവനങ്ങളെ കുറിച്ച് ബഹ്‌റൈനിലെ പങ്കാളികളെ പരിചയപ്പെടുത്താൻ ലക്ഷ്യമിട്ടാണ് ഫോറം സംഘടിപ്പിച്ചത്. ബഹ്‌റൈനിൽ നിന്നുള്ള തീർഥാടകർക്കും സന്ദർശകർക്കും ഏറ്റവും മികച്ച സേവനങ്ങൾ നൽകുന്നതിന് സൗദി, ബഹ്‌റൈൻ കമ്പനികൾ തമ്മിൽ സഹകരണം ശക്തമാക്കാൻ ലക്ഷ്യമിട്ട് ഇരു രാജ്യങ്ങളിലും ഉംറ സേവന മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന 250 ലേറെ സ്വകാര്യ കമ്പനികൾ ഫോറത്തിൽ പങ്കെടുത്തു.
ബഹ്‌റൈനിൽ നിന്ന് കൂടുതൽ ഉംറ തീർഥാടകരെ ആകർഷിക്കാനും, തീർഥാടകർക്ക് നൽകുന്ന സേവന നിലവാരം മെച്ചപ്പെടുത്തിയതിനെയും വിസാ നടപടികൾ എളുപ്പമാക്കിയതിനെയും കുറിച്ച് പരിചയപ്പെടുത്താനും ലക്ഷ്യമിട്ടാണ് ഹജ്, ഉംറ മന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം ബഹ്‌റൈൻ സന്ദർശിച്ചത്. ഇതേ ലക്ഷ്യത്തോടെ നേരത്തെ പാക്കിസ്ഥാൻ, ബംഗ്ലാദേശ്, തുർക്കി, മൊറോക്കൊ, തുനീഷ്യ അടക്കമുള്ള രാജ്യങ്ങൾ ഹജ്, ഉംറ മന്ത്രിയുടെ നേതൃത്വത്തിൽ സന്ദർശിച്ചിരുന്നു.