ജിദ്ദ : സൗദിയില്‍ ജോലി ചെയ്യുന്ന പ്രവാസികളും അവരുടെ ആശ്രിതരും ഡിജിറ്റല്‍ ഇഖാമ മൊബൈലിലേക്ക് ഡൗണ്‍ലോഡ് ചെയ്യുന്നത് നന്നായിരിക്കും. ദൗര്‍ഭാഗ്യവശാല്‍ ഇഖാമ കൈയില്‍ ഇല്ലാത്ത സമയത്ത് വന്‍തുകയുടെ പിഴ ഒഴിവാക്കാന്‍ ഇത് സഹായകമാകും.
അബ്ശിറില്‍നിന്നും ഇപ്പോള്‍ കൂടുതല്‍ സേവനങ്ങള്‍ ഉള്‍പ്പെടുത്തി ദേശീയ ആപ്പായി പരിഷ്‌കരിച്ചിരിക്കുന്ന തവക്കല്‍നാ ആപ്പില്‍നിന്നും ഡിജിറ്റല്‍ ഇഖാമ ഡൗണ്‍ലോഡ് ചെയ്യാം.
ഏതെങ്കിലും കാരണവശാല്‍ ഇഖാമ പേഴ്‌സില്‍ കരുതിയിട്ടില്ലെങ്കില്‍ പരിശോധിക്കുന്ന ഉദ്യോഗസ്ഥര്‍ മുമ്പാകെ ഡിജിറ്റല്‍ ഐഡി കാണിക്കാം. ഇഖാമ ഇല്ലാത്തതിനുള്ള പിഴശിക്ഷയില്‍നിന്ന് ഇതുവഴി രക്ഷപ്പെടാം. സൗദിയിലെ എല്ലാ പ്രവിശ്യകളിലും ഇടക്കിടെ പരിശോധന നടക്കാറുണ്ടന്ന കാര്യം വിസ്മരിക്കരുത്.
അബ്ശറില്‍നിന്ന് ഡിജിറ്റല്‍ ഇഖാമ ഡൗണ്‍ലോഡ് ചെയ്യാന്‍ ലോഗിന്‍ ചെയ്ത ശേഷം മുകളില്‍ വലതുഭാഗത്തുള്ള ത്രീ ഡോട്‌സില്‍ ക്ലിക്ക് ചെയ്ത് ഡാഷ് ബോര്‍ഡിലെത്താം. ഡിജിറ്റല്‍ ഡോക്യുമെന്റ്‌സില്‍ വ്യൂ ഡോക്യുമെന്റ്‌സ് ക്ലിക്ക് ചെയ്താല്‍ ഡിജിറ്റല്‍ ഇഖാമ കാണാം. തുടര്‍ന്ന് മൊബൈലിലേക്ക് ഡൗണ്‍ലോഡ് ചെയ്യാനുള്ള ഓപ്ഷന്‍ ലഭിക്കും.
വ്യൂ ഡോക്യുമെന്റില്‍ ആശ്രിതരായ കുടുംബാംഗങ്ങളുടെ ഡിജിറ്റല്‍ ഇഖാമയും കാണാം. ഇവയും ഡൗണ്‍ലേഡ് ചെയ്യാം.
തവക്കല്‍നാ ആപ്പില്‍നിന്നും ഡിജിറ്റല്‍ ഇഖാമ കരസ്ഥമാക്കാം. തവക്കല്‍നാ ആപ്പ് ഗൂഗിള്‍ പ്ലേസ്റ്റോറില്‍നിന്നും ആപ്പ് സ്റ്റോറില്‍നിന്നും ഡൗണ്‍ലോഡ് ചെയ്യാം. അബ്ശിര്‍ ഐ.ഡിയും പാസ് വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്ത ശേഷം ഡിജിറ്റല്‍ ഡോക്യുമെന്റില്‍ ക്ലിക്ക് ചെയ്യാം. തുടര്‍ന്ന് ഇഖാമ ഐഡിയില്‍ ക്ലിക്ക് ചെയ്യാം. ആശ്രിതരുടെ ഡിജിറ്റല്‍ ഇഖാമ കാണാന്‍ ഫാമിലി മെംബേര്‍സില്‍ ക്ലിക്ക് ചെയ്യാം.
അബ്ശിര്‍ ഇന്‍ഡിവിജ്വല്‍ ആപ്പില്‍നിന്നും ഡിജിറ്റല്‍ ഇഖാമ ഡൗണ്‍ലോഡ് ചെയ്യാം. ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ലഭ്യമാണ്.
ആപ്പില്‍ അബ്ശിര്‍ യൂസര്‍നെയിമും പാസ്‌വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്യാം. തുടര്‍ന്ന് മൈ സര്‍വീസസില്‍ ക്ലിക്ക് ചെയ്യാം. പിന്നാലെ ഡിജിറ്റല്‍ കാര്‍ഡ്‌സ് സെലക്ട് ചെയ്യണം. ആക്ടീവ് ഡിജിറ്റല്‍ കാര്‍ഡില്‍ പ്രവേശിച്ച ശേഷം റെസിഡന്റ് ഐ.ഡി സെലക്ട് ചെയ്യണം.