ബുറൈദ : അറേബ്യൻ ഉപദ്വീപിലെ ഏറ്റവും പ്രമുഖ നദീതടമായ വാദി അൽറുമ്മ ഒരിക്കൽ കൂടി മണൽ പരപ്പിലൂടെ ഒഴുകി. ശൈഖുൽ വാദിയെന്ന് അറബികൾ വിളിക്കുന്ന വാദി അൽറുമ്മയിൽ വെളളം നിറഞ്ഞൊഴുകുന്നത് ആസ്വദിക്കാൻ പ്രദേശവാസികളും അയൽപക്കത്തുള്ളവരും തടിച്ചുകൂടി. കഴിഞ്ഞ ദിവസം മദീന, ഖസീം ഏരിയയിലുണ്ടായ മഴയെ തുടർന്നാണ് ഈ നദീതടം നിറഞ്ഞൊഴുകിയത്.
മദീനയിൽ നിന്ന് കുവൈത്ത് വഴി പേർഷ്യൻ ഉൾക്കടലിൽ ചേർന്നിരുന്ന ഈ നദിയുടെ മിക്ക ഭാഗങ്ങളും മണൽകുന്നുകളാൽ അടഞ്ഞുകിടക്കുകയാണ്. മദീനയുടെ കിഴക്ക് ഭാഗങ്ങളിലെ മലകളിൽ നിന്നാണ് ഇതിന്റെ ഉത്ഭവം. 1000 കിലോമീറ്ററാണ് നീളം. ഇതിൽ നിന്ന് 600 ഓളം പോഷക നദികൾ ഉദ്ഭവിക്കുന്നുണ്ട്.
മേഖലയിൽ ശക്തമായ മഴ ലഭിച്ചാൽ മാത്രമേ ഇതിൽ ഒഴുക്കുണ്ടാവുകയുള്ളൂ. ഇപ്പോൾ ഉഖ്‌ലതുസ്സുഖൂർ വഴി അൽഖസീം പ്രവിശ്യയുടെ പടിഞ്ഞാർ ഭാഗത്തേക്ക് പ്രവേശിച്ച് വിവിധ കേന്ദ്രങ്ങളിലൂടെയാണിത് ഒഴുകുന്നത്. മരുഭൂമിയിലൂടെ പരന്നൊഴുകുന്ന ദൃശ്യമാണ് എല്ലാവരെയും ആകർഷിച്ചത്.