ജിദ്ദ – ലോക രാജ്യങ്ങളിൽ നിന്നെത്തുന്ന വിനോദസഞ്ചാരികളെ സ്വീകരിച്ച് ഏറ്റവും മികച്ച സേവനങ്ങൾ നൽകാൻ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഓൺഅറൈവൽ ടൂറിസ്റ്റ് വിസ ലോഞ്ച് ഉദ്ഘാടനം ചെയ്തു. ജിദ്ദ എയർപോർട്ട്‌സ് കമ്പനിയും ജവാസാത്ത് ഡയറക്ടറേറ്റും സഹകരിച്ചാണ് ഓൺഅറൈവൽ വിസ ലോഞ്ച് സജ്ജീകരിച്ചിരിക്കുന്നത്. ഓൺഅറൈവൽ വിസ സേവനം പ്രയോജനപ്പെടുത്തി സൗദിയിലെത്തുന്ന ടൂറിസ്റ്റുകളുടെ വിസാ നടപടിക്രമങ്ങൾ എളുപ്പമാക്കാനും മികച്ച സേവനങ്ങൾ നൽകാനുമാണ് ഓൺഅറൈവൽ ടൂറിസ്റ്റ് വിസാ ലോഞ്ച് ഏരിയ ഉദ്ഘാടനം ചെയ്തതിലൂടെ ലക്ഷ്യമിടുന്നത്.
സൗദി ജവാസാത്ത് മേധാവി ജനറൽ സുലൈമാൻ അൽയഹ്‌യ, ജിദ്ദ എയർപോർട്ട്‌സ് കമ്പനി ഡയറക്ടർ ബോർഡ് ചെയർമാൻ എൻജിനീയർ റാഇദ് അൽമുദൈഹിം, സി.ഇ.ഒ എൻജിനീയർ അയ്മൻ അബൂഅബാ എന്നിവർ ചേർന്ന് ഓൺഅറൈവൽ വിസാ ലോഞ്ച് ഉദ്ഘാടനം ചെയ്തു.
സൗദിയിലേക്ക് വരുന്നവർക്ക് ഏറ്റവും മികച്ച സേവനങ്ങൾ നൽകാനും സൗദിയിലെത്തുന്നതു മുതൽ രാജ്യം വിടുന്നതു വരെയുള്ള സമയത്ത് സവിശേഷ അനുഭവം സമ്മാനിക്കാനും ജവാസാത്ത് ഡയറക്ടറേറ്റ് അതിയായി ആഗ്രഹിക്കുന്നതായി ജനറൽ സുലൈമാൻ അൽയഹ്‌യ പറഞ്ഞു. വിദേശ ടൂറിസ്റ്റുകളുടെ അനുഭവം മെച്ചപ്പെടുത്താനും വിസാ നടപടിക്രമങ്ങൾ പൂർത്തിയാക്കാനെടുക്കുന്ന സമയം കുറക്കാനും പുതിയ ലോഞ്ച് സഹായിക്കുന്നു. വിദേശ വിനോദസഞ്ചാരികളെ സ്വീകരിക്കുന്ന കൗണ്ടറുകളുടെ എണ്ണം വർധിപ്പിച്ചതും ശേഷി ഉയർത്തിയതും ഓൺഅറൈവൽ ടൂറിസ്റ്റ് വിസ ലോഞ്ചിന്റെ സവിശേഷതകളാണ്. സൗദിയിൽ ഇപ്പോൾ 63 രാജ്യക്കാർക്ക് ഇ-വിസയും ഓൺഅറൈവൽ വിസയും അനുവദിക്കുന്നുണ്ട്. തുർക്കി, തായ്‌ലന്റ്, മൗറീഷ്യസ്, പനാമ, സീഷൽസ്, സെന്റ് കിറ്റ്‌സ് ആന്റ് നെവിസ് എന്നീ രാജ്യക്കാർക്ക് രണ്ടാഴ്ച മുമ്പു മുതൽ ഇ-വിസയും ഓൺഅറൈവൽ വിസയും അനുവദിക്കാൻ തുടങ്ങിയതോടെയാണിത്. സൗദി അറേബ്യ സന്ദർശിക്കാൻ ആഗ്രഹിക്കുന്ന ഈ രാജ്യക്കാർക്ക് ഓൺലൈൻ ആയി അപേക്ഷിച്ച് എളുപ്പത്തിൽ വിസ നേടാനും സൗദിയിലെ അന്താരാഷ്ട്ര അതിർത്തി പ്രവേശന കവാടങ്ങളിൽ എത്തുന്ന മുറക്ക് വിസ നേടാനും സാധിക്കും.