റിയാദ് : ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള ഇഹ്‌സാൻ പ്ലാറ്റോഫോം വഴി ഇതുവരെ 467,44,48,967 റിയാൽ സംഭാവനകളായി ലഭിച്ചതായി പ്ലാറ്റ്‌ഫോം അറിയിച്ചു. ഇതുവരെ ആകെ 49,08,675 പേർക്ക് സംഭാവനകൾ പ്രയോജനപ്പെട്ടു. ആകെ 8,87,77,241 സംഭാവന നൽകൽ പ്രക്രിയകളാണ് പ്ലാറ്റ്‌ഫോമിൽ നടന്നത്.
ധനസഹായത്തിനുള്ള വ്യക്തികളുടെ അപേക്ഷകൾ പ്ലാറ്റ്‌ഫോം നേരിട്ട് സ്വീകരിക്കില്ല. ഔദ്യോഗിക വകുപ്പുകളുമായും സന്നദ്ധ സംഘടനകളുമായും സഹകരിച്ചാണ് പ്ലാറ്റ്‌ഫോം ധനസഹായ വിതരണം നടത്തുന്നത്. ധനസഹായം ആവശ്യമുള്ളവരെ ഗുണഭോക്താക്കളുടെ പട്ടികയിൽ ഉൾപ്പെടുത്താൻ ആഗ്രഹിക്കുന്ന പക്ഷം സന്നദ്ധ സംഘടനകളുമായോ ബന്ധപ്പെട്ട ഔദ്യോഗിക വകുപ്പുകളുമായോ ആശയവിനിമയം നടത്തുകയാണ് വേണ്ടത്.
പ്ലാറ്റ്‌ഫോം വഴി ലഭിക്കുന്ന സംഭാവനകളിൽ 99 ശതമാനവും സൗദി അറേബ്യക്കകത്താണ് ചെലവഴിക്കുന്നത്. ഒരു ശതമാനം സംഭാവനകൾ കിംഗ് സൽമാൻ ഹ്യുമാനിറ്റേറിയൻ ആന്റ് റിലീഫ് സെന്ററുമായി സഹകരിച്ച് വിദേശങ്ങളിൽ ചെലവഴിക്കുന്നു. സംഭാവന നൽകാൻ ആഗ്രഹിക്കുന്ന കേസുകളുടെ വിശദാംശങ്ങൾ ഉദാരമതികൾക്ക് പരിശോധിക്കാൻ പ്ലാറ്റ്‌ഫോം അവസരമൊരുക്കുന്നു. ബന്ധപ്പെട്ട സർക്കാർ വകുപ്പുകളുടെ മേൽനോട്ടത്തിലാണ് സഹായങ്ങൾക്ക് അർഹമായ കേസുകൾ തെരഞ്ഞെടുക്കുന്നത്. സംഭാവനകളുടെ മാനേജ്‌മെന്റ്, സുസ്ഥിരത എന്നിവക്ക് സഹായിക്കുന്ന ഒരു സംയോജിത സാങ്കേതിക പോർട്ടൽ എന്നോണമാണ് ഇഹ്‌സാൻ പ്ലാറ്റ്‌ഫോം ആരംഭിച്ചിരിക്കുന്നത്. ഇഹ്‌സാൻ പ്ലാറ്റ്‌ഫോമിലൂടെ സംഭാവനകൾ അർഹരായവരിൽ എളുപ്പത്തിലും വേഗത്തിലും എത്തുന്നു.
സൗദി അതോറിറ്റി ഫോർ ഡാറ്റ ആന്റ് ആർട്ടിഫിഷ്യൽ ഇന്റലിജൻസിനു പുറമെ, ആഭ്യന്തര മന്ത്രാലയം, ധനമന്ത്രാലയം, ആരോഗ്യ മന്ത്രാലയം, സൗദി സെൻട്രൽ ബാങ്ക്, വിദ്യാഭ്യാസ മന്ത്രാലയം, മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം, നീതിന്യായ മന്ത്രാലയം, മുനിസിപ്പൽ, ഗ്രാമ, പാർപ്പിടകാര്യ മന്ത്രാലയം, ദേശീയ സുരക്ഷാ ഏജൻസി, ഡിജിറ്റൽ ഗവൺമെന്റ് അതോറിറ്റി എന്നിവ ഉൾപ്പെട്ട കമ്മിറ്റിയാണ് ഇഹ്‌സാൻ പ്ലാറ്റ്‌ഫോമിന്റെ പ്രവർത്തനങ്ങൾക്ക് നേൽനോട്ടം വഹിക്കുന്നത്.